സദാചാരം
* * * * * * * * *

ഇരുമ്പഴിക്കുള്ളിലെ ഇരുട്ടിനെ വകഞ്ഞ് മാറ്റി കടന്ന് വന്ന കാറ്റിനെ അയാൾ മണത്ത് നോക്കി. കിട്ടുന്നുണ്ട്! വേനലിന്റെ, വസന്തത്തിന്റെ, പൂക്കളുടെ ..നനുത്ത മണം.
          ” ഉറങ്ങാറായില്ലേ” ഇരുമ്പിൽ വടികൊണ്ട് ആഞ്ഞടിച്ച് ഗർജ്ജിച്ച ആ ജഞ്ഞാപനം കാതിൽ തുളഞ്ഞ് കയറിയപ്പോൾ ചുരുട്ടിയിട്ട പായ വിരിച്ച് അയാൾ കിടന്നു. ഈ പായയിലും എത്രയോ പേരുടെ നിശ്വാസം വീണുടഞ്ഞിട്ടുണ്ടാവും! കറ പുരണ്ട ജീവിതങ്ങളുടെ മണം….! പായ ഒരു മൂലക്ക് ചുരുട്ടിയിട്ട് വെറും നിലത്ത് മലർന്ന് കിടന്നപ്പോൾ മേൽക്കൂരയിലുണ്ടായ കുഞ്ഞു സുഷിരത്തിലൂടെ അയാൾ ആകാശം നോക്കിക്കിടന്നു. ചിലപ്പോഴൊക്കെ ആകാശത്തിന്റെ നിഗൂഢത നെഞ്ചിനുള്ളിൽ എന്തോ എരിക്കുന്നത് പോലെ! അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
കാലത്തിനൊപ്പം സഞ്ചരിക്കാൻ വെളിച്ചം ആവശ്യമാണോ? അറിയില്ല… തന്റെ മനസ്സ് പക്ഷേ ഇന്നും രണ്ടാണ്ട് പിറകിൽ തളഞ്ഞ് പോയിരിക്കുന്നു.സമയ ഘടികാരം ജീവിതത്തിന്റെ ചുഴിക്കുള്ളിൽ അമർന്നിരിക്കുന്നു. കണ്ണുകൾ അടയും തോറും മനസ്സ് പുറകോട്ട് തന്നെ ചലിക്കുന്നു..
” ശിവേട്ടാ ” … കാതിൽ ആർത്തലക്കുന്ന കൊലുസുനാദത്തിനൊപ്പം ചിലുമ്പുന്ന ശബ്ദവീചികൾ ! “മീനൂട്ടി “.. എന്റെ മിനുട്ടി ” അയാളുടെ ചുണ്ടുകൾ പിറുപിറുത്തു.വർഷങ്ങൾക്ക് പലപ്പോഴും ഉറക്കത്തിൽ മാത്രമേ വീണ്ടും പുനർജനിക്കാറാവാറുള്ളൂ.
…………………………………………
കോൽ വണ്ടിച്ചക്രത്തിന് പിറകേ പായുന്നൊരു മുഷിഞ്ഞ ട്രൗസറിട്ട പയ്യനും അവന് പിറകിൽ മത്സരിച്ചോടുന്ന കുഞ്ഞു മീനുട്ടിയും എത്ര പെട്ടെന്നാണ് വിധിയുടെ ചുഴിയിൽ മുങ്ങിത്താണത് ! തിരിച്ചറിവ് വച്ചത് മുതൽ ശിവ തെരുവിന്റെ മകനാണ്.. അന്ന് മുതൽ അവന്റെ കൈവെള്ളയിൽ അമർത്തിപ്പിടിച്ച കൈകൾ ” മീനൂട്ടി “.. അവൾക്കവൻ ഏട്ടനാണ് .. അച്ഛനാണ്…!
  വേനലും വസന്തവും ഇരുളും വെളിച്ചവുമെല്ലാം അവരൊരുമിച്ചായിരുന്നു അവന്റെ വിയർപ്പിന്റെ ഓരോ തുള്ളിയും ഇറ്റ് വീണത് അവൾക്ക് വേണ്ടിയായിരുന്നു.ഇരന്ന് കിട്ടുന്ന ഭക്ഷണം ഒന്ന് തൊട്ട് നോക്കുക പോലും ചെയ്യാതെ കഴിച്ചെന്ന് പറഞ്ഞ് അവൾ വാരിത്തിന്നുന്നത് നിർവൃതിയോടെ നോക്കി നിന്ന് വിശപ്പടക്കുമായിരുന്നു അവൻ ……!സുന്ദരിയായിരുന്നു മീനൂട്ടി, വളർച്ചയുടെ ഓരോ പടവിലും അവൾക്ക് ഉപദേശിക്കുന്ന അമ്മയായി, നിയന്ത്രിക്കുന്ന അച്ഛനായി, അടി കൂടുന്ന ഏട്ടനായി അവൻ കൂടെയുണ്ടായിരുന്നു. അവൾ മുതിരുന്നതിനൊപ്പം അവനിലെ അച്ഛനും വളരുകയായിരുന്നു. അടച്ചുറപ്പുള്ളൊരു കൂരക്കായി രാവും പകലും അവന്ന്  മുന്നിൽ അടർന്ന് വീണു..! പഠിക്കാൻ മിടുക്കിയായിരുന്ന അവളെ മെഡിസിന് ദൂരെയുള്ള കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ ഇല്ലാത്ത കാശുണ്ടാക്കി കൊണ്ടു ചെന്നാക്കിയതും അവളുടെ ഭാവിയോർത്തായിരുന്നു………” ശിവേട്ടാ… ഇക്ക് ഏട്ടന്റ് ടത്ത് കിടന്നാലല്ലാണ്ട് ഉറക്കം വരണില്ല… ഏട്ടനെ പിരിയാൻ വയ്യ ” എന്നു പറഞ്ഞ് പിറ്റേന്ന് തന്നെ വീട്ടിലേക്കോടി വന്ന അവളെ “അയ്യേ… വല്യ പെണ്ണായിട്ടും കരയാ” എന്നു  പറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ചയച്ചപ്പോഴും അവന്റെ കണ്ണിൽ നിറഞ്ഞ കണ്ണീരിന് സന്തോഷത്തിനേറെയും സങ്കടത്തിനേറെയും വേലിയേറ്റമായിരുന്നു ..

പക്ഷേ …. ലോകം! അത് കാപട്യത്തിനേറെതായിരുന്നു …. അതറിയാത്തത് മിനുട്ടിക്കും ഏട്ടനും മാത്രമായിരുന്നു. രാത്രികളിൽ ഹോസ്റ്റൽ മുറിയിൽ തെളിയുന്ന അരണ്ട മൊബൈൽ വെളിച്ചത്തിൽ കൂട്ടുകാരിയുടെ കണ്ണുകൾ തിരഞ്ഞ അവൾ കണ്ണുകളിറുക്കിയടച്ചു.. സീനിയേഴ്സിന്റെ റാഗിംഗ് പീഡനം ഏട്ടനോട് പറയാതെ തലയിണയിൽ ഉതിർത്ത് കളഞ്ഞൂ അവളുടെ സങ്കടം. … പക്ഷേ ആട്ടിൻ തോലിട്ട ചെന്നായ്ക്കളായിരുന്നു ചുറ്റും. ആൺ പെൺ വ്യത്യാസങ്ങളില്ലാതെ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവർ..! അവർ പറയുന്നതനുസരിക്കാതെ ഒരാൾക്കും അവിടെ തുടരാൻ കഴിയാത്ത അവസ്ഥ! 

ഏട്ടന്റെ മുഖമോർത്ത് അവൾ പിടിച്ച് നിന്നു… ചെന്നായ്ക്കളിൽ നിന്നും ഓടിയൊളിച്ചിട്ടും പക്ഷേ…. ഒരു രാത്രിയിൽ അവളെയും തടഞ്ഞ് നിർത്തി., ആരും രക്ഷക്കില്ലാതെ ആറു പേരുടെ ക്രൂര ബ ലാത്സംഗത്തിനിരയായി അനാട്ടമി ലാബിലെ ടാബിളിൽ നിന്നും ഉണർന്നെണീറ്റത് പക്ഷേ അവളായിരുന്നില്ല…  അവൾക്ക്ബുദ്ധി സ്ഥിരതയില്ലെന്ന് പറഞ്ഞ് ശിവയെ വിളിച്ചു വരുത്തിയ പ്രിൻസിപ്പാളിനെ തല്ലാൻ കയ്യോങ്ങിയ അവന് മുന്നിൽ തറച്ചത് മീനൂട്ടിയുടെ കണ്ണുകളായിരുന്നു…. അലക്ഷ്യമായി … മരവിച്ച് പോയ ആ കണ്ണുകൾ…! അപ്പൊഴും കാപട്യമില്ലാത്ത അവന്റെ മനസ്സ് പറഞ്ഞു… “ന്നെ കാണാഞ്ഞിട്ടാവും ന്റെ കുട്ടിക്ക് ” ന്ന്….! നെഞ്ചോട് ചേർത്ത് പിടിച്ച് അവളെ വീട്ടിലേക്ക് കയറ്റുമ്പോഴും അവളുടെ കണ്ണുകളിൽ മരവിപ്പ് മാത്രമായിരുന്നു ബാക്കി..!

അവൾക്ക് ഭക്ഷണം വാരിക്കൊടുത്തും പരിചരിച്ചും അവൻ ദിവസങ്ങൾ തള്ളി നീക്കി…!
 പക്ഷേ അന്ന് .. അന്ന് അവൾ തല കറങ്ങി വീണ് ഹോസ്പിറ്റലിൽ കൊണ്ടു പോയപ്പോൾ .. അവളുടെ വയറ്റിൽ ജീവൻ തുടിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവരോട് കയർത്ത് ഭ്രാന്തനെപ്പോലെ സംസാരിച്ച അവനു മുന്നിൽ അവർ ചോദിച്ച മറു ചോദ്യം “നിങ്ങളീ കുട്ടിയുടെ ഏട്ടനാണെന്നതിന് തെളിവ്” ? അന്നാദ്യമായി അവ നോർത്തു തങ്ങൾ പിറന്നത് ഒരമ്മയുടെ വയറ്റിലല്ലെന്ന് …. അന്നാദ്യമായി അവൻ കണ്ടു തങ്ങൾക്ക് നേരെ നീളുന്ന സദാചാരത്തിന്റെ രക്തക്കണ്ണുകൾ……!
“സാറെ ഞാൻ കണ്ടതാ ഇന്നലെ കൂടെ ഇവൻ ഈ കൊച്ചിനെ കുളിപ്പിക്കാൻ കുളിപ്പൊ രേല് കേറ്റ ണ ത്”
അയലത്തെ അമ്മിണിച്ചേച്ചിയാണ്…. കൈകളിലിട്ട വിലങ്ങി നേക്കാൾ ഇറുകുന്ന സദാചാരത്തിന്റെ വിലങ്ങായിരുന്നു അവന്റെ ഹൃദയത്തിന് ചുറ്റും……..!            

ഇരുമ്പഴികളിൽ പിടിച്ചെണീറ്റപ്പോൾ അവൻ ഉരുകുകയായിരുന്നു…. സദാചാരത്തിന്റെ കൂച്ചു വിലങ്ങിൽ .
N. B: ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെ സദാചാരക്കാർ കാണുന്നേയില്ല. ഇപ്പൊഴും !
#shabna shafeeq#

LEAVE A REPLY

Please enter your comment!
Please enter your name here