Home / കേരളം / മലപ്പുറത്ത് പ്രവാസി വോട്ടർമാരെയും നാട്ടിലെത്തിക്കുന്നു
pk-kunjalikutty222_13

മലപ്പുറത്ത് പ്രവാസി വോട്ടർമാരെയും നാട്ടിലെത്തിക്കുന്നു

ഉറച്ച കോട്ടയാണെന്നു കരുതി അമിത ആത്മവിശ്വാസത്താൽ ഉഴപ്പരുതെന്ന് മുസ്ലീംലീഗ് അണികൾക്ക് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ തവണ അനാരോഗ്യ അവസ്ഥയിൽ പോലും ഇ അഹമ്മദിന് ലഭിച്ച 1,94,739 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനും മുകളിലായിരിക്കണം കുഞ്ഞാപ്പയുടെ (കുഞ്ഞാലിക്കുട്ടിയുടെ )വിജയമെന്നാണ് ജില്ലയിലെ ലീഗ് നേതാക്കൾ കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന – ജില്ലാ നേതാക്കൾക്ക് വില്ലേജ് – പഞ്ചായത്ത് – മണ്ഡലം അടിസ്ഥാനത്തിൽ ചുമതലകൾ വിഭചിച്ചു നൽകുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ മനസ്സിലാക്കി വേണം വോട്ടർമാരോട് ഇടപെടേണ്ടതെന്നാണ് നിർദ്ദേശം പൊന്നാനി-വയനാട്-കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രധാന പ്രവർത്തകരെയും പ്രചരണ പ്രവർത്തനങ്ങൾക്കായി രംഗത്തിറക്കും. എം എൽ എമാർക്കും പ്രത്യേക ചുമതലകൾ നൽകും

വീടുകൾ കേന്ദ്രീകരിച്ചുള്ള സക്വാഡ് പ്രവർത്തനങ്ങൾക്കും അയൽക്കൂട്ട യോഗങ്ങൾക്കുമാണ് പ്രാമുഖ്യം കൊടുക്കുന്നത്.

സർക്കാറിനെതിരെയുള്ള ജനവിധിയാക്കി മാറ്റാൻ ഇപ്പോൾ സജീവമായ സ്ത്രീ പീഡനങ്ങൾ പ്രചരണമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താനൂരിൽ നടന്ന പൊലീസ് അതിക്രമമാണ് മറ്റൊന്ന്.

കവല പ്രസംഗങ്ങളിൽ ഇക്കാര്യങ്ങൾ ശക്തമായി അവതരിപ്പിക്കാൻ പ്രാസംഗികരായി തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക നിർദ്ദേശം തന്നെ നൽകുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ പ്രചരണം നിയന്ത്രിക്കാൻ പ്രത്യേക സൈബർ ടീമിനെ തന്നെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. യു ഡി എഫിലെ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മറ്റ് ഘടകകക്ഷികളുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളെയും കൂടി യോജിപ്പിച്ചു കൊണ്ടായിരിക്കും ഈ മേഖലയിലെ ഇടപെടൽ.

യൂത്ത് ലീഗ് – എം എസ് എഫ് പ്രവർത്തകരോടും സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും നിരന്തരം ഇടപെടൽ നടത്താൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലുള്ള വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടെടുപ്പിന് മുൻപ് ഇവരെ നാട്ടിലെത്തിക്കുന്നതിനായി യു ഡി എഫ് അനുകൂല പ്രവാസി സംഘടനകൾക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഒരു വോട്ടും പാഴാക്കരുതെന്ന സ്ഥാനാർത്ഥിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ശക്തികേന്ദ്രത്തിലെ ലീഗിന്റെ ജാഗ്രത.

പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ നിർണ്ണായക തിരഞ്ഞെടുപ്പായതിനാൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച് തിരിച്ചടി നൽകണമെന്നതാണ് ലീഗിന്റെയും യു ഡി എഫ് നേതാക്കളുടെയും ആഗ്രഹം.

ഭരണ സംവിധാനമുപയോഗിച്ച് പരമാവധി വോട്ട് സമാഹരിക്കാൻ മാത്രമല്ല അട്ടിമറി നടത്താൻ കൂടി ഉദ്ദേശിച്ചു തന്നെയായിരിക്കും ഇടതുപക്ഷം കളത്തിലിറങ്ങുകയെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

വിജയിച്ചില്ലങ്കിൽ പോലും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ഇടതു സ്ഥാനാർത്ഥി നേടിയാലും അത് യു ഡി എഫിനെ സംബന്ധിച്ച് വലിയ പ്രഹരമാകും. പ്രത്യേകിച്ച് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് അവർ തന്നെ വിലയിരുത്തുന്ന സാഹചര്യത്തിൽ.

ഇടതു സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് സി പി എം നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വി എം സുധീരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനാൽ പകരം സംവിധാനം ഉടൻ ഏർപ്പെടുത്തിയില്ലങ്കിൽ മണ്ഡലത്തിലെ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക എഐസിസി നേതൃത്വത്തെ ലീഗ് നേതാക്കൾ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. തീരുമാനം ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ.

ലീഗിന്റെ കടുത്ത വിമർശകനായ മുതിർന്ന കോൺഗ്രസ്സ് നേതാവ് ആര്യാടൻ മുഹമ്മദ് തന്നെയായിരിക്കും കോൺഗ്രസ്സ് പ്രവർത്തകരുടെ ഏകോപനത്തിന് മലപ്പുറത്ത് ചുക്കാൻ പിടിക്കുക.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4, 37,723 വോട്ടുകളാണ് ഇ.അഹമ്മദ് ഇവിടെ നേടിയത്.
ഇടതു സ്ഥാനാർത്ഥിയായിരുന്ന പി കെ സൈനബക്കാവട്ടെ 2,42,984 വോട്ടാണ് ലഭിച്ചിരുന്നത്. ഈ വോട്ടിനേക്കാൾ വലിയ വർദ്ധനയാണ് ഇടതു മുന്നണി മണ്ഡലത്തിൽ ഇപ്പോൾ ലക്ഷ്യമിടുന്നത്. ബി ജെ പി സ്ഥാനാർത്ഥി എൻ.ശ്രീപ്രകാശിന് 64,705 വോട്ടാണ് സമാഹരിക്കാൻ കഴിഞ്ഞിരുന്നത്.

യുപിയിലടക്കം ന്യൂനപക്ഷ മണ്ഡലങ്ങളിൽ പോലും അട്ടിമറി വിജയം നേടിയ ബി ജെ പിക്ക് മലപ്പുറത്ത് നിലവിലെ സാഹചര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ലങ്കിൽ അത് വലിയക്ഷീണമാകും.

Check Also

justin antony1

ജസ്റ്റിൻ ആന്റണിയുടെ മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാ – ബുധൻ ദിവസങ്ങളിൽ

ചിക്കാഗോ: ഇനി അന്വേഷണങ്ങളും ഊഹാപോഹങ്ങളും ഒന്നുമില്ല. കണ്ടെത്തടിയ മൃതദേഹം ഒരാഴ്ചയായി തേടിനടന്ന ജസ്റ്റിൻ ആന്റണി ഭരണികുളങ്ങരയുടേത് എന്ന് ഔദ്യോഗിക പ്രഖ്യാപനം …

Leave a Reply

Your email address will not be published. Required fields are marked *