::ബാലു ::

ബാലു ഒരു ചെറിയ കുട്ടിയാണ്. അവന് അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ഇല്ല. ഒരു തെരുവിലായിരുന്നു അവന്റെ താമസം. പഠിക്കാൻ വലിയ ഇഷ്ടമുള്ള അവന് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. വകയിലെ ഒരു വല്യമ്മയുടെ കൂടെയാണ് അവൻ താമസിച്ചിരുന്നത്. അച്ഛനും അമ്മയും മരിച്ചപ്പോൾ ഈ വല്യമ്മ അവനെ കൂട്ടികൊണ്ടു പോരുകയായിരുന്നു. പക്ഷെ അത് അവനെ സ്നേഹിക്കാനായിരുന്നില്ല, അവനെക്കൊണ്ട് ഭിക്ഷയെടുപ്പിച്ചു അവർക്കു ജീവിക്കാൻ വേണ്ടിയായിരുന്നു. ഒരുദിവസം മുന്നൂറു രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ അവർ അവനെ വല്ലാതെ ഉപദ്രവിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസ്സം അവന് പൈസയൊന്നും കിട്ടിയില്ല. അന്ന് വല്യമ്മ അവനെ ഒരുപാടു തല്ലി, ഭക്ഷണമൊന്നും കൊടുത്തതുമില്ല. അവൻ തളർന്ന് അവശനായി. രാത്രിയായപ്പോൾ വിശപ്പ് സഹിക്കവയ്യാതെ അവൻ അടുക്കളയിലേക്കു പോയി എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്ന് നോക്കി. കലത്തിൽ കുറച്ചു ചോറ് ബാക്കിയുണ്ടായിരുന്നു. ബാലു അത് ആർത്തിയോടെ വാരിത്തിന്നു. അപ്പോഴാണ് വല്യമ്മ അടുക്കളയിലേക്കു വന്നത്. ബാലു അവരെകണ്ട്‌ ഞെട്ടിയെഴുന്നേറ്റു. അവർ ബാലുവിനോട് പറഞ്ഞു, “എടാ ചെറുക്കാ… നിന്നോട് ഞാൻ പറഞ്ഞില്ലെടാ… ഇന്ന് നിനക്ക് ഭക്ഷണമില്ലെന്ന് ?നീ ഞാൻ പറഞ്ഞാൽ അനുസരിക്കില്ല, അല്ലേടാ ?അവർ കട്ടിയുള്ള ഒരു വിറകു കഷ്ണമെടുത്തു അവനെ തല്ലാൻ ചെന്നു. അപ്പോൾ അവൻ വിറച്ചുകൊണ്ട് പറഞ്ഞു, അയ്യോ… ഒന്നും ചെയ്യല്ലേ… വിശന്നിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്. പക്ഷെ അതൊന്നും കേൾക്കാൻ അവർ തയാറായില്ല. അവർ വിറകുകൊണ്ട് അവനെ തല്ലാനോങ്ങി. പേടിച്ചു പോയ അവൻ വെളിയിലേക്കിറങ്ങി ഓടി…

ഓടിയോടി അവൻ ഒരു പാലത്തിനരികെയെത്തി. അപ്പോഴാണ് അവൻ aa കാഴ്ച കണ്ടത്. പാലത്തിനടിയിൽ ഒരു സംഘമാളുകൾ ഒരാളെ കത്തികൊണ്ട് ആഞ്ഞാഞ്ഞു കുത്തുന്നു. അയാൾ നിലവിളിക്കുന്നു. പിന്നെയവൻ കാണുന്നത് അയാൾ മരിച്ചു കിടക്കുന്നതാണ്. അതുകണ്ട ബാലു പേടിച്ചു നിലവിളിച്ചു. അവന്റെ നിലവിളികേട്ട് അവരിലൊരാൾ തിരിഞ്ഞു നോക്കി. പിടിക്കെടാ അവനെ.. എന്ന് ആക്രോശിച്ചുകൊണ്ട് അവർ  അവനു നേരെ ഓടിയടുത്തു. ബാലു ഓടി, അവർ അവന്റെ പിന്നാലെയും… ഓടിയോടി അവൻ ഒരു റെയിൽവേ സ്റ്റേഷനിലെത്തി.

ഒരു ട്രെയിൻ അപ്പോൾ ആ സ്റ്റേഷനിൽ നിന്നും പോകാൻ തുടങ്ങുകയായിരുന്നു. ബാലു ഓടി അതിൽ കയറി. അവനെ പിന്തുടരുന്നവർ അടുത്തെത്തിയപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. അത് ബോംബയിലേക്കുള്ള ട്രെയിൻ ആയിരുന്നു. അവൻ കയറിയ കംപാർട്മെന്റിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. പേടിച്ചുവിറച്ചുകൊണ്ടു അവനൊരു സീറ്റിൽ ഇരുപ്പുറപ്പിച്ചു. ക്ഷീണം കൊണ്ട് അവനെപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് ഉണർന്നപ്പോൾ ട്രെയിൻ ബോംബയിൽ എത്തിയിരുന്നു. ബാലു ട്രെയിനിൽ നിന്നും ഇറങ്ങി. സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. ആ തിരക്കിനിടയിലൂടെ അവൻ സ്റ്റേഷന് വെളിയിൽ കടന്നു. പുറത്തു കടന്ന അവൻ കണ്ടത് ഇതുവരെ കാണാത്ത വലിയൊരു നഗരമായിരുന്നു. ആരെയും ശ്രദ്ധിക്കാതെ കടന്നു പോകുന്ന ആളുകൾ.. ചീറിപ്പായുന്ന വാഹനങ്ങൾ.. അത്രയും തിരക്കുള്ള ഒരു നഗരം അവൻ ആദ്യമായി കാണുകയായിരുന്നു. അവൻ ഫുട്പാത്തിലൂടെ നടന്നു. എങ്ങോട്ടു പോകണമെന്ന് അവനറിയില്ല, അസഹ്യമായ വിശപ്പും.. മുന്നിൽ കണ്ട ഒരു ഹോട്ടലിലേക്ക് അവൻ കയറി ചെന്നു. ഹോട്ടലുടമ എന്ത് വേണമെന്ന് അവനോടു ഹിന്ദിയിൽ ചോദിച്ചു. ബാലുവിന് ഒന്നും മനസ്സിലായില്ല..

ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാൾ ഹോട്ടലുടമയോട് ഹിന്ദിയിൽ എന്തോ പറഞ്ഞു. ഹോട്ടലുടമ ബാലുവിനോട് അയാളുടെ അടുത്ത് പോയിരിക്കാൻ പറഞ്ഞു. ഇപ്രാവശ്യം ബാലു സംസാരിച്ചു, “എനിക്ക് നിങ്ങൾ പറയുന്നതൊന്നും മനസ്സിലാവുന്നില്ല… അപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാൾ ബാലുവിനോട് ചോദിച്ചു, നീ കേരളത്തിൽ നിന്നാണല്ലേ ??ബാലു തലകുലുക്കികൊണ്ടു അതെയെന്ന് പറഞ്ഞു. നിന്റെ അച്ഛനും അമ്മയും എവിടെ ?അയാൾ വീണ്ടും ചോദിച്ചു. എനിക്കാരുമില്ല, അവരെല്ലാം മരിച്ചു പോയി. ബാലു മറുപടി പറഞ്ഞു. നിന്റെ പേരെന്താണ് ??അയാൾ അവനോടു ചോദ്യങ്ങൾ തുടർന്നു കൊണ്ടിരുന്നു. അവൻ പേര് പറഞ്ഞു… അയാൾ അവന് ഭക്ഷണം വാങ്ങി കൊടുത്തു. ശരിക്കും അത് അവനോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല… അയാൾ ഭിക്ഷാടന മാഫിയയിലെ ഇടനിലക്കാരനായിരുന്നു. ബാലുവിനെ പാട്ടിലാക്കാനായിരുന്നു അയാൾ അവനു ഭക്ഷണം വാങ്ങിക്കൊടുത്ത്.

കഴിച്ചു കഴിഞ്ഞു അവൻ അയാളോടൊപ്പം പുറത്തേക്കു നടന്നു. അയാൾ ബാലുവിനോട് ചോദിച്ചു, നീ എന്റെ കൂടെ വരുന്നോ ??ബാലുവിന്റെ വിചാരം അയാൾ വളരെ നല്ല ഒരാളാണെന്നായിരുന്നു. അവനു വലിയ ഈ നഗരത്തിൽ ആരെയും അറിയില്ലായിരുന്നെല്ലോ… അവൻ അയാളുടെ കൂടെ പോകാൻ തീരുമാനിച്ചു. അയാൾ അവനെ തന്റെ കാറിനടുത്തേക്ക് കൂട്ടികൊണ്ടു പോയി. ഡോർ തുറന്നു കൊണ്ട് അവനെ കാറിനകത്തു കയറ്റി. കാറിൽ വെച്ച് അയാൾ അവന്റെ കഥകളൊക്കെ ചോദിച്ചു മനസ്സിലാക്കി. എല്ലാം കേട്ട് കഴിഞ്ഞു അയാളവനോട് പറഞ്ഞു… എല്ലാവരും എന്നെ ബാബുജി എന്നാണ് വിളിക്കുന്നത്. നീയും അങ്ങിനെ വിളിച്ചോളൂ… ബാലു തലകുലുക്കി സമ്മതം മൂളി. ഇനിയും കുറെ ദൂരമുണ്ട് എന്റെ വീട്ടിലേക്ക്… നീ വേണമെങ്കിൽ ഒന്നുറങ്ങിക്കോളൂ… ഇതുകേട്ട ബാലു സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ടു കണ്ണുകളടച്ചു…

യാത്രാക്ഷീണം ഉള്ളത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ അവനുറങ്ങി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അവനെ വിളിച്ചുണർത്തി. നമ്മുടെ സ്ഥലമെത്തി, അയാൾ അവനോട് പറഞ്ഞു. കണ്ണ് തുറന്ന ബാലു ചില്ലിലൂടെ പുറത്തേക്കു നോക്കി. ഒരു വലിയ വീട്… വീട്ടിനുള്ളിൽ വെളിച്ചം കാണുന്നുണ്ട്… പക്ഷെ ചുറ്റുമൊന്നും ആൾപ്പാർപ്പില്ലാത്ത പോലെ… വണ്ടി വീടിനടുത്തേക്കു പോയി. വണ്ടി നിർത്തി അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി. ബാലുവിനെയും കൂട്ടികൊണ്ടു അകത്തേക്ക് നടന്നു.

വീട്ടിൽ കുറെ പേരുണ്ടായിരുന്നു. കുറെ കുട്ടികളും. ഇവിടെയെന്താണ് ഇത്രയും കുട്ടികൾ എന്ന് അവൻ ചിന്തിച്ചു. ചിലകുട്ടികൾ കരയുന്നുണ്ടായിരുന്നു. മറ്റുചിലരെ കൊണ്ട് അവിടെയുള്ളവർ എന്തൊക്കെയോ ചെയ്യിക്കുന്നുണ്ടായിരുന്നു. ഇതൊകെ കണ്ടപ്പോൾ അവന് ചെറിയ സംശയം തോന്നി. അപ്പോൾ അയാൾ അവനെ അവിടെ നിന്നു മാറ്റി ഒരു മുറിയിൽ കൊണ്ടിരുത്തി. ബാലു അവിടെ കിടന്നു അറിയാതെ ഉറങ്ങി പോയി. ഒരു വണ്ടിയുടെ ശബ്ദം കേട്ടാണ് അവൻ ഉണർന്നത്. അവനിരുന്ന മുറിയിലേക്ക് ഒരു സായിപ്പ് കടന്നു വന്നു. അയാൾ സായിപ്പിനോട് ഇംഗിളിഷിൽ എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് ഒരു പെട്ടി അയാൾക്ക് കൈമാറി. അയാൾ അത് തുറന്നു നോക്കി. അതിൽ നിറയെ പണമായിരുന്നു. ബാലുവിനെ സായിപ്പിന് ചൂണ്ടികാണിച്ചിട്ട് അയാൾ മാറിനിന്നു. അപ്പോൾ രണ്ടുപേർ വന്നു അവനെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. ബാലു ഓടി രക്ഷപെടാൻ നോക്കി. ഇത് കണ്ട അയാൾ ബാലുവിന്റെ ചെകിട്ടത്തു അടിച്ചു, എന്നിട്ട് പറഞ്ഞു. നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് വളർത്താൻ അല്ല… വിൽക്കാനാ… വിൽക്കാൻ… അത്രയും പറഞ്ഞു അയാൾ ബാലുവിനെ ആ വീടിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവൻ രക്ഷപെടാനുള്ള വഴികൾ ആലോചിച്ചു കൊണ്ടേയിരുന്നു. അയാൾ ബാലുവിനെ തൂക്കി എടുത്തു സായിപ്പിന്റെ കാറിനുള്ളിലേക്കിട്ടു. സായിപ്പ് അവന്റെ കയ്യുംകാലും ശക്തിയായി പിടിച്ചിരുന്നു. അവന് അനങ്ങാൻ പോലും ആകുമായിരുന്നില്ല. ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ചെയ്തു, വണ്ടി ആ വീടിനു മുന്നിൽ നിന്നും നീങ്ങാൻ തുടങ്ങി. ഒരുപാട് ദൂരം പിന്നിട്ടു വിജനമായ ഒരിടത്ത് കൂടി വണ്ടി പോകാൻ തുടങ്ങി. പെട്ടെന്ന് ബാലുവിന് ഒരു ബുദ്ധിതോന്നി. തന്നെ പിടിച്ചിരിക്കുന്ന സായിപ്പു മയങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇത് തന്നെ പറ്റിയ സമയം. അവൻ പെട്ടെന്ന് അയാളുടെ കൈത്തണ്ടയിൽ ശക്തമായി കടിച്ചു. അലറി വിളിച്ചു കൊണ്ട് അയാൾ ബാലുവിന്റെ മേലുള്ള പിടുത്തം വിട്ടു. ഡോർ തുറന്നു ബാലു പുറത്തേക്കിറങ്ങിയോടി. കൂറ്റാക്കൂറ്റിരുട്ടിലേക്കു അവൻ ഓടി മറഞ്ഞു. ഓടിയോടി അവശനായ ബാലു കൈകാലുകൾ തളർന്ന് അവിടെ കുഴഞ്ഞു വീണു.

അപ്പോഴാണ് ഒരു കാർ അതുവഴി വന്നത്. കാറിൽ ഉണ്ടായിരുന്നവർ അവനെ ആശുപത്രിയിൽ എത്തിച്ചു. ബാലു കണ്ണ് തുറക്കുമ്പോൾ അവന്റെ മുന്നിൽ രണ്ടുപേർ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ശേഖറും ഭാര്യ സാവിത്രിയും ആയിരുന്നു അത്. കോടീശ്വരൻമാരായിരുന്ന ആദമ്പതികൾക്കു മക്കളുണ്ടായിരുന്നില്ല. സാവിത്രി അവനോട് ചോദിച്ചു, ഇപ്പൊൾ സുഖം തോന്നുന്നുണ്ടോ ??ബാലു ഉണ്ടെന്ന് തലകുലുക്കി. അവർക്കു അവനെ ഇഷ്ടപ്പെട്ടു… അവന്റെ കഥ കേട്ട ശേഖറും സാവിത്രിയും അവനെ സ്വന്തം മകനായി വളർത്തി. അവനെ പഠിപ്പിച്ചു. അവന്റെ ജീവിതം മാറിമറിഞ്ഞു. അവനൊരു ഡോക്ടർ ആയിരുന്നു അപ്പോഴേക്കും.

ആയിടക്ക് അവനൊരു ആഗ്രഹമുണ്ടായി. അവന്റെ പഴയ വല്യമ്മയെ കാണാൻ അവന് കൊതിതോന്നി. അവൻ വല്യമ്മയെ അന്വേഷിച്ചു അവരുടെ വീട്ടിലേക്ക് പോയി. അവിടെ രോഗബാധിതയായി കിടക്കുന്ന വല്യമ്മയെ ആണ് അവന് കാണാനായത്. അയൽക്കാരുടെ കരുണ കൊണ്ടാണ് അവരുടെ ഇപ്പോഴത്തെ ജീവിതം. ബാലുവിനെ കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു. അവനോട് ചെയ്തു പോയ തെറ്റിനെല്ലാം അവർ മാപ്പുപറഞ്ഞു. നല്ല ചികിത്സക്കായി അവരെ അവൻ ബോംബെയിലേക്ക് കൊണ്ട് പോയെങ്കിലും രോഗം മൂർച്ഛിച്ചു അവർ മരിച്ചു. ബാലുവിന്റെ ജീവിതം പിന്നെയും ഒഴുകികൊണ്ടേയിരുന്നു….
(ശുഭം)

എഴുതിയത് :

ചിമ്പൻ (യാഹ്‌വിൻ)
Std: 7 A
C A H S
ആയക്കാട്
വടക്കഞ്ചേരി
പാലക്കാട് (ജില്ല)

 

LEAVE A REPLY

Please enter your comment!
Please enter your name here