വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാ നിരോധനത്തെ പിന്തുണച്ച് അമേരിക്കയിലെ ഭൂരിഭാഗം വോട്ടര്‍മാരും രംഗത്ത്. ആറ് മുസ്ലീം രാജ്യങ്ങല്‍ നിന്നുളളവര്‍ക്കാണ് അമേരിക്ക അടുത്തിടെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ആറ് പേരും നിരോധനത്തെ സ്വാഗതം ചെയ്തു. അമേരിക്കയില്‍ അടുത്ത ബന്ധുക്കള്‍ ഉളളവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് കടക്കാന്‍ അനുവാദം ഉള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ട്രംപിന്റെ പേര് പരാമര്‍ശിക്കാതെയാണ് സര്‍വേയില്‍ പങ്കെടുത്തവരോട് ചോദ്യം ഉന്നയിച്ചത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സുപ്രീം കോടതിയാണ്.

അമേരിക്കന്‍ പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തെ തങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത 37ശതമാനവും അഭിപ്രായപ്പെട്ടു. 23ശതമാനം പിന്തുണയ്ക്കുന്നുവെന്നും വ്യക്താക്കി. പൊളിറ്റിക്കോ മോര്‍ണിങ് കള്‍സള്‍ട്ടന്റ് നടത്തിയ സര്‍വേയിലാണ് ഈ പ്രതികരണങ്ങള്‍ ലഭ്യമായിട്ടുളളത്.

കഴിഞ്ഞ മാസം അസോസിയേറ്റഡ് പ്രസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 57ശതമാനം പേര്‍, നേരത്തെ കൊണ്ടുവന്ന നിരോധനത്തെ ഭാഗികമായി തടഞ്ഞ സുപ്രീം കോടതി വിധിയെ പിന്തുണച്ചിരുന്നു. ഈ സര്‍വേയില്‍ ട്രംപിന്റെ ഉത്തരവ് എന്ന പരാമര്‍ശത്തോടെയാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

അമേരിക്കയില്‍ അടുത്ത ബന്ധുക്കളില്ലാത്ത ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍,യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വീസ നിരോധിക്കാനാണ് പുതിയ നയം വ്യവസ്ഥ ചെയ്യുന്നത്. കഴിഞ്ഞ വ്യാഴവും വെള്ളിയുമായി ഓണ്‍ലൈന്‍ വഴി നടത്തിയ സര്‍വേയില്‍ 1989 പേര്‍ പങ്കെടുത്തു.

മുസ്ലീങ്ങള്‍ രാജ്യത്ത് കടക്കുന്നത് പൂര്‍ണമായി തടയുമെന്നായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇസ്ലാമിക ഭീകരരില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിന് ഇത് അത്യാവശ്യമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരെ നിരവധി ആക്ഷേപങ്ങളും ഉയര്‍ന്നു. ഇത്തരം മുന്‍വിധികള്‍ രാജ്യത്തും പുറത്തുമുളള മുസ്ലീങ്ങളെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണെന്നായിരുന്നു പ്രധാന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here