-ചിതൽപ്പുറ്റുകൾ –

‘ അപ്പൂന്റെ കൈക്കെന്തു ശക്തിയാ, നിക്ക് ശരിക്കും നൊന്തുട്ടോ, ഞാനോപ്പോളോട് പറഞ്ഞു കൊടുക്കും’

‘ പോടീ കാന്താരി, നീ പോയി പറഞ്ഞു കൊടുക്ക് എന്നെ ആരും ഒന്നും ചെയ്യില്ല ‘

മാളുവിന്റെ ചിണുക്കം കാണാൻ വേണ്ടി മാത്രമായിരുന്നില്ല, അവളുടെ കൈത്തണ്ടയ്ക്ക് ഒരു വല്ലാത്ത മിനുസമായിരുന്നു..

‘ അപ്പു അമ്മയില്ലാത്ത കുട്ടിയായോണ്ടല്ലേ ആരും ഒന്നും പറയാത്തെ , അതിന്റെ പത്രാസ്സു ന്റടുത്തു കാണിക്കണ്ടാ ‘
അവൾ ചൊടിയോടെയാണ് പറഞ്ഞതെങ്കിലും ഉള്ളിലെവിടെയോ ഒരു നീറ്റൽ തോന്നി , കാച്ചിയ എണ്ണയുടെ ഗന്ധം ഉള്ളിലെവിടെയോ പടർന്നപോലെ , കണ്ണുകൾ അറിയാതെ നിറഞ്ഞുതുളുമ്പി..

മുഖത്തു ചൊടിയുണ്ടെങ്കിലും പെട്ടന്ന് മാളുവിൻറെ മുഖവും വാടി,
‘ അയ്യോ , അപ്പു കരയ്യ്യാ ഞാനൊരു തമാശ പറഞ്ഞതല്ലേ , അപ്പൂന് ഞാനില്ലേ …’

ആശ്വസിപ്പിക്കാനാണെങ്കിലും ഉള്ളിൽത്തട്ടിയായിരുന്നു അവളു പറഞ്ഞതെന്നു അവളുടെ കണ്ണുകൾ വിളിച്ചു പറഞ്ഞു..

കൗമാരത്തിന്റെ തുടിപ്പുകൾ അവളിൽ കാണുമ്പോഴെല്ലാം ആധിയാരുന്നു ഉള്ളിൽ. അവൾ തന്നെക്കാൾ വേഗത്തിൽ വളരുന്നുണ്ട്. നടത്തിലും ചേഷ്ടകളിലും അവളിൽ ഒരു യുവതിയുടെ നിഴൽ വീഴുന്നത് തെല്ലൊരു ഭയത്തോടെ താനും ആസ്വദിച്ചിരുന്നു.

തെക്കേപ്പാട്ടിലെ കാര്യസ്ഥൻ അച്യുതന്റെ മകന് അവിടത്തെ വീട്ടുവേലക്കാരി സാവിത്രിയുടെ മകളെ പ്രണയിക്കുന്നതിൽ പ്രത്യേകിച്ച് സോഷ്യലിസം നോക്കേണ്ട ആവശ്യവുമില്ലായിരുന്നു. താത്വികമായി പറഞ്ഞാൽ ഒരേ തട്ടിലുള്ളവർ..

പടിഞ്ഞാറ്റമ്പലത്തിലെ കുളക്കടവും, അരയാലും ഒരു നിശബ്ദപ്രണയത്തിന്റെ മൂകസാക്ഷികളായിരുന്നു. സന്ധ്യയ്ക്കു പടിഞ്ഞാറേക്കാവിൽ വിളക്ക് കൊളുത്താൻ ഓപ്പോൾ അവളെ ഏൽപ്പിച്ചതും അവളിലെ ലക്ഷ്മീ കടാക്ഷം കൊണ്ടാവാം, അവളുടെ മുഖത്തു അത്രയ്ക്ക് ഐശ്വര്യമുണ്ടായിരുന്നു.
എന്തോ അതു തനിക്കൊരു ഭാഗ്യായിട്ടാണ് തോന്നിയത്. വല്ലപ്പോഴും അവളെ തനിച്ചൊന്നു കാണ് ണച്ചാൽ സന്ധ്യക്ക്‌ സർപ്പക്കാവിലേക്കു പോയാൽ മതിയല്ലോ…

ഒരിക്കൽ തന്റെ അസമയത്തെ കാവിലെ സന്ദർശനം ഓപ്പോൾ കയ്യോടെ പിടിച്ചതാണ്.

‘ അപ്പൂ , നിക്കറിയാ ന്റെ കുട്ടിയിപ്പോ ഇവിടെ വന്നതെന്തിനാന്നു ‘

മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. കള്ളം വരാഞ്ഞിട്ടല്ല, ഒപ്പോളോടത്‌ പറഞ്ഞു ശീലല്യ. തെക്കേപ്പാട്ടെ ശ്രീദേവി ആയിരുന്നില്ല അവർ തനിക്കു,
ഓർമയിൽ കാച്ചിയ എണ്ണയുടെ ഗന്ധം മാത്രമുള്ള അമ്മയെന്ന ശൂന്യത വല്ലപോഴെങ്കിലും തോന്നാതിരുന്നതു ഓപ്പോളുടടുത്ത് വരുമ്പോഴാരുന്നു.
ഏതോ വലിയ തറവാട്ടിലേക്കു ഓപ്പോളെ വേളി കഴിച്ചയച്ചപ്പോൾ ശങ്കരപ്പണിക്കാരുടെ കവടിക്കു ആദ്യമായി പിഴചിട്ടുണ്ടാവാം, അല്ലാതെ ദീർഘസുമംഗലീ ഭാഗ്യം ഓപ്പോളുടെ ജാതകത്തിൽ നിന്നും മായ്ക്കാൻ മാത്രം ഈശ്വരൻ അത്ര ക്രൂരനല്ലല്ലോ…

‘ ഓപ്പോളേ നിക്ക് അവളില്ലാതെ വയ്യ ‘

‘ അപ്പൂ, നീയിപ്പോ പഠിക്കല്ലേ , മൂന്നാലു കൊല്ലം കൂടി കഴിഞ്ഞു പഠിത്തമൊക്കെ കഴിഞ്ഞു നല്ലൊരു ജോലിയൊക്കെ കിട്ടട്ടെ , ഞാൻ തന്നെ അച്യുതൻ നായരോട് കാര്യം പറയുന്നുണ്ട്, ന്റെ കുട്ടീടെ ഇഷ്ടത്തിന് ഓപ്പോള് എതിര് നിക്കോ’

മനസ്സിൽ ഒരായിരം ശലഭങ്ങൾ പറക്കുന്നതു പോലെ,
ഓപ്പോൾ പറഞ്ഞാൽ അച്ഛനും എതിരഭിപ്രായമുണ്ടാവില്ല. മാളുവിനോടിത് പറയാതെ ഇനി ഉറക്കം വരില്ല,

പടിഞ്ഞാറേ കാവും കഴിഞ്ഞു തെക്കേപ്പാട്ടെ കിഴക്കിനിയുടെ പിറകിലെത്തിയതും അച്ഛൻ ഓടികിതച്ചു കൊണ്ട് വരുന്നു.

‘ അപ്പൂ നീയെവിടെയാരുന്നു, എവിടെയൊക്കെ അന്വേഷിച്ചു …? പെട്ടന്ന് വീട്ടിലേക്കു വാ ‘

കാര്യമൊന്നും അന്വേഷിക്കാൻ സമയം തരാതെ അച്ഛൻ കൈപിടിച്ച് ധൃതിയിൽ നടന്നു..

കൈയ്യിലെ ചൂട്ടു കെട്ടുപോയെങ്കിലും അച്ഛന് വഴിയിലെ കല്ലും കുഴികളും നിശ്ചയമായിരുന്നു.

അച്ഛൻ എന്തൊക്കെയോ മനസ്സിൽ കണ്ടു കൊണ്ടാണീ പോവുന്നതെന്ന് ആ നടത്തത്തിന്റെ വേഗത കണ്ടാലറിയാം.

വീട്ടിലെത്തിയതും അച്ഛൻ ധൃതിയിൽ മുറിയിൽ കയറി കയ്യിൽ കിട്ടിയ തന്റെ ഷർട്ടും പാന്റുമെല്ലാം ഒരു ബാഗിൽ കുത്തി നിറച്ചു.

ക്ഷമയ്ക്കുമില്ലേ ഒരതിര് , അവസാനം സഹികെട്ടു ചോദിച്ചു.

‘ അച്ഛനെന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നത് , എന്തിനാ ന്റെ വസ്ത്രങ്ങളെല്ലാം ബാഗിൽ നിറക്കുന്നത് ..? ‘

‘ ന്റെ കുട്ടി അച്ഛൻ പറയുന്നത് കേൾക്കണം , നാട്ടുകാര് കൂടുന്നതിന് മുൻപ് എങ്ങോട്ടെങ്കിലും ഓടിപ്പോയ്ക്കോ ‘

‘ അച്ഛനെന്തൊക്കെയാ ഈ പറയുന്നത് ..? ‘

‘ അപ്പൂ, തെക്കേപ്പാട്ടെ കുളക്കടവിൽ ഒരു ശവം പൊന്തീട്ടുണ്ട് ‘

ഒരു ഞെട്ടലോടെയാണ് കേട്ടതെങ്കിലും ഉള്ളിൽ വല്ലാത്ത ജിജ്ഞാസയായിരുന്നു ..

‘ അതിനു ഞാനെന്തിനാ …’ വാക്കുകൾ മുഴുമിക്കാൻ സമ്മതിക്കാതെ അച്ഛൻ പറഞ്ഞു.

‘ മ്മടെ സാവിത്രീടെ മാളു…’

ഉള്ളിലെവിടെയോ ഒരായിരം ഇടി വെട്ടുന്നത് പോലെ. കണ്ണിൽ ഇരുൾ പടരുന്നുവോ. തൊണ്ട വരളാൻ തുടങ്ങി. വാക്കുകൾ പുറത്തോട്ടു വരാത്തത് പോലെ.

‘ നിക്കറിയായിരുന്നു നെനക്ക് അവളെ ഇഷ്ടമായിരുന്നു എന്ന്, പക്ഷെ ഇതിപ്പോ എല്ലാരും കൂടി ന്റെ കുട്ടിയെ …”

‘ അച്ഛാ മാളൂനെ ഞാൻ..’

‘അറിയാം ഒന്നും ഇങ്ങോട്ടു പറയണ്ടാ, അച്ഛൻ എന്നും ആജ്ഞകൾക്കു മുന്നിൽ ഒരു കാവൽ പട്ടിയെ പോലെയാരുന്നു. ഇന്നെന്റെ കുട്ടിയോടും ചെയ്യുമ്പോൾ അച്ഛൻ നിസ്സഹായനാണ് കുട്ടീ..”

‘ പലതിനും ഈ അച്ഛൻ സാക്ഷിയായിരുന്നു , ഒരിക്കൽ പോലും എതിര് നിൽക്കാത്തതിന് ഈശ്വരൻ തന്ന ശിക്ഷയാ ഇത് . ഇന്നീ ചതുരംഗക്കളിയിൽ ന്റെ കുട്ടിയെ കാലാളാക്കി കളിക്കുമ്പോഴും അച്ഛന് മറുത്തൊന്നും പറയാനാവുന്നില്ലല്ലോ.. ഈശ്വരാ…”

അച്ഛന്റെ ഉള്ളു പിടയുന്ന ശബ്ദം ആദ്യമായി അറിഞ്ഞു. ജന്മിത്വത്തിന്റെ അടിയനായിരുന്നു അച്ഛനെന്നും , തന്റെയുള്ളിലെ കമ്യൂണിസത്തെ വേരോടെ പിഴുതെറിയാൻ തെക്കേപ്പാട്ടിലെ കാരണവന്മാരുടെ ആജ്ഞ വന്നപ്പോഴും രഹസ്യമായി അച്ഛനതിനെ അനുകൂലിച്ചിരുന്നു…

‘ ഞാനെങ്ങോട്ടും പോവുന്നില്ലച്ഛാ , ആരാണ് …’

‘ ന്റെ കുട്ടീടെ കാലിൽ വീഴാം ഈ അച്ഛൻ. എങ്ങോട്ടെങ്കിലും ഓടി പോ , അച്ഛന് വയ്യ ഇതൊന്നും കാണാൻ ‘

പറഞ്ഞു തീരും മുൻപ് അച്ഛൻ തന്റെ കാൽക്കൽ വീണിരുന്നു..

‘ എന്തായിത് അച്ഛാ .. എഴുനേൽക്കു ..ഛെഹ് ‘

അച്ഛന്റെ നിസ്സഹായാവസ്ഥയ്ക്കു മുന്നില് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല..

പ്രത്യേകിച്ചു എടുക്കാനൊന്നുമില്ല. മുറിക്കുളിൽ കയറി, അമ്മയുടെ മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയുടെ പാതിയും ചിതലരിച്ചിരുന്നു. മേശവലിപ്പിൽ നിന്നും കൊത്തുപണികളുള്ള ഒരു കൊച്ചു മരപ്പെട്ടിയെടുത്തു , ചെറുപ്പത്തിലെങ്ങോ ഒരു പിറന്നാളിന് മാളു തന്നതായിരുന്നു…
അവള് പ്രാണനെ പോലെ കൊണ്ട് നടന്ന ഒരു കൊച്ചു മരപ്പെട്ടി, അതിൽ നിറയെ മഞ്ചാടിക്കുരുകൾ ആയിരുന്നു. ഒത്തിരി വഴക്കിട്ടതായിരുന്നു അതിനു വേണ്ടി അവളോട്, ഒടുവിൽ ആ വർഷത്തെ പിറന്നാളിനു അവളതു സമ്മാനമായി തരുമ്പോൾ അതിലവളുടെ പ്രണയമായിരുന്നോ അതോ പ്രാണൻ തന്നെയായിരുന്നോ…

കടത്തുതോണി കയറി പുഴ കടന്നു ഇരുട്ടിൽ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടക്കുമ്പോഴും ആ മരപ്പെട്ടി നെഞ്ചോടു ചേർത്ത് പിടിച്ചു. മാളുവിന്റെ
കൈത്തടം പോലെ അത് വളരെ മിനുസമുള്ളതായി തോന്നി…..

******

കാലം ബാക്കി വയ്ക്കുന്നത് ഓർമ്മകളുടെ കുറേ നരച്ച ഛായാചിത്രങ്ങൾ മാത്രമാണെന്ന് തോന്നും. ചിലപ്പോൾ, അവ പാടവരമ്പിലെ ചിതൽപുറ്റുകൾ പോലെ ആർക്കും വേണ്ടാതെ ഏതോ കൂടൊഴിഞ്ഞ സ്മാരകം കണക്കെ ജീവിതത്തിന്റെ ഒരേടു മാത്രമായി ഒറ്റപ്പെട്ടുകിടക്കും.

ഗോലാബരി, കൊൽക്കത്തയുടെ ഹൃദയഭാഗത്തു ഹൂഗ്ലിയുടെ തീരത്തോട് ചേർന്നു ,ചുമച്ചു തുപ്പുന്ന വൃദ്ധനെപ്പോലെ വിഴുപ്പിന്റെ ഭാണ്ഡവുമേറി പകലുകൾ കൊഴിയുന്നതറിയാതെ ആരോടും പരിഭവിക്കാതെ ചായ്‌ഞ്ഞുറങ്ങുന്ന പുഴയോരം.

കയ്യിലെ ചുരുട്ട് കുത്തിക്കെടുത്തി ടെറസ്സിൽ നിന്നും അകത്തേക്ക് കയറി. ഈ ബാൽക്കണിയിൽ നിന്നാൽ ഹൂഗ്ലി നദിയുടെ ചുവന്ന സൗന്ദര്യം അതിന്റെ വശ്യമായ നിഗൂഢതയിലേക്കു ക്ഷണിക്കുന്നത് പോലെ തോന്നും, എന്തോ ഈ തീരമൊരു ഗൃഹാതുരത്വമായി തോന്നിയത് കൊണ്ടാവാം പറഞ്ഞ വിലകൊടുത്തു ഈ ബംഗ്ളാവ് വാങ്ങിയത്…

ഈ നഗരം തനിക്കു നൽകിയതെന്താണ് , ഒരഭയാർത്ഥിയായി വന്ന താൻ ഈ നഗരത്തിൽ നേടിയെന്താണ്, നേട്ടങ്ങളെക്കാളേറെ നഷ്ടങ്ങളായിരുന്നു. എന്നോ മറന്ന തന്റെ പേര് , ആരോ ചാർത്തിയ വിളിപ്പേരിൽ താൻ മറന്നത് ആ പേര് മാത്രമായിരുന്നില്ല. എപ്പോഴോ ചിതലരിച്ച തന്റെ ആത്മാവിനെയായിരിക്കാം…

അകത്തു കയറിയപ്പോൾ മുറിയിലെ വലിയകണ്ണാടിക്ക് മുന്നിൽ ഏതോ രൂപം , ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ പ്രതിരൂപം എന്തോ പരിഹാസം കണക്കെ കണ്ണാടിയിൽ നിന്നും തുറിച്ചു നോക്കുന്നു. തന്നെ തന്നെ തിരിച്ചറിയാതിരിക്കാൻ മാത്രം താൻ തളർന്നിരിക്കുന്നു.
മുടിയിഴകളിൽ നരയുടെ വെളുത്ത രേഖകൾ തെളിഞ്ഞു കാണാൻ തുടങ്ങിയിരിക്കുന്നു. നെറ്റിയിൽ കറുത്ത പാടുകളിൽ ചുളിവുകൾ വീണത് ഏതൊക്കെയോ ചില ഓർമപ്പെടുത്തലുകളാവാം.

പലപ്പോഴും സ്വപ്നങ്ങളിൽ പാടവരമ്പും കൽവിളക്കും അരയാലുമൊക്കെയായി കോർത്തിണക്കിയ ദുഃസ്വപ്നങ്ങൾ വൈകിയെത്തുന്ന നിദ്രയെ വേട്ടയാടുമ്പോഴൊക്കെ ആലോചിക്കാറുള്ളതാണ് ഒരു തിരിച്ചുപോക്ക്. ഇല്ലെങ്കിൽ ഈ നഗരത്തിൽ ഒരു ഭ്രാന്തനെ പോലെ താനലയും.

ആസാദ് റോഡിലെ തെരുവ് വിളക്കിനു കീഴിൽ ഒരു ഭ്രാന്തൻ ഇരിക്കുന്നത് കണ്ടിരുന്നു. ഇടയ്ക്ക് അയാൾ തമിഴിൽ എന്തൊക്കെയോ ശ്ലോകങ്ങൾ പുലമ്പും . മുഷിഞ്ഞു കീറിയ ഷർട്ടിനുള്ളിൽ കൂടി അയാളുടെ പൂണൂലു കാണാം. ചില രാത്രികളിൽ അയാള് ആ പൂണൂല് വലിച്ചുകൊണ്ട് ഭ്രാന്തമായി അലറിക്കരയും. പെട്ടൊന്നൊരുവേള അയാളുടെ സ്ഥാനത്തു തന്നെയും ആലോചിച്ചുപോയി.

അല്ലെങ്കിലും ഇനിയും എന്തിനു പോകാതിരിക്കണം.
ആരോട് തീർക്കാനാണ് ഈ വിദ്വേഷം,
വയ്ക്കരി വയ്ക്കാനുള്ള യോഗമില്ലാതെ പോയ അച്ചനോടോ അതോ സ്വപ്നങ്ങളെ കുളക്കടവിൽ ചവിട്ടിത്താഴ്ത്തിയ വ്യവസ്ഥിതിയോടോ …?

******

വയലിനടുത്തുള്ള ടാറിട്ടറോഡിനിരുവശവും പുൽനാമ്പുകൾ മുളച്ചു വരുന്നത് കണ്ടാലറിയാം റോഡിന്റെ പുതുക്കം. വഴികളിൽ പലതും പുതുമയേറിയതായിരുന്നു ഓർമകളിൽ പൊടിതട്ടിയെടുക്കാനുള്ളതൊന്നും തന്നെ അവശേഷിക്കാതെ ഗ്രാമവും വളർന്നിരിക്കുന്നു.

” സാർ ഇനിയങ്ങോട്ട് വണ്ടി പോകുമെന്നു തോനുന്നില്ല “

തെക്കേപ്പാട്ടെ പടിപ്പുരയിൽ എത്തിയതും ഓർമ്മകളിൽ നിന്നുണർന്നു.

” സാരമില്ല ശേഖർ വണ്ടി ഒതുക്കിക്കോളൂ “

ആകെ മാറിയിരിക്കുന്നു ചുറ്റുപാടിൽ പരിചിതമായതൊന്നും തന്നെയില്ല. തെക്കേപ്പാട്ടെ മതിലിൽ ഒരു ബോർഡ് എഴുയിരിക്കുന്നു. ഏതോ റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണെന്നു തോനുന്നു.

” ആ മന കൊടുത്തു സാറെ, ഏതോ വലിയ റിസോർട്ടുകാരാ എടുത്തത് അവര്ടെ എന്തൊക്കെയോ വലിയ പ്രോജെക്ട് വരുന്നുണ്ടത്രേ “

പിറകിൽ ഒരു ചെറുപ്പക്കാരന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്

” ടൗണിൽ എയർപോർട് വരികയല്ലേ, അതോണ്ട് ഇവിടെയെല്ലാം സ്ഥലത്തിന് നല്ല വിലയാ, സാറിനു താല്പര്യം ഉണ്ടെങ്കിൽ പറ്റിയ സ്ഥലം മ്മടെ കയ്യിലുണ്ട്ട്ടാ “

” അപ്പോൾ ഇവിടെയുണ്ടായിരുന്നവരൊക്കെ ..?”
ചിരിച്ചു കൊണ്ട് അയാളോട് ചോദിച്ചു.

” ഭാഗം വയ്ക്കുന്നതിന് മുൻപേ എല്ലാരും പലേടത്തേക്കു മാറിയതല്ലേ. അമേരിക്കയിലുള്ള ചെറിയ തംമ്പ്രനല്ലേ ഇത് റിയൽ എസ്റ്റേറ്റ്കാർക്കു വിറ്റത് , അവര് ഏതോ ഹോട്ടലുകാർക്കു മറിച്ചു വിറ്റുന്നാ കേട്ടത് “

” ഒഹ് അത് ശരി, അപ്പോ എല്ലാവരും വിദേശത്താണോ ..? “

” കുറച്ചുപേരാരൊക്കെ ബാംഗ്ലൂരും കൊച്ചീലുമൊക്കെയുണ്ട്, പിന്നെയുള്ളത് ശ്രീദേവിയമ്മയാ മക്കളൊന്നുമില്ലാത്തോണ്ട് അവരെ ആരും എങ്ങോട്ടും കൊണ്ടോയില്ല “

” എന്നിട്ട് അവരവിടെ ..”

” മന വിൽക്കുന്നത് വരെ അവരൊറ്റയ്ക്കായിരുന്നു ഇവിടെ. ഒഴിയാനുള്ള നോട്ടീസ് കഴിഞ്ഞ ആഴ്ച്ച പടിപ്പുരയിൽ ഒട്ടിച്ചിരുന്നു, എങ്ങോട്ടു പോയോ ആവോ …?”

ഓപ്പോൾ…….
ഈശ്വരാ.. ആരോരുമില്ലാതെ ആർക്കും വേണ്ടാതെ ഒറ്റയ്ക്ക്…..!

തെക്കേപ്പാട്ടെ മുറ്റത്തേക്ക് കാലെടുത്തു വച്ചതും ഒരു സ്ത്രീ എന്തൊക്കെയോ പുലമ്പികൊണ്ടു വന്നു.
മുടിയിഴകളിൽ നര കയറി വരുന്നതേയുള്ളൂ. സുന്ദരമായ മുഖത്തിനു നടുവിൽ വറ്റിയ നീർത്തടം പോലെ തിളങ്ങുന്ന കണ്ണുകൾ, പച്ചക്കരയുള്ള നേര്യതും വലിയ ഫ്രയിമുള്ള കണ്ണടയും അവരിൽ പണ്ടെങ്ങോ മങ്ങിയ പ്രൗഢിയെ വിളിച്ചോതി.
ഓപ്പോൾ….. മനസ്സറിയാത്ത മന്ത്രിച്ചു.

” ഞാനെങ്ങടും മാറില്ല്യ , ഇനി പോലീസും കോടതിയും വന്നച്ചാൽ പോലും നിക്കു ഒഴിഞ്ഞു തരാൻ പറ്റില്ല്യ “

അതും പറഞ്ഞു അവർ കൊലായിലേക്കു കയറി..

‘ ഞാനതിനൊന്നും വന്നതല്ല….
നിങ്ങളുടെ പഴയ കാര്യസ്ഥൻ അച്യുതൻ അന്വേഷിച്ചു വന്നതാ ‘

അവർ തിരിഞ്ഞു നോക്കി, കണ്ണുകൾ പതിയെ വിടർന്നു.

‘ അച്യുതൻ പോയിട്ട് അഞ്ചട്ടു കൊല്ലായല്ലോ , ബലിയിടാൻ പോലുമാരുമില്ലെന്നു കേട്ടിരുന്നു, ഇവിടുന്നു പോയിട്ട് ഇരുപത്തഞ്ചു കൊല്ലായിക്കാണും, അതെ ഇരുപത്തഞ്ചു തന്നെ, നിക്ക് നല്ല നിശ്ചയണ്ട് ‘

‘ ഒരു മകനുണ്ടായിരുന്നല്ലോ കർമ്മങ്ങൾക്കൊന്നും വന്നില്ലേ ..? ‘

” അപ്പു….., ന്റെ കുട്ടി….” അവരുടെ കണ്ണുകൾ നിറഞ്ഞു..

” എല്ലാരും കൂടി ന്റെ കുട്ടിയെ ഇവിടുന്നു തല്ലിയോടിച്ചതല്ലേ…?
ഒരു തെറ്റും ചെയ്യാത്ത ന്റെ കുട്ടിയെ ല്ലാരും കൂടി കൊലപാതകിയാക്കിയില്ലേ …?
അവർ വിങ്ങികൊണ്ടു പറഞ്ഞു..

” എവിടെയാണന്നു ആർക്കറിയാം, മരിച്ചു പോയെന്നു ആരോക്കെയോ ഈയിടെ പറയുന്ന കേട്ടു…ഇല്ല…
നിക്കറിയാ ന്റെ കുട്ടി തിരിച്ചു വരും. ഞാൻ ഇവ്ട്ന്ന് പോയാൽ പിന്നെ ന്റെ കുട്ടി വരുമ്പോ ഇവ്ടെ ആരുണ്ടാവില്യ….”

അവർക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
അവരുടെ മുഖത്തേക്ക് നോക്കുംതോറും ഉള്ളിൽ നീറിക്കൊണ്ടിരുന്നു. ഈശ്വരാ ഓപ്പോളിന്നും
തനിക്കു വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നോ …
വയ്യ അതിന്റെ കണ്ണീരു ഇനിയും കാണാൻ.

” ഓപ്പോളേ ….”

ഉള്ളിലിത്രയും കാലമൊതുക്കി വച്ചതെന്തൊക്കെയോ ഇറങ്ങിപോവുന്നതു പോലെ…

അവരുടെ വിടർന്ന കണ്ണുകൾ ഒന്നുകൂടെ തിളങ്ങി. അവർ തന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു…

” അപ്പൂ …..”

” എവിടാരുന്നു ന്റെ കുട്ടിയിത്രയും കാലം,…?
ഈ ഇരുട്ടിൽ ഓപ്പോൾ കാത്തിരുന്നതത്രയും ന്റെ കുട്ടിക്ക് വേണ്ടിയായിരുന്നില്ലേ …?
ഒരിക്കൽ പോലും ഓർത്തില്ലേ നെന്റെ ഓപ്പോളേ …??”

ചോദ്യങ്ങൾ ശരങ്ങൾ കണക്കെ ഓപ്പോളിൽ നിന്നുമൊഴുകി….

” എന്നോടൊന്നും ചോദിക്കരുത് ഓപ്പോളേ, എന്റെ കയ്യിൽ ഒന്നിനും മറുപടിയില്ല …” വിങ്ങിക്കൊണ്ടു പറഞ്ഞു..

” എന്താച്ചാൽ എടുക്ക്വ ഓപ്പോളേ , ഇനിയീ ഇരുട്ടിൽ ഞാനോപ്പോളെ തനിച്ചു വിടില്ല…”

” എടുക്കാനൊന്നുമില്ല കുട്ടീ കാത്തിരുന്നതും ഈയൊരു ദിവസത്തിനായിരുന്നില്ലേ …!”

ഓപ്പോളെയും ചേർത്തുപിടിച്ചു തെക്കേപ്പാട്ടെ പടിയിറങ്ങുമ്പോൾ പിറകിൽ നിന്നും ഒരു എവിടെയോ ഒരു പാദസ്വരത്തിന്റെ കിലുക്കം,
ഒന്നു തിരിഞ്ഞു നിന്നു കയ്യിലെ മരപ്പെട്ടിയിൽ നിന്നും ഒരു മഞ്ചാടികുരുവെടുത്തു മുറ്റത്തേക്കെറിഞ്ഞു.
പാദസ്വരത്തിന്റെ കിലുക്കം ദൂരെയെങ്ങോ നേർത്തു നേർത്തു അലിഞ്ഞില്ലാതായാവുന്നതറിഞ്ഞു …..!

Aysha Khaleel

LEAVE A REPLY

Please enter your comment!
Please enter your name here