മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്‌ലിംലീഗ് സജ്ജമായി കഴിഞ്ഞുവെന്ന് പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന തിരിച്ചറിവില്‍ ലീഗ് നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങികഴിഞ്ഞിരുന്നു.

താഴെതട്ടിലുള്ള പ്രവര്‍ത്തകരെ വിളിച്ചുചേര്‍ത്ത് രണ്ട് ലോകസ്ഭാ മണ്ഡലങ്ങളിലേയും പ്രവര്‍ത്തനത്തെക്കുറിച്ച് അവലോകനം നടത്തുകയും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
മണ്ഡലം തലത്തിലെ ലീഗ് പ്രസിഡന്റ്, സെക്രട്ടറിമാരുടേയും ബൂത്ത് തലത്തിലെ കണ്‍വീനര്‍മാരുടേയും വിലയിരുത്തല്‍ യോഗവും ഇതിനകം നടന്നുകഴിഞ്ഞു.

വിജ്ഞാപനം വന്ന സാഹചര്യത്തില്‍ വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍ യോഗം ചേരും. 16ന് ഡല്‍ഹിയില്‍ ദേശീയ സെക്രട്ടറിയേറ്റ് യോഗം നടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. 16നുള്ള യോഗം നേരത്തെ നിശ്ചയിച്ച പ്രകാരമാണ് നടക്കുന്നതെങ്കിലും അതിനു മുമ്പ് തന്നെ സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ തുടങ്ങും.

കഴിഞ്ഞ വര്‍ഷം ഇ. അഹമ്മദിനു ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ ഏറെ വോട്ടുകള്‍ ഇത്തവണ സ്വന്തമാക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസം ലീഗിനുണ്ട്. അഹമ്മദിന്റെ മകളും പി.കെ കുഞ്ഞാലിക്കുട്ടിയും സ്ഥാനാര്‍ത്ഥിമാരാകാനുള്ള സാധ്യതയെകുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം സാധ്യതകളെല്ലാം മാധ്യമ വാര്‍ത്തകളാണെന്നായിരുന്നു മറുപടി. ലീഗ് ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ മലപ്പുറത്ത് നിര്‍ത്തും.

വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യും. അതിനപ്പുറത്ത് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല.
ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയ്ക്ക് നല്‍കിയ നോട്ടീസില്‍ അതുപ്രകാരമുള്ള നടപടികളുമായി ലീഗ് മുന്നോട്ട് പോകുമെന്നും മനുഷ്യവകാശ കമീഷന്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള കേസും ഇതിനൊപ്പം നടക്കുമെന്നും ഇ.ടി ഡല്‍ഹിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here