ഷിക്കാഗോ: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ (6099 N Northcott Ave, Chicago, IL 60631) കാവല്‍ പിതാവായ പരിശുദ്ധ മാര്‍ത്തോമാ ശ്ശീഹായുടെ ദുക്‌റോനോ പെരുന്നാള്‍ ജൂലൈ 7,8,9 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി കൊണ്ടാടുന്നു.

ജൂലൈ രണ്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റുന്നതോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും.

അഭിവന്ദ്യ പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഷിക്കാഗോയിലെ സഹോദരീ ഇടവകകളിലെ വികാരിമാര്‍ വിവിധ ശുശ്രൂഷകളില്‍ പങ്കെടുക്കും.

ജൂലൈ മാസം ഏഴാംതീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരവും തുടര്‍ന്നു വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. എട്ടാംതീയതി ശനിയാഴ്ച രാവിലെ 4 മണിക്ക് പെരുന്നാളിനോടനുബന്ധിച്ചുള്ള ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍, ഭക്ഷ്യ-കാലാമേളകളുടെ ഉദ്ഘാടനം എന്നിവ നടക്കും. വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരവും ധൂപപ്രാര്‍ത്ഥനയും നടക്കും.

ഒമ്പതാം തീയതി ഞായറാഴ്ച രാവിലെ 8.30-നു പ്രഭാതനമസ്കാരവും, വിശുദ്ധകുര്‍ബാനയും തുടര്‍ന്നു മുത്തുക്കുടകള്‍, കൊടി എന്നിവയേന്തി ഷിക്കാഗോ ചെണ്ട ക്ലബിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും. ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത് എന്നിവയ്ക്കുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്. കൊടിയിറക്കത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

പെരുന്നാളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ഹാം ജോസഫ് (വികാരി) 708 856 7490, ഷാജന്‍ വര്‍ഗീസ് (ട്രസ്റ്റി) 847 997 8253, കോശി ജോര്‍ജ് (സെക്രട്ടറി) 224 489 8166 എന്നിവര്‍ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here