ഉത്സവപ്പിറ്റേന്ന്
*****************

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വാപ്പിച്ചിയുടെ ഒരു പഴയ കാല സുഹൃത്തിൻറെ മകളുടെ കല്യാണം. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ കൂടിയായിരുന്നു… വാപ്പയും ഉമ്മയും രണ്ട് പെൺമക്കളും അടങ്ങിയ ചെറിയോരു കുടുംബം. ചെറിയ തോതിൽ ഉളള വരുമാനം കൊണ്ട് അദ്ദേഹം ആ കുടുംബത്തെ മുന്നോട്ട് നയിച്ചു. രണ്ടു മക്കൾക്കും ഭേദപ്പെട്ട രീതിയിൽ വിദ്യഭ്യാസം നൽകി. ആയിടയ്ക്കാണ് അദ്ദേഹത്തിനു ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പടുകയും മേജർ സർജറിക്കു വിധേയമാക്കുകയും ചെയ്തത്. പിന്നീട് മൂത്ത പെൺകുട്ടിയുടെ വരുമാനത്തിൽ (ഒരു പ്രെവറ്റ് കമ്പനിയിൽ അസി. അക്കൗണ്ടൻറ് ആണ്) ആ കുടുംബം മുന്നോട്ട് പോയത്. അവളുടെ കല്യാണമാണ്. ആ വാടക വീട്ടിലെ വരുമാനമാണ് ഇരുളടയുവാൻ പോകുന്നത്.

എങ്കിലും പ്രായപൂർത്തിയായ വിവാഹപ്രായമെത്തിയ പെണ്ണിനെ ഏതു പ്രത്യയ ശാസ്ത്രത്തിൻറെ പേരിലാണ് വീട്ടിൽ നിർത്തുക?? അതു മാതാപിതാക്കളുടെ കടമയാണെന്നിരിക്കെ! ഇവിടെ മറ്റൊരു ഫാക്ട് ഉളളത് ഇതൊരു പ്രണയ വിവാഹമാണെന്നുളളതാണ്.

ജോലിക്കു പോകും വഴി കണ്ട് അടുപ്പമായി വിവാഹത്തിലേക്കെത്തിയതാണ്.   പയ്യൻറെ വീട്ടുകാരാണെങ്കിൽ സാമ്പത്തികമായി വളരെ വലിയ നിലയിലും. ചെറുക്കൻ അവൻറെ വീട്ടുകാരിൽ സമ്മർദം ചെലുത്തി സമ്മതിപ്പിച്ചു. പെണ്ണു വീട്ടുകാരോട് അവർ ഇതു പറയുമ്പോൾ അവളുടെ മാതാപിതാക്കൾക്ക് ആധിയും അങ്കലാപ്പുമാണ് ഉണ്ടായത്. എങ്കിലും തങ്ങളുടെ മകൾക്ക് നല്ലൊരു ജീവിതം കിട്ടുമല്ലോ എന്നാ ആശ്വാസം മറു വശത്തും. അവളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ അറിയാം ഈ വിവാഹം എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന്. സ്തീധനം എത്രയെന്നൊന്നും അവർ പറഞ്ഞില്ല. എന്നാൽ വേണ്ടെന്ന് തീർത്ത് പറഞ്ഞില്ല. ഒടുവിൽ കടവും  മറ്റ് ലോണുകളും അടുത്ത ബന്ധുക്കളുടേയുമൊക്കെ സഹായത്താൽ മോശമല്ലാത്ത രീതിയിൽ പെണ്ണിനെ ഇറക്കുവാൻ തീരുമാനിച്ചു ഉറപ്പിച്ചു.

പോകുന്ന വഴിയിൽ ഡ്രൈവിങ്ങിനിടയിൽ നിന്നുമാണ് വാപ്പിച്ചിയിൽ നിന്നും അത്രയും മനസിലാക്കിയത്. “അല്ല വാപ്പിച്ചി നമ്മുടെ പളളിയുടെ ഹാൾ ഉണ്ടായിരിക്കെ എന്തിനാണവർ ഇത്രയും വലിയൊരു ഹാൾ എടുത്തത്.”   നേരത്തെ ഞങ്ങളുടെ കോളേജിൻറെ ഒരാവശ്യത്തിന് ബുക്ക് ചെയ്യുവാൻ പോയപ്പോൾ അരലക്ഷത്തിൽ താഴെ ഒരു സംഖ്യയാണ് അവർ പറഞ്ഞത്. “മോളെ ചെറുക്കൻറെ ഫാമിലി വലിയ നിലയിൽ ഉളളവരല്ലെ. അവരൊക്കെ എത്തുമ്പോൾ അതിനുളള സൗകര്യം കൂടി കണക്കിലെടുത്താവും അവിടെ വെച്ചത്. സൗമ്യമായിരുന്നു വാപ്പിച്ചിയുടെ മറുപടി. എങ്കിലും അതുൾകൊളളുവാൻ പെട്ടന്ന് കഴിഞ്ഞില്ല.

കാർ കല്യാണ ഹാളിൻറെ വലിയ ഗേറ്റ് കടന്ന് അകത്തെത്തി. വാപ്പി പറഞ്ഞത് ശരിയാണ് പാർക്കിങ്ങ് ഏരിയ മുഴുവനും ന്യൂ ജനറേഷൻ കാറുകളാൽ സമ്പന്നം. ഒരു വിധത്തിൽ കിട്ടിയ ഗ്യാപ്പിൽ വണ്ടി പാർക്ക് ചെയത് ഹാളിൻറെ പടികൾ താണ്ടി.

പടികൾ കടന്ന ഞങ്ങളെ ആദ്യം വരവേറ്റത് ഷാമിയാന വിതാനിച്ച മനോഹരമായൊരു വേദിയായിരുന്നു. മൂന്നു തരത്തിൽ വെൽക്കം ഡ്രിംങ്ക്സ്. എെസ് ക്രീം പാർലർ വേറെ. അതു കഴിഞ്ഞാണ് വിശാലമായ കല്യാണ വേദി. പലതരത്തിലുളള ഭക്ഷണ വിഭവങ്ങൾ .. വെജിറ്റബിൾ എെറ്റം കൊണ്ടു പല വിധ പക്ഷിമൃഗാധി രൂപങ്ങൾ. ബഹു വർണ്ണങ്ങളിൽ ബലൂണും തോരണങ്ങളും സ്റ്റേജ് ഡെക്കറേഷൻ ഇതിനെയെല്ലാം കടത്തി വെട്ടുന്നു.ഒറ്റ നോട്ടത്തിൽ അറിയാം വലിയൊരു ഇവൻമാനേജ്മെൻറ് ഗ്രൂപ്പ് ഒരുക്കിയതാണ് ഇതെല്ലാമെന്ന്. ഇത് തന്നെയോ വാപ്പിച്ചി പറഞ്ഞ ആ സാധു കുടുംബം.?  കൂട്ടത്തിൽ പലരിൽ നിന്നും മുറുമുറുപ്പും അടക്കി പിടിച്ച സംസാരവും കേൾക്കാം.  മുന്നിലേക്ക് നീട്ടി പിടിച്ച പ്ലേറ്റിൽ കിട്ടിയ ഭക്ഷണവും കഴിച്ച് തിരിച്ചിറങ്ങുവാൻ തുടങ്ങി.”മോളു വണ്ടിയിലേക്കിരുന്നോളു വാപ്പി ഇതാ വരുന്നു”. പടികൾ ഇറങ്ങുമ്പോൾ കാതുകളിൽ DJ  ആരവം പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.

മടക്കയാത്രയിൽ ഞാൻ തികച്ചും മൗനിയായിരുന്നു. അത് മനസിലാക്കിയാകണം വാപ്പി ഒറ്റ വാക്കിൽ പറഞ്ഞത്. ഇതൊക്കെയാണ് ഇപ്പോഴത്തെ മാമൂലുകൾ എന്ന്. കോടികണക്കിന് പണം ചിലവഴിച്ചു നടത്തുന്ന കല്യാണങ്ങൾ വെച്ചു നോക്കുമ്പോൾ ഇതൊക്കെ നിസാരമെന്ന് പോലും.

എൻറെ പ്രിയ സഹോദരങ്ങളോടും കൂട്ടുകാരോടും….!

ഒരൊറ്റ ദിവസത്തെ ചെറിയൊരു ചടങ്ങ് കൊണ്ട് തീർന്നിരുന്ന കല്യാണങ്ങൾ ഒരായുഷ്കാലം മുഴുവൻ  അധ്വാനിച്ചാലും തീരാത്ത കടം ഉണ്ടാക്കുന്ന മാമൂലുകളുടെ യും കോപ്രായങ്ങളുടെയും കളിയരങ്ങായി ഇന്ന് മാറിയിരിക്കുന്നു. പണമുള്ളവന് ഉണ്ടാകുന്ന ആചാരങ്ങൾ , മാമൂലുകൾ അത് ഏറ്റു പിടിക്കാൻ നിർബന്ധിതനാകുന്ന ഇടത്തരക്കാരനും പാവപ്പെട്ടവനും.   ഇത്തരംമാമൂലുകൾ നടത്തി ഒരു സാധാരണക്കാരൻറെ ജീവിതം തന്നെ നഷ്ടമാകുന്നു. ഇന്നലെ ചെയ്തൊരബദ്ധം ഇന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമാകാം എന്ന് കവി പാടിയതിന് സമാനമായ വളരെ പരിതാപകരമായ അവസ്ഥയാണ് സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്നത്. വിശിഷ്യ മുസ്ലീം സമുദായത്തിൽ.
ഇത്രയും പറയുവാൻ കാര്യം മറ്റൊന്ന് കൂടി കൊണ്ടാണ്. ഇത്തരം “ഉൽസവങ്ങൾ” നമുക്കിടയിൽ കൊട്ടിഘോഷിക്കപ്പെട്ടേക്കാം. എന്നാൽ ഉൽസവപിറ്റേന്ന് എന്ത് എന്നതിനെ കുറിച്ച് എന്തുകൊണ്ട് ഇവർ ചർച്ചചെയ്യുന്നില്ല? എന്നാൽ ഞാനറിഞ്ഞത് , ഇന്ന് ആ വീട്ടിൽ കടം കൊടുത്തവരും അഡ്വാൻസ് മാത്രം കൊടുത്തു സ്വർണ്ണം നൽകിയ ജ്വല്ലറിക്കാരും അസഭ്യം പറഞ്ഞ് കയറി ഇറങ്ങുന്നു. കല്യാണ പിരിവ് കിട്ടിയതിനു ശേഷം ഇതെല്ലാം മടക്കി തരാമെന്ന വ്യവസ്ഥയിൽ ആണ് വായ്പ വാങിയത്. എന്നാൽ വരവിനേക്കാൾ മൂന്ന് മടങ്ങു ചിലവാണെന്നത് യാഥാർത്ഥ്യം. വന്നവരിൽ പകുതി പേരും ധൂർത്താണെന്നപേരിൽ കവറിൽ ചുരുട്ടി പിടിച്ച നോട്ടുകൾ തിരികെ വീട്ടിലേക്ക് കൊണ്ടു വന്നു എന്നത് മറ്റൊരു സത്യം. ഈ വിഷയത്തിന് ഞാനിവിടെ വിരാമമിടുമ്പോഴും അതിൻറെ അലയൊലികൾ നിങ്ങളിലോരോരുത്തരിലേക്കും  പകർന്നു നൽകുകയാണ്.
                          
സാങ്കൽപ്പിക തലങ്ങളിൽ ഇതൾ വിരിഞ്ഞ കഥയല്ലിത്. നൂറു ശതമാനവും യാഥാർത്ഥ്യംഉൾകൊണ്ട അനുഭവമാണിത്. അതു കൊണ്ടു തന്നെ പേരും സ്ഥലനാമങ്ങളും മനപൂർവ്വം ഒഴിവാകിയിരിക്കുന്നു.

മില മുഹമ്മദ്

1 COMMENT

  1. Sathyam thanneyano, kadhayalla ,, thikavhm yadharthyam, anubavathil ethrayo und, nannayi ezhuthi, congrats, ineem kurichidanam, oru prachodhanamenkilum avumenkil,,,

Leave a Reply to Latheef Cancel reply

Please enter your comment!
Please enter your name here