Home / പുതിയ വാർത്തകൾ / രുദ്രാണി (കഥ : ജയശ്രീ ശശികുമാർ )

രുദ്രാണി (കഥ : ജയശ്രീ ശശികുമാർ )

രുദ്രാണി --------------------------------------------------- ആളുകളുടെ തിരക്കൊന്നൊഴിഞ്ഞപ്പോൾ അവൾ അകത്തേക്ക് ഓടി. പൂർണ്ണമായും കത്തി തീർന്നിട്ടിലാത്ത ആ ശരീരത്തിലെ കാലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. ആ ഇരുണ്ട മുറിയിലെങ്ങും പച്ച മാസവും, ഉണങ്ങിയ പുളിമരത്തിന്റെ വിറകും എണ്ണയും ഒന്ന് ചേർന്ന് കത്തുന്നതിന്റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നു. ഭൂരിഭാഗവും കത്തിത്തീർന്ന ആ ശരീരത്തിലെ ചുട്ടുപൊള്ളുന്ന കാലുകളിൽ നിന്നും അവൾ ശ്രദ്ധയോടെ ആ സ്വർണ്ണകൊലുസ് തന്റെ കയ്യിൽ കരുതിയ കത്രിക കൊണ്ട് മുറിച്ചെടുത്തു. സർവ്വാഭരണ വിഭൂഷിതയായി നടന്നിരുന്ന ആ ശരീരത്തിൽ, ആകെ ശേഷിച്ചിരുന്നതു, ജീവിച്ചിരുന്നപ്പോൾ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്വർണ്ണക്കൊലുസ് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ അകാലത്തിലുണ്ടായ പരലോകയാത്രയിൽ ബന്ധുക്കൾ ആ കൊലുസ് മാത്രം അണിയിച്ചിരുന്നു. ആ കൊലുസുകൾ ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ച ശേഷം ആ കാലുകളിലേക് കുറച്ചു എണ്ണ ഒഴിച്ച് വിറകുകൊണ്ട് മൂടി ആ ശരീരത്തെ പൂര്ണമായും അഗ്നിക്ക് വിട്ടുകൊടുത്തു അവൾ തിരിഞ്ഞു നടന്നു. അവളുടെ കൈവെള്ളയിൽ കിടന്നു ആ കൊലുസുകൾ ചുട്ടുപൊള്ളി. ജീവന്റെ…

ജയശ്രീ ശശികുമാർ

ആളുകളുടെ തിരക്കൊന്നൊഴിഞ്ഞപ്പോൾ അവൾ അകത്തേക്ക് ഓടി. പൂർണ്ണമായും കത്തി തീർന്നിട്ടിലാത്ത ആ ശരീരത്തിലെ കാലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു

User Rating: Be the first one !

രുദ്രാണി

—————————————————

ആളുകളുടെ തിരക്കൊന്നൊഴിഞ്ഞപ്പോൾ അവൾ അകത്തേക്ക് ഓടി. പൂർണ്ണമായും കത്തി തീർന്നിട്ടിലാത്ത ആ ശരീരത്തിലെ കാലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. ആ ഇരുണ്ട മുറിയിലെങ്ങും പച്ച മാസവും, ഉണങ്ങിയ പുളിമരത്തിന്റെ വിറകും എണ്ണയും ഒന്ന് ചേർന്ന് കത്തുന്നതിന്റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നു. ഭൂരിഭാഗവും കത്തിത്തീർന്ന ആ ശരീരത്തിലെ ചുട്ടുപൊള്ളുന്ന കാലുകളിൽ നിന്നും അവൾ ശ്രദ്ധയോടെ ആ സ്വർണ്ണകൊലുസ് തന്റെ കയ്യിൽ കരുതിയ കത്രിക കൊണ്ട് മുറിച്ചെടുത്തു. സർവ്വാഭരണ വിഭൂഷിതയായി നടന്നിരുന്ന ആ ശരീരത്തിൽ, ആകെ ശേഷിച്ചിരുന്നതു, ജീവിച്ചിരുന്നപ്പോൾ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്വർണ്ണക്കൊലുസ് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ അകാലത്തിലുണ്ടായ പരലോകയാത്രയിൽ ബന്ധുക്കൾ ആ കൊലുസ് മാത്രം അണിയിച്ചിരുന്നു.

ആ കൊലുസുകൾ ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ച ശേഷം ആ കാലുകളിലേക് കുറച്ചു എണ്ണ ഒഴിച്ച് വിറകുകൊണ്ട് മൂടി ആ ശരീരത്തെ പൂര്ണമായും അഗ്നിക്ക് വിട്ടുകൊടുത്തു അവൾ തിരിഞ്ഞു നടന്നു. അവളുടെ കൈവെള്ളയിൽ കിടന്നു ആ കൊലുസുകൾ ചുട്ടുപൊള്ളി. ജീവന്റെ ചൂട്.. ആഗ്രഹങ്ങളുടെ ചൂട്..

രുദ്രാണി. നഗരത്തിൽ നിന്ന് ഒരുപാട് വടക്കു മാറി സ്ഥിതിചെയ്യുന്ന “ദേഹിദാഹം” എന്ന ശ്‌മശാനത്തിലെ കാവൽക്കാരി. നിളയുടെ തീരത്തു നിന്നും വിളിപ്പാടകലെ, ആത്മാക്കൾ പുകയായി ഉയർന്നു പൊങ്ങി അന്തരീക്ഷത്തിൽ ലയിക്കുന്ന ദേഹിക്ക് മോക്ഷം ലഭിക്കുന്ന പരിപാവനമെന്നു വിശ്വസിക്കപ്പെടുന്ന ശ്‌മശാനം. തികഞ്ഞ നിസ്സംഗതയോടെ പരാതികളില്ലാതെ, ആരോ ഏൽപ്പിച്ച ഉത്തരവാദിത്തം പോലെ അവൾ അവിടെ ജീവിച്ചു പൊന്നു. 

അങ്ങനെ ആത്മാക്കളുടെ കൂടെ നിളയുടെ തണുത്ത കാറ്റും ആസ്വദിച്ചു കൂടെ സന്തോഷത്തോടെ ജീവിച്ചു വരുന്നതിന്നിടക്ക് ഒരുദിവസം ഉച്ചയോടെയാണ് ശ്മാശാനത്തിലേക്ക് ആ കൗമാരകാരിയുടെ കടന്നു വരവ്. ആർത്തലച്ചു കരയുന്ന ബന്ധുജനങ്ങളുടെ കൂടെ. 

സ്വപ്‌നങ്ങൾ പൂത്തുലഞ്ഞിരുന്ന ആ മിഴികളടച്ചു ഒരു സുഖനിദ്രയിൽ എന്നപോലെ കിടക്കുന്ന അവളെ രൂദ്രാണി ഓട്ടകണ്ണ്‍ ഇട്ടോന്നു ന്നോക്കി . വെള്ളത്തുണിയില്‍ തുന്നി കെട്ടിയ ഒരു ശരീരം മുഖം മാത്രം മൂടാതെ. പ്രസന്നമായ, ചിരിച്ചിട്ടെന്നപോലെ കിടക്കുന്ന മുഖം. പെട്ടന്ന് കണ്ടാല്‍ ഉറങ്ങികിടക്കുകയാണെന്നേ തോന്നൂ. അലയടിച്ചുയർന്ന തേങ്ങലിൽ നിളാതീരത്തെ ബലിക്കാക്കകൾ അസ്വസ്ഥരായി ശബ്ദമുണ്ടാക്കി. കൂടെ വന്നതിൽ ചിലർ മാറി നിന്ന് അടക്കം പറയുന്നതു കേള്‍ക്കാം. “പാവം. കഴിഞ്ഞ പരീക്ഷക്ക് വരെ നല്ല മാർക്ക് വാങ്ങിയ കുട്ടിയാ. കോളേജിൽ പോകുന്ന വഴി ഏതോ പയ്യൻ അവൾക്ക് നീട്ടിയ പ്രണയം അവളുടെ അച്ഛന്റെ സ്വപ്നങ്ങളെ മുൻനിർത്തി അവൾ നിരസിച്ചപ്പോൾ  അവൻ കത്തിയെടുത്തു കുത്തിയതാ” പ്രണയത്തിനു ചോരയുടെ നിറമുണ്ട് എന്ന് തോന്നിക്കുന്ന അടക്കം പറച്ചിൽ.. “ഇനി അവർക്ക് ആരാണുളളത്. അച്ഛനും അമ്മയ്ക്കും ഒരേ മകളായിരുന്നു. ആ കുട്ടിയുടെ സമയം.. അത് അത്രേ ഉള്ളൂ.” ഒരു നെടുവീർപ്പിനാൽ അവർ സംസാരം അവസാനിപ്പിച്ചു.

കുറച്ചു ദൂരെ മാറി ആളുകള്‍ താങ്ങി പിടിച്ച ഒരു മനുഷ്യനെ രുദ്രാണി കണ്ടു. അതായിരിക്കണം ഈ കുട്ടിയുടെ അച്ഛന്‍. സ്വന്തമെന്നു പറയാൻ ആരുമില്ലാത്ത, ബന്ധങ്ങളുടെ വിലയറിയാത്ത, ബന്ധനങ്ങളില്ലാത്ത രൂദ്രാണി സ്ഥായീഭാവമായ പുച്ഛത്തിൽ അതിലേക്കൊന്നും മനസ്സ് കൊടുക്കാതെ തന്റെ ജോലി തുടര്‍ന്നു.. കഴിഞ്ഞ ആഴ്ച മോക്ഷം നേടിയ ആത്മാവിന്റെ ശരീരത്തിന്റെ ചാരവും അവൾ അടിച്ചു ഒരു കുടത്തില്‍ ആക്കി. ഏതോ അനാഥന്റെ ശരീരമായിരുന്നു അവിടെ പുകഞ്ഞുയർന്നത്. സാധാരണ  ശരീരം ദഹിപ്പിച്ചു കഴിഞ്ഞാൽ, പതിനഞ്ചു നാൾ കഴിഞ്ഞു ബന്ധുക്കൾ വന്നു “അസ്തി പെറുക്കൽ” എന്ന ചടങ്ങുണ്ട്. ഇതിപ്പോ അനാഥനായതുകൊണ്ടു ആരെയും പ്രതീക്ഷിക്കാനില്ല. 

ആ ആറടി നീളമുള്ള കുഴിയിൽ കുറച്ചു വെള്ളം തളിച്ച്  വൃത്തിയാക്കി രുദ്രാണി വിറക് അടുക്കാന്‍ തുടങ്ങി. എല്ലാം തയ്യാറാക്കി കഴിഞ്ഞു നടുവിൽ കൈ ഊന്നി വായിലെ മുറുക്കാൻ ഒന്ന് നീട്ടിത്തുപ്പി മാറി നിൽക്കുന്ന ബന്ധുക്കളോട്, ശരീരം ചിതയില്‍ എടുത്ത് വചോളാന്‍ അവൾ ആഗ്യം കാണിച്ചു

സ്ഥായിയായ വേർപ്പാടിന്റെ താങ്ങാനാവാത്ത സങ്കടത്തിൽ പെട്ടെന്നുയർന്ന കൂട്ടനിലവിളികള്‍ വകവയ്ക്കാതെ ആരൊക്കെയോ ചേര്‍ന്ന് ആ കുട്ടിയുടെ മൃതശരീരം ചിതയില്‍ വച്ചു മാറി നിന്ന്. മുഖമൊഴികെ എല്ലാം മൂടിക്കെട്ടിയ ആ ശരീരത്തിൽ തനിക്ക് വേണ്ടതൊന്നും ഇല്ലെന്നു കണ്ട രുദ്രാണി എണ്ണ പാത്രം എടുത്തു ശരീരത്തിലേക്ക് ഒഴിച്ച് ബാക്കി ഉള്ള വിറകുകള്‍ എടുത്തു മുകളിൽ അടുക്കാൻ തുടങ്ങി. പെട്ടന്നാണ് ദൂരെ തളര്‍ന്നിരുന്ന അച്ഛന്‍ ഓടി വന്ന് വല്ലാത്തൊരു ശക്തിയിൽ രുദ്രാണിയെ തട്ടി മാറ്റിയത്. ഒരു ഞെട്ടലിൽ വീണു പോയ രുദ്രാണി നോക്കുമ്പോൾ ആ അച്ഛൻ, കുട്ടിയുടെ കാലിന്റെ ഭാഗത്തെ വിറകെല്ലാം പെറുക്കി ദൂരെ എറിഞ്ഞു. എന്നിട്ട് ആ കാൽപാദങ്ങൾ മൂടിയിരുന്ന തുണി കീറി കളഞ്ഞു. ഇത്രയും കാലം തന്റെ നെഞ്ചിൽ താളം പിടിച്ചു, താൻ നടക്കാൻ പഠിപ്പിച്ച ആ പാദങ്ങളെ പുണർന്നു “അച്ഛന് നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലലോ മാളൂ”. ആ മനുഷ്യൻ പൊട്ടിക്കരഞ്ഞു. ഒരു മാത്ര കരച്ചിൽ നിർത്തി അദ്ദേഹം, തന്റെ പിറന്നാളിന് അവൾ സമ്മാനമായി തന്ന ആ നീല ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ആ സ്വര്‍ണ്ണ കൊലുസുകള്‍ പുറത്തേക്കെടുത്തു.  കണ്ണുനീരിലാൽ ആ കൊലുസുകൾ നനഞ്ഞിരുന്നു. വിറയാർന്ന കൈകളോടെ ആ കൊലുസുകൾ ആ അച്ഛൻ തന്റെ മോളുടെ ഓരോ കാലിലും  അണിയിച്ചു. പൂർണ്ണ ചന്ദ്രനെ പോലെ ആ പാദങ്ങൾ വെട്ടിത്തിളങ്ങി. 

ആ കാൽപാദങ്ങളിൽ അന്ത്യചുംബനം അർപ്പിച്ചതിനു ശേഷം കരഞ്ഞു കൊണ്ട് ആ അച്ഛൻ പറഞ്ഞു.”എന്റെ മോള്‍ ആദ്യമായും അവസാനമായും പറഞ്ഞ ആഗ്രഹമാണ് ഈ സ്വര്‍ണകൊലുസ്. അവള്‍ പോകുമ്പോള്‍ അതും അണിഞ്ഞു യാത്രയാക്കണം എനിക്ക്. ഇനിയൊരു ആഗ്രഹവും എന്റെ കുട്ടി എന്നോട് പറയില്ല.” ആ അച്ഛന്റെ വാക്കുകൾ മുറിഞ്ഞു. പിന്നിലേക്ക് മറിഞ്ഞു വീണ അദ്ദേഹത്തെ ആരൊക്കെയോ ചേർന്ന് താങ്ങിയെടുത്തു.

കണ്ടു നിന്ന എല്ലാവരുടെയും കണ്ണ് നിറക്കുന്ന ഹൃദയഭേദകമായ കാഴ്ച ആയിരുന്നു അത്. പക്ഷെ തന്റെ ഈ ജീവിതത്തിൽ ദിവസേന കാണുന്ന ഇത്തരം കാഴ്ചകൾ രുദ്രാണിയിൽ പ്രത്യേകം വികാരങ്ങളൊന്നും ജനിപ്പിച്ചില്ല. ആ സ്വർണ്ണക്കൊലുസുകൾ അവളുടെ കണ്ണിൽ തിളങ്ങി നിന്നു. ഗൂഢമായ ഒരു ആനന്ദത്തോടെ അവൾ തന്റെ ജോലി തുടർന്നു. വിറകുകൾ ആ ശരീരത്തെ മൂടി. പക്ഷെ കാലിന്റെ ഭാഗം അധികം വിറക് അടുക്കാതെ എന്നാൽ പുറത്തു നിന്നും നോക്കിയാൽ കാണാത്ത രീതിയിൽ അവൾ മാറ്റിവെച്ചു. 

ചിത ഒരുങ്ങി. ബന്ധുക്കളോട് ചിതക്ക് തീകൊടുത്തുകൊള്ളാൻ അവൾ ആംഗ്യം കാണിച്ചു. തളർന്നു കിടക്കുന്ന അച്ഛനെ സാക്ഷി നിർത്തി ബന്ധുക്കള്‍ ചിത കത്തിച്ചു. ഒരു കൗമാരക്കാരിയുടെ സ്വപ്‌നങ്ങൾ പുകഞ്ഞു പൊങ്ങി. ചിലർ ചേർന്ന് അച്ഛനെ താങ്ങി എടുത്തു അവർ വന്ന വാഹനത്തിലേക്ക് കയറ്റി. ബന്ധുക്കൾ ചിത കത്തി പകുതി ആകുമ്പോഴേക്കും കുളിക്കാനായി പുഴയിലേക്ക് ഇറങ്ങി .

അപ്പോഴാണ്ആ രുദ്രാണി തന്റെ “യഥാർത്ഥ ജോലി” തുടങ്ങിയത്. അവൾ, എരിഞ്ഞു കത്തുന്ന ചിതയുടെ ചൂടിനെ വക വെക്കാതെ, മൂക്കിലേക്ക് തുളച്ചു കയറുന്ന മാംസഗന്ധം വക വെക്കാതെ, ആ മൃതശരീരത്തിന്റെ കാൽഭാഗത്തു ഒഴിച്ചിട്ടിരുന്ന സ്ഥലത്തു വിദഗ്ധമായി കൈ കടത്തി ചിതയുടെ ചൂടിൽ പൊള്ളുന്ന ആ കാലിൽ നിന്നും ആ അച്ഛന്റെ അന്ത്യസമ്മാനമായ ആ കൊലുസുകൾ ഊരിയെടുത്തു. ധൃതിയിൽ മടിയിലൊളിപ്പിച്ചു.

പുഴയിൽ നിന്നും കയറിവന്ന ബന്ധുക്കൾ വിതുമ്പലോടെ ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന ആ പുകമണ്ഡലത്തിൽ എരിഞ്ഞു തീർന്ന ആ സ്വപ്നങ്ങളെ കുറിച്ചോർത്ത് വിലപിച്ചു. പതിനഞ്ചാം നാൾ ചിതാഭസ്മം വാങ്ങാനെത്താം എന്ന ധാരണയിൽ വന്നവരൊക്കെ തിരിച്ചു പോയി. കത്തികൊണ്ടിരിക്കുന്ന ചിതയും രുദ്രാണിയും നിളയും മാത്രം ബാക്കിയായി. എരിഞ്ഞു തീർന്ന ആ ചിതയെ സാക്ഷിയാക്കി അവൾ അവളുടെ മടികുത്തില്‍ ഒളിപ്പിച്ച ആ കൊലുസുകൾ അവള്‍ കൈയില്‍ എടുത്തു. എരിഞ്ഞടങ്ങുന്ന ചക്രവാളത്തിൽ ആ കൊലുസുകൾ വെട്ടി തിളങ്ങി. അതവള്‍ മാറ്റിയും മറിച്ചും നോക്കി. പിന്നെ ഒട്ടൊരു കൗതുകത്തോടെ അതെടുത്തു തന്റെ കാലില്‍ അണിഞ്ഞു. ഒരുമാത്ര എവിടെനിന്നോ ഒരു തേങ്ങല്‍. അതോ അത് തനിക്കു

തോന്നിയതാണോ. രുദ്രാണി കാതോര്‍ത്തു. കാലില്‍ കിടക്കുന്ന കൊലുസ് അവള്‍ക്കു ചുട്ടു പൊള്ളുന്നതു പോലെ തോന്നി. ഒരു ചെറിയ ഞെട്ടലോടെ അവളതു വേഗം ഊരിമാറ്റി തന്റെ ഭാണ്ഡകെട്ടില്‍ ഒളിപ്പിച്ചു.

അന്ന് രാത്രി രുദ്രാണിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ബന്ധങ്ങളോ ബന്ധങ്ങളോ നാളെയെ പറ്റി ഉള്ള ചിന്തകളോ ഇല്ലാതെ സ്വസ്ഥമായി ഉറങ്ങിയിരുന്ന അവളുടെ ഉറക്കം എടുത്തു പറയാനില്ലാത്ത എന്തോ ഒരു കാരണത്താൽ അവൾക്ക് നഷ്ട്ടപ്പെട്ടു. തന്റെ ഭാണ്ഡക്കെട്ടിൽ തലചേർത്തു കിടക്കുമ്പോൾ ഭാണ്ഡത്തിന്റെ ഉള്ളിൽ നിന്ന് ഒരു തേങ്ങൽ ഉയരുന്ന പോലെ. അന്ന് വരെ തോന്നാത്ത ഒരു ഉൾഭയം അവളെ  ആവരണം ചെയ്തു. ശരീരമാകെ പൊള്ളുന്നത് പോലെ തോന്നിയ അവൾ തന്റെ ഭാണ്ഡക്കെട്ട് വലിച്ചെറിഞ്ഞു ഒരു ഭ്രാന്തിയെ പോലെ അലറിക്കൊണ്ട് നിളയിലേക്ക് ഓടി. രാത്രിയുടെ നിശബ്ദതയിൽ തണുത്തു കിടന്നിരുന്ന വെള്ളത്തിൽ അവൾ മുങ്ങിക്കിടന്നു. തണുപ്പിലാണ്ട്‌ കിടക്കുന്ന നിളപോലും അവൾക്ക് തിളച്ചു മറിയുന്ന വെള്ളമായി തോന്നി. എങ്ങും ചൂട് പച്ച മാംസം കത്തുന്ന ഗന്ധം, ഒരച്ഛന്റെയും മകളുടെയും തേങ്ങൽ.

അവൾ പുഴയിൽ നിന്നും എഴുന്നേറ്റ് നടന്നു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ആ എരിഞ്ഞടങ്ങിയ ചിതയിലേക്ക് നോക്കിക്കൊണ്ടു അല്പനേരം നിന്നു. അവളുടെ ജടപിടിച്ച മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു. നിളാതീരത്തെ മണൽതരികൾ പൊതിഞ്ഞ അവളുടെ കാലുകൾ യാന്ത്രികമായി മുന്നോട്ട് ചലിച്ചു. ദൂരെ വലിച്ചെറിഞ്ഞ അവളുടെ ഭാണ്ഡക്കെട്ട് അവൾ തുറന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ അതിനുള്ളിൽ സൂക്ഷിച്ച കൊലുസ് പുറത്തെടുത്തു. നിലാവിൽ ആ കൊലുസുകൾ കനൽക്കട്ട പോലെ വെട്ടിത്തിളങ്ങി. അവളുടെ കൈ പൊള്ളി വിയർക്കാൻ തുടങ്ങി. ശ്മാശാനത്തിന്റെ പുറകിൽ വിറകുകൾ അടുക്കി വെച്ച മുറിയിലേക്ക് അവൾ നടന്നു കയറി. ആ മുറിയുടെ വടക്കേ മൂലയിലായി അടുക്കി

വെച്ച വിറക് അവൾ ഭ്രാന്തമായ ആവേശത്തോടെ തള്ളി മാറ്റി. വിറകുകൾക്കടിയിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന മഞ്ഞ നിറമുള്ള ആ ചാക്ക് അവൾ ശ്രദ്ധയോടെ പുറത്തേക്കെടുത്തു. കീറിത്തുടങ്ങിയ ആ ചാക്കും എടുത്ത് അവൾ പുറത്തേക്കിറങ്ങി. അന്നവിടെ എരിഞ്ഞുതീർന്ന ആ കൗമാരക്കാരിയുടെ ചിതയുടെ അരികിലായി അവൾ വെറും മണ്ണിൽ ഇരുന്നു. പതുക്കെ ആ ചാക്ക് അഴിച്ചവൾ മണ്ണിൽ കുടഞ്ഞിട്ടു. അന്ന് വരെ ആത്മാക്കളുടെ അന്തയാത്രയിൽ നിന്നും ഊരിയെടുത്ത സ്വർണ്ണങ്ങൾ എല്ലാം ആ ചാക്കിലായിരുന്നു അവൾ സൂക്ഷിച്ചിരുന്നത്. നിലാവിന്റെ വെളിച്ചത്തിൽ ആ സ്വർണ്ണാഭരങ്ങൾ ആ മണ്ണിൽ കിടന്നു തിളങ്ങി.

അവൾ അതൊരൊന്നായി ധരിച്ചു. ഓരോ ആഭരണവും ധരിക്കുമ്പോഴും അവൾക്ക് മേലാസകലം പൊള്ളുന്ന പോലെ തോന്നി. നിറഞ്ഞ കണ്ണുകളോടെ അവസാനമായി അവൾ ആ കൊലുസുമണിഞ്ഞു. ആ ചിതക്ക് അരികിൽ എഴുന്നേറ്റ് നിന്നപ്പോൾ കുറ്റബോധത്താൽ അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. ഇത്രയും കാലം താൻ സ്വന്തമാക്കിയ ആഭരണങ്ങൾ, ആത്മാവിന്റെ ആഭരണങ്ങൾ, ഓരോവീട്ടുകാരുടെയും സ്വപ്‌നങ്ങൾ, ആരുടെയോ ജീവിത വാഗ്ദാനമായപരിശുദ്ധമായ ഒരു താലിമാല എല്ലാം എല്ലാം അവളിൽ കിടന്നു പൊള്ളി.

എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ ഒരു ചിതയിൽ വിറകുകൾ അടുക്കാൻ തുടങ്ങി. അപ്പോഴും അവൾ കരയുകയായിരുന്നു. അടുക്കി വെച്ച വിറകിൽ എണ്ണ ഒഴിച്ചതിനു ശേഷം അവൾ ചിതക്ക് തീ കൊടുത്തു. തെളിഞ്ഞു നിൽക്കുന്ന നിലാവിൽ ചന്ദ്രനെ നോക്കി അവൾ പൊട്ടികരഞ്ഞു. ഇന്നലെ വരെ അവൾക്ക് കൂട്ടുണ്ടായിരുന്ന ആത്മാക്കൾ ഏവരും അവളുടെ ചുറ്റും ഉള്ളതായി അവൾക്ക് തോന്നി. കൂട്ടത്തിൽ ആ കൗമാരക്കാരിയും ഉണ്ടായിരുന്നു. ഉണങ്ങാത്ത കണ്ണീരോടെ, അടക്കിപിടിച്ച തേങ്ങലോടെ. കൈകൾ കൂപ്പി അവൾ ആ ആത്മാക്കളോട് മാപ്പിരന്നു.

പ്രിയപ്പെട്ടവരുടെ അന്ത്യ സമ്മാനങ്ങൾ സ്വന്തമാക്കിയതിന്. അലറിക്കരഞ്ഞു കൊണ്ട് സർവ്വാഭരണധാരിയായ അവൾ ആളിക്കത്തുന്ന ആ ചിതയിലേക്ക് എടുത്തു ചാടി.

നിളയുടെ തീരത്തെ തഴുകി ഒരു തണുത്ത കാറ്റ് അവിടെ വീശി. ആ കാറ്റിൽ രുദ്രാണിയുടെ ആത്മാവും പുകയായി മുകളിലേക്കുയർന്നു.

രുദ്രാണി അവിടെ അവസാനിക്കുകയായിരുന്നു. ഒരുപാട് ആത്മാക്കൾക്ക് അന്ത്യയാത്ര പാതയൊരുക്കിയ അവൾ കുറ്റബോധം തീർത്ത പാതയിലൂടെ പറന്നകന്നു. ബന്ധങ്ങൾ അറിയാത്ത ബന്ധനങ്ങൾ അറിയാത്ത, സ്നേഹത്തിൽ വിശ്വാസമില്ലാത്ത അവൾക്ക് കൂട്ടായി അപ്പോഴും ആ ആത്മാക്കളുണ്ടായിരുന്നു..

പുഴയോരത്തു ഇപ്പോഴും ഒരു തേങ്ങൽ അലയടിക്കുന്നുണ്ട്. കുറ്റബോധത്തിന്റെ തേങ്ങൽ.

——————————————–

ജയശ്രീ ശശികുമാർ 

Check Also

ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍

ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍ സി.ഇ.ഓ. ടിം …

Leave a Reply

Your email address will not be published. Required fields are marked *