കോട്ടയം: പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ നയിക്കുന്ന സ്നേഹസോപാനം മ്യൂസിക്ഫെസ്റ്റ് ജൂലൈ 28 – ആഗസ്റ്റ് 15 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തുന്നു. യുഎഇയിൽ നിന്നുള്ള എട്ടംഗ ടീമിനോടൊപ്പം കേരളത്തിലെ കലാകാരന്മാരും ചേർന്ന് അവരതിപ്പിക്കുന്ന ഈ സംഗീതപരിപാടിയിൽ പാസ്റ്റർ ഭക്തവത്സലനോടൊപ്പം മറ്റു പ്രശസ്തഗായകരും ഗാനങ്ങൾ ആലപിക്കും.

സംഗീതത്തിൻറെ സമസ്തമേഖലകളിലും 46 വർഷമായി തനതു വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റർ ഭക്തവത്സലൻ രചനയും സംഗീതവും നിർവഹിച്ചിട്ടുള്ള ഗാനങ്ങളാണു മ്യൂസിക്ഫെസ്റ്റിൽ ആലപിക്കുന്നത്. ‘പരിശുദ്ധൻ മഹോന്നതദേവൻ’, ‘പാടുവാൻ എനിക്കില്ലിനി ശബ്ദം’, ‘ആരാധ്യനെ’, ‘മായയാമീലോകം’, ‘കനിവേറും യേശുനാഥാ’, ‘ഉയർന്നിതാ വാനിൽ’ എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250ൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജന്മംകൊണ്ടവയാണ്.

ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘവർഷം പ്രവർത്തിച്ച പാസ്റ്റർ ഭക്തവത്സലൻ, ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള ബേർശേബാ മിനിസ്ട്രീസ് ഇന്ത്യയുടെ ഡയറക്ടറാണ്. കേരളത്തിൽ സംഗീതപരിപാടികൾ നടത്താനും പ്രോഗ്രാമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും താൽപര്യമുള്ളവർ 07829344049, 9447350038 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

-ടോണി ഡി ചെവ്വൂക്കാരൻ

 

LEAVE A REPLY

Please enter your comment!
Please enter your name here