ഷിക്കാഗോ: ഇന്ത്യാനപൊലിസിലും സമീപ പ്രദേശങ്ങളിലുമുള്ള ഹൈന്ദവ കുടുംബങ്ങള്‍ സംയുക്തമായി കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഇന്ത്യാനപൊലിസിലെ ഹൈന്ദവ ക്ഷേത്രാങ്കണത്തില്‍ വച്ചു നടന്ന സമ്മേളനത്തില്‍ ക്ഷേത്രം മുന്‍ പ്രസിഡന്റും, ക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കുകയും ചെയ്ത ബാബു അമ്പാട്ട് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു.

സനാതന ധര്‍മ്മത്തിന്റെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ട് വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കെ.എച്ച്.എന്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും അവര്‍ നേതൃത്വം നല്‍കുന്ന ഹൈന്ദവ സമ്മേളനങ്ങള്‍ വിജയിപ്പിക്കുകയും ചെയ്യുക എന്നത് സംഘടനയുടെ മുഖ്യ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നു സമ്മേളനത്തില്‍ തീരുമാനിച്ചു.

അമേരിക്കയില്‍ വളരുന്ന തലമുറയില്‍ മാതൃരാജ്യത്തോടുള്ള കൂറും, പൂര്‍വ്വികരോടുള്ള ആദരവും വളര്‍ത്തിയെടുക്കുകയും, അമേരിക്കന്‍ വിദ്യാഭ്യാസത്തിലെ വൈജ്ഞാനിക ശാക്തീകരണത്തോടൊപ്പം തന്നെ വൈകാരികതയും വളര്‍ത്തിയെടുത്താല്‍ മാത്രമേ യുവതലമുറയില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടക്കുന്ന ഹൈന്ദവ സംഗമത്തിലെ കാര്യപരിപാടികളെക്കുറിച്ചും, വിപുലമായ തയാറെടുപ്പുകളെക്കുറിച്ചും ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി സംസാരിച്ചു. സമ്മേളനത്തിനു വേദിയാകുന്ന എഡ്വേര്‍ഡ് വില്ലേജ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുക്കുന്ന വിവിധ അരങ്ങുകളിലെ വിശേഷങ്ങളും, രജിസ്‌ട്രേഷന്‍ പാക്കേജുകളും ട്രഷറര്‍ സുദര്‍ശന കുറുപ്പ് വ്യക്തമാക്കി.

കഴിഞ്ഞകാല കണ്‍വന്‍ഷനുകളെക്കുറിച്ചും കെ.എച്ച്.എന്‍.എയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ രൂപം റീജണല്‍ വൈസ് പ്രസിഡന്റ് പ്രസന്നന്‍ പിള്ള, റീജണല്‍ കോര്‍ഡിനേറ്റര്‍ അരവിന്ദ് പിള്ള, ജോയിന്റ് ട്രഷറര്‍ രഘുനാഥന്‍ നായര്‍ എന്നിവര്‍ വിശദീകരിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.
KHNA_indianapolis_pic3 KHNA_indianapolis_pic2

LEAVE A REPLY

Please enter your comment!
Please enter your name here