യുഎസുമായുള്ള ഇന്ത്യയുടെ ബന്ധവും രാജ്യാന്തര തലത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ചയും പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ്.

പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായി യുഎസ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്‌സ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം പഠാന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ പാകിസ്താന്റെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്നും ഭീകരാക്രമണം തടയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെടുകയാണെന്നും ഡാനിയല്‍ കോട്‌സ് വ്യക്തമാക്കി.

ഭീകരരെ സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റലിജന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സെനറ്റ് സെലക്ട് കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സ്വന്തം അവസ്ഥയേക്കുറിച്ച് പാക്കിസ്ഥാന്‍ ആശങ്കാകുലരാണെന്നും രാജ്യാന്തര തലത്തിലെ ഒറ്റപ്പെടലില്‍നിന്ന് രക്ഷപ്പെടാന്‍ ചൈനയുമായുള്ള ബന്ധം സുദൃഢമാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

യുഎസും സഖ്യരാജ്യങ്ങളും പരമാവധി സൈനിക പിന്തുണ നല്‍കുന്നുണ്ടെങ്കിലും, ദക്ഷിണേഷ്യന്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ അടുത്ത വര്‍ഷവും രാഷ്ട്രീയ, സുരക്ഷാ രംഗങ്ങളിലെ സ്ഥിതിഗതികള്‍ മോശമായി തുടരാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here