ന്യൂജേഴ്‌സി: ഡോ: രേഖാ മേനോന്റെ നേതൃത്വത്തില്‍ 2019 ലെ കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന് ആതിഥ്യം വഹിക്കാന്‍ ന്യൂജേഴ്‌സി ഒരുങ്ങുന്നു. ന്യൂയോര്‍ക്ക് ,കണക്ടിക്കട്ട് ,ബോസ്റ്റണ്‍ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന എമ്പയര്‍ റീജിയന്റെയും ന്യൂ ജേഴ്‌സി ,ഡി.സി ,ഫിലാഡല്‍ഫിയ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന ട്രൈ സ്റ്റേറ്റ് റീജിയന്റെയും ശക്തമായ പിന്തുണയും പ്രാതി നിധ്യവും ന്യൂജേഴ്‌സി ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു .ഡിട്രോയിറ്റ് മിഷിഗണിനു ശേഷം വര്‍ഷങ്ങളായി ശക്തമായ മലയാളി ഹൈന്ദവ സംഘടനാ പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു നഗരം കെ എച്ച്.എന്‍ എ കണ്‍വെന്‍ഷന് വേദിയാകുന്നു എന്ന പ്രത്യേകതയും ന്യൂ ജേര്‍സിക്കുണ്ട് .കെ എച്ച്എന്‍ എ യുടെ പത്താമത്തെ കണ്‍വെന്‍ഷന്‍ ഒരു വനിതാ പ്രസിഡന്റിന്റെ കീഴില്‍ നടത്താന്‍ തയ്യറെടുക്കുന്നു എന്ന പ്രത്യേകതയും സംഘടനാ എന്ന നിലയില്‍ അത് ആര്‍ജിക്കുന്ന കരുത്തിന്റെ പ്രതീകം ആയി മാറുന്നു

കെ എച്ച്.എന്‍.എ യുവയിലൂടെ കെ എച്ച്.എന്‍.എയുടെ മുഖ്യധാരയിലേക്ക് കടന്നു വന്ന് കഴിഞ്ഞ ആറു വര്‍ഷക്കാലമായി കെ.എച്ച്.എന്‍.എ യില്‍ സജീവ സാന്നിധ്യവും നിലവിലെ ജോയിന്റ് സെക്രട്ടറിയുമായ കൃഷ്ണരാജ് മോഹന്‍ ജനറല്‍ സെക്രട്ടറിയായും ഇപ്പോഴത്തെ ഗീതാമണ്ഡലം പ്രസിഡന്റും ചിക്കാഗോ കെ എച്ച്.എന്‍ എ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറും ആയിരുന്ന ജയ് ചന്ദ്രന്‍ വൈസ് പ്രസിഡന്റ് ആയും, കെ എച്ച്.എന്‍.എ മുന്‍ യുവ ചെയര്‍ സുനില്‍ വീട്ടില്‍ ട്രഷറര്‍ ആയും രേഖയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി മുന്നോട്ടു വരുമ്പോള്‍, നോര്‍ത്ത് അമേരിക്കയിലെ സാംസ്കാരിക സംഘടനാ ചരിത്രത്തില്‍ പരിചയ സമ്പത്തും ഊര്‍ജസ്വലതയും സമന്വയിക്കുന്നവരുടെ നേതൃത്വത്തില്‍ കെ.എച്ച്.എന്‍.എ യുടെ വളര്‍ച്ചക്ക് പുതിയ മാനം നല്കുവാന്‍ ന്യൂ ജേഴ്‌സി കണ്‍വെന്‍ഷനോടെ സാധിക്കുമെന്ന് ഡോ :രേഖാ മേനോന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ന്യൂജേഴ്‌സിയില്‍ കെ എച്ച്.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തുടക്കം നല്‍കിയ
കെ.എച്ച്.എന്‍.ജെയുടെ ന്യൂ ജേഴ്‌സി ചാപ്റ്റര്‍ ആയ കെ എച്ച്എന്‍ജെ രൂപീകരിക്കാന്‍പ്രാധാന പങ്കു വഹിച്ചത് രേഖ മേനോനാണ്. 2014 ലെ കെ.എച്ച്.എന്‍.എ യുവ കണ്‍വെന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ വിജയകരമായി നടത്താന്‍ നേതൃത്വം വഹിച്ച രേഖാ മേനോന്‍ ,കെ.എച്ച്.എന്‍.എ യുടെ തലപ്പത്തേക്കു വരാന്‍ തയ്യാറെടുക്കുമ്പോള്‍ അത് സംഘടനയുടെ മുന്നോട്ടുള്ള വഴികളില്‍ മറ്റൊരു നാഴിക കല്ലായി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കലാ രംഗത്ത് ഏഴാം വയസ്സ് മുതല്‍ സജീവമായ രേഖ ഭരതനാട്യം , മോഹിനിയാട്ടം,കഥകളി എന്നിവയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

കഥകളി ഉള്‍പ്പെടെയുള്ള ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രീ പൂര്ണത്രീയശന്‍ ഫൈന്‍ ആര്‍ട്‌സ് രൂപീകരിക്കാന്‍ മുന്‍ കയ്യെടുത്ത രേഖ ന്യൂജേഴ്‌സിയില്‍ 2003 മുതല്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചു വരുന്നു .15 വര്‍ഷത്തോളമായി 100 ലധികംപേരെ പങ്കെടുപ്പിച്ചു തിരുവാതിര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചുക്കാന്‍ പിടിക്കുന്നു രേഖ മേനോന്‍.

സംഘടനാ രംഗത്തെ കരുത്തുറ്റ വനിതാ സാന്നിധ്യം അറിയിച്ചു കൊണ്ട് ന്യൂജേഴ്‌സിയിലെ മലയാളി സംഘടന ആയ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ സെക്രട്ടറി ആയും വൈസ് പ്രെസിഡന്റ് ആയും പ്രവര്‍ത്തിച്ചു. ചിന്മയാ മിഷനില്‍ 15 വര്‍ഷത്തോളം സജീവമായി പ്രവര്‍ത്തിച്ചു പോരുന്നു. ന്യൂജേഴ്‌സിയിലെ ലോങ് ബ്രാഞ്ചിലുള്ള ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനില്‍ മെഡിക്കല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ: രേഖ ബ്രൂക് ലൈനില്‍ സഹോദരനായ രാകേഷിനൊപ്പം മെഡിക്കല്‍ ഹെല്‍ത്ത് സെന്റര്‍ നടത്തുന്നു.

കെ.എച്ച്.എന്‍.എയുടെ ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയ കൃഷ്ണരാജ് മോഹനന്‍ ,കെ എച്ച്. എന്‍ എയുടെ സമകാലിക പ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവ സാന്നിധ്യം അറിയിച്ചു വരുന്നു. ഐ ടി കണ്‍സള്‍ട്ടിംഗ് ബിസിനസ് രംഗത്ത് സംരഭങ്ങള്‍ നടത്തുമ്പോഴും ,കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ പ്രാദേശികമായും ദേശീയമായും നോര്‍ത്ത് അമേരിക്കയിലെ ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്നു അദ്ദേഹം .കഴിഞ്ഞ രണ്ടു വര്‍ഷത്തെ കെ എച് എന്‍ എ സേവാ ,ആത്മീയ വേദി എന്നിവയുടെ പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കൃഷ്ണരാജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. ശാസ്ത്ര സ്വാധ്യായത്തിനു പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന ന്യൂ യോര്‍ക്കിലെ എച്ച്.കെ.എസിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ കൃഷ്ണരാജ്, ഭാരത് ബോട്ട് ക്ലബ് ന്യൂ യോര്‍ക്കിന്റെ സെക്രട്ടറി ആയും സേവനം അനുഷ്ഠിക്കുന്നു . ഇത്തരം വൈവിധ്യമായ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച കൃഷ്ണരാജ് കെഎച്ച്.എന്‍.എ യുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു ഗതി വേഗം പകരാന്‍ യോജിച്ച വ്യക്തിത്വം ആണെന്ന് നിസംശയം പറയാം.

കഴിഞ്ഞ 6 വര്‍ഷമായി ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ പ്രെസിഡന്റ് ആയി ആ സംഘടനയെ ,അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളില്‍ ഏറ്റവും മികച്ചവയില്‍ ഒന്നാക്കി മാറ്റുകയും അനുകരണീയമായ ഹൈന്ദവ നവോത്ഥാന രീതികളിലേക്ക് ചിക്കാഗോ ഹിന്ദു കുടുംബങ്ങളെ മാറ്റിയെടുക്കാന്‍ നിരന്തരമായി അദ്ധ്വാനിക്കുകയും ചെയ്യുന്ന ശ്രീ ജയ് ചന്ദ്രന്‍ നോര്‍ത്ത് അമേരിക്കയില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വം ആണ് .42 വര്‍ഷമായി ചിക്കാഗോയില്‍ താമസിക്കുന്ന ജയ് ചന്ദ്രന്‍ ചിക്കാഗോ മലയാളീ അസ്സോസിയേഷന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചു .1977 ല്‍ ചിക്കാഗോയില്‍ ആദ്യമായി മലയാളത്തില്‍ റേഡിയോ പരിപാടികള്‍ തുടങ്ങാന്‍ മുന്‍ കൈയെടുത്തും 78 മുതല്‍ സാംസ്കാരിക കലാ രംഗത്തും സജീവമാണ് .അ തിനെല്ലാം ഉപരി ആയി കഴിഞ്ഞ 36 വര്‍ഷമായി ജയ് സി റിയല്‍റ്റി എന്ന മുന്‍ നിര റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമ കൂടി ആണ് അദ്ദേഹം.
ഗീതാമണ്ഡലത്തിന്റെ കഴിഞ്ഞ 6 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ഹൈന്ദവ മൂല്യങ്ങള്‍ ,ആചാര അനുഷ്ഠാനങ്ങള്‍ ,ആഘോഷങ്ങള്‍ അതിന്റെ തനിമ നഷ്ടപ്പെടാതെ ഭക്ത ജനങ്ങളിലേ ക്കെ ത്തിക്കുകയും ,കേവലം നാമ ജപത്തില്‍ മാത്രം ഒതുങ്ങാതെ അതിനു പിന്നിലുള്ള അന്തരാര്‍ത്ഥങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ അനുഭവ വേദ്യ മാവാന്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയുന്നു എന്നുള്ളിടത്താണ് അദ്ദേഹത്തിന്റെ നേതൃത്വം മുന്നിട്ടു നില്‍ക്കുന്നത് .കെ എച് എന്‍ എ യുടെ നിര്‍ണായക മുന്നേറ്റത്തിന് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തന പാരമ്പര്യം മുതല്‍കൂട്ടാകുമെന്നു കരുതാം.

കെ.എച്ച്.എന്‍.എ ന്യൂജേഴ്‌സി യുവ കണ്‍വെന്‍ഷന്‍ ചെയര്‍ ആയിരുന്ന സുനില്‍ വീട്ടില്‍ കെ.എച്ച്.എന്‍ ജെ യിലും ന്യൂ ജേഴ്‌സിയിലെ മറ്റു സംഘടനകളിലും സജീവ സാന്നിധ്യമാണ് .പ്രൊജക്റ്റ് സെല്‍ഫ് എന്ന സംഘടനയുടെ സ്ഥാപകരില്‍ ഒരാള്‍ ആയ അദ്ദേഹം , ആ സംഘടനയിലൂടെ ജീവിതത്തിലെ ദൈന ദിന വെല്ലുവിളികളെ പ്രാപ്തമാക്കാന്‍ കുട്ടികളെയും കുടുംബങ്ങളെയും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു ഐ ടി പ്രഫഷണല്‍ കൂടി ആയ അദ്ദേഹം . ശ്യാമ പ്രസാദിന്റെ “ഇവിടെ” എന്നസിനിമയില്‍ അഭിനയിച്ച സുനില്‍, എം. ടി യുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി അമേരിക്കയിലെ വിവിധ വേദികളില്‍ അവതരിപ്പിക്കപ്പെട്ട “വിരാടം’ നാടകത്തില്‍ പ്രധാന വേഷം ചെയ്തു കലാരംഗത്തും തന്റെ വ്യക്തിത്വം സ്ഥാപിച്ചു കഴിഞ്ഞു.

ചുരുക്കത്തില്‍ 2017 ല്‍ സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ ഡിട്രോയിറ്റ് കണ്‍വെന്‍ഷനിലൂടെ പുതു ചരിത്രം കുറിക്കുന്ന കെ.എച്ച്.എന്‍.എ ക്കു ശരവേഗം നല്‍കി പുതിയ ഉയരങ്ങളിലേക്ക് ആ സംഘടനയെ എത്തിക്കാന്‍ ഇവരുടെ നേതൃത്വത്തിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ 2019 ലെ കണ്‍വെന്‍ഷന് ആതിഥ്യം വഹിക്കാന്‍ പിഴക്കാത്ത ചുവടുകളുമായി മുന്നോട്ടു പോകാന്‍ ന്യൂജേഴ്‌സിയിലെ മലയാളീ ഹൈന്ദവ സമൂഹം തയ്യാറെടുക്കുന്നു ,നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ഉണര്‍വും മാറ്റങ്ങളുടെ വേലിയേറ്റങ്ങളും സൃഷ്ഠിച്ചു കൊണ്ട് കെ എച്ച്.എന്‍.എ എന്ന സംഘടനക്ക് പുത്തന്‍ തിളക്കം നല്‍കാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here