ആലപ്പുഴ: എല്‍.ഡി.എഫിന്റെ ഘടകകക്ഷിയായി ജെ.എസ്.എസ് നിലകൊള്ളണമെന്ന് ആലപ്പുഴ ജില്ല സമ്മേളനം നിലപാട് സ്വീകരിച്ചു. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതാവ് കെ.ആര്‍. ഗൗരിയമ്മക്ക് അഭിപ്രായവ്യത്യാസം ഇല്ല. തങ്ങളെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മ മുഖാന്തരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിട്ടുണ്ട്. പക്ഷേ ഇതുസംബന്ധിച്ച വ്യക്തമായ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഇടതുമുന്നണിയോട് ആവശ്യപ്പെട്ട കോര്‍പറേഷന്‍, ബോര്‍ഡ് മെംബര്‍ സ്ഥാനങ്ങള്‍ ഉടന്‍ നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജെ.എസ്.എസ് പിളര്‍ന്നശേഷം ഗൗരിയമ്മ വിഭാഗം എടുക്കുന്ന ശക്തമായ നിലപാടാണ് ഇതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. തങ്ങള്‍ എല്‍.ഡി.എഫി!ന്റെ ഘടകകക്ഷിയല്ലെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ വാഗ്ദാനം ചെയ്ത പാര്‍ട്ടി പരിഗണന പാലിക്കണമെന്നുതന്നെയാണ് അണികളുടെയും ഗൗരിയമ്മയുടെയും അഭിപ്രായം. സര്‍ക്കാറിനോട് സമദൂരനയം ഇല്ലെന്ന നിലപാടും തുറന്നുപറയാനുള്ള വേദിയാക്കി അണികള്‍ രാമവര്‍മ ക്ലബില്‍ നടന്ന സമ്മേളനം മാറ്റുകയും ചെയ്തു.

അതേസമയം, ഇടതുമുന്നണി നേതാക്കള്‍ ജെ.എസ്.എസിനോട് അനുഭാവം പ്രകടിപ്പിച്ചുതുടങ്ങിയത് ശുഭകരമായാണ് ഗൗരിയമ്മ കാണുന്നത്. ഇതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടതുമുന്നണി നേതാക്കളുടെ ഗൗരിയമ്മയുടെ ഭവന സന്ദര്‍ശനം. ഇടതുമുന്നണി നടത്തുന്ന എല്ലാ പരിപാടിക്കും പിന്തുണ നല്‍കാനും സമ്മേളനം തീരുമാനിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചക്കും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനും അധികാരത്തി!ന്റെ ഭാഗമായി മാറണമെന്ന നിലപാട് സ്വീകരിച്ചാണ് സമ്മേളനം അവസാനിച്ചത്.
അനാരോഗ്യത്താല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ജനറല്‍ സെക്രട്ടറി ഗൗരിയമ്മ എത്തിയില്ല. പകരം സംസ്ഥാന പ്രസിഡന്റ് പി.ആര്‍. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് നാലുകണ്ടത്തില്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here