കൊച്ചി: മലയാളത്തിലെ നായികനടിയെ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്. ഇതിനായി തിരക്കഥ തയാറാക്കിയ വില്ലന്മാര്‍ ആരോക്കെ. ഈ പ്രശ്‌നങ്ങള്‍ വീണ്ടും മലയാളികളുടെ സജീവചര്‍ച്ചയിലേക്കു വരികയാണ്. കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണിത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കെതിരെ ആദ്യകുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചെന്നു പ്രതികളെ തെറ്റിധരിപ്പിച്ച പൊലീസ് ഇവരുടെ ഫോണ്‍ വിളികള്‍ അടക്കം നിരീക്ഷിച്ചിരുന്നു.

ജയിലില്‍ നിന്നു പ്രതികള്‍ പുറത്തേക്കു വിളിച്ച ഫോണ്‍ കോളുകള്‍ മൂന്നു മാസമായി പൊലീസ് പരിശോധിച്ചിരുന്നു. ഈ ഫോണ്‍വിളികളില്‍ നിന്നാണു കേസിന്റെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണായക സൂചനകള്‍ പൊലീസിനു ലഭിച്ചത്. ഇതോടൊപ്പം കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ സഹതടവുകാരന്‍ ജിന്‍സനോടു വെളിപ്പെടുത്തിയ വിവരങ്ങളും കേസിന്റെ തുടരന്വേഷണത്തിനു സഹായകമായി. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണു ജിന്‍സന്‍.

മജിസ്‌ട്രേട്ട് മുന്‍പാകെ ജിന്‍സന്റെ മൊഴികള്‍ രേഖപ്പെടുത്തുന്നതോടെ കേസിന്റെ തുടരന്വേഷണത്തിനു പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും. എഡിജിപി ബി. സന്ധ്യ നേരിട്ടാണു കേസന്വേഷണത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. കേസിലെ പുതിയ വെളിപ്പെടുത്തലുകളില്‍ വാസ്തവമുണ്ടെങ്കില്‍ ശക്തമായ തെളിവുകള്‍ ലഭിച്ച ശേഷം മാത്രം ഇക്കാര്യങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നാണു പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. നടിയെ ആക്രമിച്ചത് യഥാര്‍ഥത്തില്‍ എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും ജയിലില്‍ ഒപ്പം കഴിഞ്ഞ ജിന്‍സനോടു പ്രതി സുനില്‍ വെളിപ്പെടുത്തിയതിന്റെ വസ്തുതകളാണു പൊലീസ് പരിശോധിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് അങ്കമാലിക്കു സമീപം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18 ന് ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും വ്യക്തമായ സൂചനകള്‍ പൊലീസിനു നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചനയ്ക്കുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഈ അവ്യക്തത മൂലം സംഭവത്തില്‍ പങ്കില്ലാത്ത പലരും അനാവശ്യമായി സംശയത്തിന്റെ നിഴലിലായിരുന്നു.

അതേസമയം സംഭവം മെഗാതാരത്തിന്റെ ആവശ്യപ്രകാരമുള്ള ക്വട്ടേഷനായിരുന്നുവെന്ന് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞുവെന്ന് മാധ്യമറിപ്പോര്‍ട്ട് ദേശീയമാധ്യമമായ ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന കാര്യങ്ങളാണ്.കൊച്ചിയില്‍ രമ്യാനമ്പീശന്റെ വീട്ടിലേക്കാണ് താരം യാത്ര ചെയ്തത് .ഈ യാത്രാ വിവരങ്ങള്‍ പള്‍സര്‍ സുനിയ്ക്ക് ലഭിച്ചത് ഒരു സംവിധായകനില്‍ നിന്നാണ് .മെഗാ സ്റ്റാര്‍ ആണ് പള്‍സര്‍ സുനിയെ വാടകയ്ക്ക് എടുത്തത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിയുടെ മൊഴി അനുസരിച്ച് നടനേയും സംവിധായകനേയും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉറപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here