Home / കായികം / ക്രിക്കറ്റിലെ ക്ലാസ്സിക്കല്‍ പോരാട്ടത്തിന് ലണ്ടനിലെ ഓവലില്‍ കളമൊരുങ്ങി

ക്രിക്കറ്റിലെ ക്ലാസ്സിക്കല്‍ പോരാട്ടത്തിന് ലണ്ടനിലെ ഓവലില്‍ കളമൊരുങ്ങി

ക്രിക്കറ്റിലെ ക്ലാസ്സിക്കല്‍ പോരാട്ടത്തിന് ലണ്ടനിലെ ഓവലില്‍ കളമൊരുങ്ങി. ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ടം ഇന്ന് ഓവലില്‍ അരങ്ങേറും. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ പാകിസ്താന്‍ ആദ്യമായാണ് ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ കളിക്കുന്നത്. കന്നി കിരീടമാണ് അവരുടെ മുന്നിലുള്ള ലക്ഷ്യം. ആദ്യ മത്സരത്തില്‍ പാകിസ്താനെ കീഴടക്കി തുടങ്ങിയ ഇന്ത്യ ടൂര്‍ണമെന്റില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടത് മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും ക്ലിനിക്കലായ മുന്നേറ്റമാണ് നടത്തിയത്. പാകിസ്താനാകട്ടെ ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മികച്ച മുന്നേറ്റമാണ് പിന്നീട് പുറത്തെടുത്തത്. ആദ്യ മത്സരത്തെ അപക്ഷിച്ച് അത്ര ലാഘവത്തില്‍ ഇന്ത്യ ചിരവൈരികളെ നേരിടാനിറങ്ങില്ലെന്ന് സാരം.
ഇരു പക്ഷവും ബാറ്റിങിലും ബൗളിങിലും സന്തുലിതത്വം നിലനിര്‍ത്തുന്നതിനാല്‍ ആര്‍ക്ക് മുന്‍തൂക്കമെന്ന് പ്രവചിക്കുക സാധ്യമല്ല. കടലാസില്‍ ഇരു ടീമുകളും തുല്ല്യത പാലിക്കുന്നുണ്ട്. എങ്കിലും നേരിയ മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാം. പാകിസ്താന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മുഖമുദ്ര അവരുടെ അസ്ഥിരതയാണ്. അതുകൊണ്ട് തന്നെ മൈതാനത്ത് അവരുടെ ഭാഗത്ത് നിന്ന് എന്തും പ്രതീക്ഷിക്കാം. ഇന്ത്യയോട് ആദ്യ മത്സരം തോറ്റ ശേഷമുള്ള അവരുടെ കളിയോടുള്ള സമീപനം തന്നെ മാറിയതും ഫൈനല്‍ പ്രവേശവും ഉദാഹരണം. ഇന്നത്തെ മത്സരം ഇന്ത്യന്‍ ബാറ്റിങും പാക്‌സിതാന്‍ ബൗളിങും തമ്മിലുള്ളതാണ്.
ബാറ്റിങില്‍ ശിഖര്‍ ധവാന്‍ 371 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി നില്‍ക്കുന്നു. സഹ ഓപണര്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മിന്നും ഫോമില്‍ തന്നെ. പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി ഇടപെടാനുള്ള അവസരം ഈ മൂന്ന് പേരും നല്‍കിയിട്ടില്ല എന്നത് ഇന്ത്യന്‍ ബാറ്റിങിന്റെ കരുത്താണ് കാണിക്കുന്നത്. ഒപ്പം ബൗളിങിലും ഇന്ത്യ നിലവാരമുള്ള പ്രകടനം പുറത്തെടുക്കുന്നു. ബംഗ്ലാദേശിനെതിരായ സെമിയില്‍ ഒരു ഘട്ടത്തില്‍ മുന്‍നിര ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ കേദാര്‍ ജാദവിന് ധോണിയുടെ നിര്‍ദേശം മാനിച്ച കോഹ്‌ലി പന്തേല്‍പ്പിച്ചതും നിര്‍ണായക വിക്കറ്റുകള്‍ ജാദവ് വീഴ്ത്തിയതും ഇന്ത്യക്ക് അധിക ആനുകൂല്യമായി നില്‍ക്കുന്നു. ഇന്ത്യയുടെ രഹസ്യ ആയുധമായാണ് ജാദവിനെ വിലയിരുത്തുന്നത്. പരുക്കിന്റെ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇന്ന് ആര്‍ അശ്വിന് പകരം ഉമേഷ് യാദവ് കളത്തിലെത്തിയേക്കും. സെമിയില്‍ കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളുണ്ടാകില്ലെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി വ്യക്തമാക്കി കഴിഞ്ഞു.
പാകിസ്താനെ സംബന്ധിച്ച് വേണ്ട സമയത്ത് ഓരോ താരങ്ങള്‍ മികവ് പുലര്‍ത്തിയതാണ് അവരുടെ മുന്നേറ്റത്തിന്റെ കാതലായ കാര്യം. ബാറ്റിങില്‍ വാലറ്റത്ത് നായകന്‍ സര്‍ഫ്രാസ് അഹമദടക്കമുള്ളവര്‍ പുറത്തെടുത്ത ഇച്ഛാശക്തി അവരുടെ വിജയത്തില്‍ നിര്‍ണായകമായി. ഓപണിങില്‍ അസ്ഹര്‍ അലി- ഫഖര്‍ സമാന്‍ സഖ്യം ക്ലിക്കായതും മുഹമ്മദ് ഹഫീസ് ഫോം പ്രകടിപ്പിച്ചതും അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഘടകങ്ങളാണ്. ബൗളിങില്‍ ഹസന്‍ അലിയുടെ താരോദയമാണ് പാകിസ്താന്റെ ഇപ്പോഴത്തെ കരുത്ത്. കളിയില്‍ നിര്‍ണായക വഴിത്തിരുവുകള്‍ സൃഷ്ടിക്കാന്‍ താരത്തിന് സാധിച്ചത് അവരുടെ മുന്നേറ്റത്തില്‍ സ്വാധീനം ചെലുത്തി. പരുക്കിനെ തുടര്‍ന്ന് സെമിയില്‍ കളിക്കാതിരുന്ന പേസര്‍ മുഹമ്മദ് ആമിര്‍ ഇന്നും ഇറങ്ങാന്‍ സാധ്യതയില്ല. ആമിറിന് പകരം സെമിയില്‍ ഏകദിന അരങ്ങേറ്റം നടത്തിയ റമ്മന്‍ റയീസ് സ്ഥാനം നിലനിര്‍ത്തിയേക്കും.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങള്‍ എക്കാലത്തും ആവേശത്തിന്റെ വിളനിലങ്ങളാകാറുണ്ട്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിജയ ശതമാനം അധികം പാകിസ്താനാണ്. 72 വിജയങ്ങളാണ് ഇന്ത്യക്കെതിരേ അവര്‍ക്കുള്ളതെങ്കില്‍ ഇന്ത്യ വിജയിച്ചത് 52 മത്സരങ്ങളിലാണ്. അതേസമയം പ്രധാന ടൂര്‍ണമെന്റുകളിലൊന്നും സമീപ കാലത്ത് ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്താന് സാധിച്ചിട്ടില്ല. പത്ത് മത്സരങ്ങളില്‍ എട്ടിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
സാധ്യതാ ടീം: ഇന്ത്യ- വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, യുവരാജ് സിങ്, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ (ഉമേഷ് യാദവ്), ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ.
പാകിസ്താന്‍- സര്‍ഫ്രാസ് അഹമദ് (ക്യാപ്റ്റന്‍), അസഹ്ര്‍ അലി, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, ഇമദ് വാസിം, മുഹമ്മദ് ആമിര്‍ (റുമ്മന്‍ റയീസ്), ഷദബ് ഖാന്‍, ഹസന്‍ അലി, ജുനൈദ് ഖാന്‍.

Check Also

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ്: നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍ ഒരു ഗോള്‍ ജയം

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ തറപറ്റിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. ഇതോടെ കേരളം പ്ലേ ഓഫ് …

Leave a Reply

Your email address will not be published. Required fields are marked *