ടെസ്റ്റ് എന്നത് അഞ്ച് ദിനം നീളുന്ന ഒരു പരീക്ഷണമാണ്. ഇതില്‍ എളുപ്പ വഴികളില്ല. അത് തേടുന്നത് കൂടുതല്‍ ദുരന്തത്തിലേക്ക് മാത്രമേ എത്തിക്കുകയുള്ളൂവെന്ന് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി. ഇന്ത്യ-ആസ്‌ത്രേലിയ പുനെ ടെസ്റ്റിലെ പിച്ചിനെ കുറിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് ബിഷന്‍ സിങ് ബേദിയുടെ വാക്കുകള്‍.

ടെസ്റ്റില്‍ എളുപ്പവഴികളില്ല, അത് റണ്‍സിനായാലും വിക്കറ്റിനായാലും ക്യാച്ചിനായാലും. നല്ല റിസള്‍ട്ടിന് കഠിനമായി ശ്രമിക്കുക മാത്രമാണ് ടെസ്റ്റിലെ എളുപ്പവഴിയെന്ന് ബേദി പറഞ്ഞു.

പുല്ലില്ലാത്തതും വരണ്ടതുമായ പിച്ചാണ് പുനെയില്‍ ഒരുക്കിയിരുന്നത്. പിച്ചിനെ കുറിച്ച് മത്സരം തുടങ്ങും മുമ്പേ ഓസിസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് പിച്ചിനെതിരേ രംഗത്തെത്തിയിരുന്നു. താന്‍ ഇതുവരെ ഇങ്ങനെയൊരു പിച്ച് കണ്ടിട്ടില്ലെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം. മത്സരശേഷം എല്ലാവരും ക്യൂറേറ്റര്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ ക്യൂറേറ്റര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

പിച്ച് നിര്‍മ്മിക്കുമ്പോള്‍ തന്നെ വരണ്ട പിച്ച് ഒരുക്കുന്നതിലെ അപകടത്തെ കുറിച്ച് താന്‍ ബി.സി.സി.ഐക്ക് മുന്നറിയിച്ച് നല്‍കിയതായിരുന്നതായും എന്നാല്‍ അതെല്ലാം അധികൃതര്‍ തള്ളുകയായിരുന്നെന്നും അവര്‍ ആവശ്യപ്പെട്ട പിച്ചാണ് താന്‍ നിര്‍മിച്ച് നല്‍കിയതെന്നും ക്യൂറേറ്റര്‍ പാണ്‍ദുര്‍ഗ് സല്‍ഗാന്‍ക്കര്‍ പറയുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായാണ് പിച്ച് ഒരുക്കിയതെങ്കിലും മത്സരഫലം ഇന്ത്യയക്ക് എതിരായിരുന്നു. മത്സരത്തില്‍ ഇന്ത്യ 333 റണ്‍സിനാണ് തോല്‍വി രുചിച്ചത്. ഓസിസ് ക്യാപ്റ്റന്‍ സ്മിത്ത് സെഞ്ച്വറി നേടുകയും സ്പിന്നര്‍ സ്റ്റീവ് ഒ ക്വീഫ് 12 വിക്കറ്റുകള്‍ കരസ്ഥമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here