പാലക്കാട്: ജിഷ്ണുവിന്റെ ജീവനെടുത്ത നെഹ്രു കോളേജിലേക്കില്ലെന്നു പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍. ആദ്യഘട്ട പ്രവേശനം പൂര്‍ത്തിയായപ്പോള്‍ പാമ്പാടി നെഹ്രു കോളേജില്‍ ചേര്‍ന്നത് കേവലം 41 കൂട്ടികള്‍. 330 സീറ്റുകളാണ് ജിഷ്ണു പഠിച്ചിരുന്ന നെഹ്രു കോളേജില്‍ സര്‍ക്കാര്‍ മെറിറ്റിലുള്ളത്. ആദ്യഘട്ട അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവരില്‍ 41 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇതുവരെ അഡ്മിഷനെടുത്തത്.

അലോട്ട്‌മെന്റില്‍ പ്രവേശനത്തിന് അര്‍ഹത ലഭിച്ച പല വിദ്യാര്‍ത്ഥികളും ഇടിമുറിയുള്ള, വിദ്യാര്‍ത്ഥി പീഡനം നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന കോളേജിലേക്കു പോകുവാന്‍ തയ്യാറല്ലെന്നെന്നാണ് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ വ്യക്തമാക്കുന്നത്. നെഹ്രു മാനേജ്‌മെന്റിന്റെ ലക്കിടിയിലുള്ള കോളേജില്‍ 265 സീറ്റുകളില്‍ 64 വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നത്. ആകെയുള്ള 595 സീറ്റുകളില്‍ 360 സീറ്റിലേക്കു മാത്രമാണ് അലോട്ട്‌മെന്റ് തന്നെയുണ്ടായിരുന്നത്.

വിദ്യാര്‍ത്ഥികളെ ചാക്കിട്ടു പിടിക്കാന്‍ വിവിധ വഴികള്‍ തേടിയിരുന്ന മാനേജ്‌മെന്റിനു വലിയ തിരിച്ചടിയാണ് ഇതിലൂടെ ലഭിച്ചത്. സര്‍ക്കാര്‍ ഫീസിനേക്കാളും കുറഞ്ഞ ഫീസും അഞ്ചു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പും സൗജന്യ ഹോസ്റ്റലുമെല്ലാം മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇതൊന്നും വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാകളെയും ആകര്‍ഷിക്കുന്നില്ല.

ജിഷ്ണു പഠിച്ചിരുന്ന കംപ്യുട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങിനു 66 സീറ്റുകളില്‍ 52 സീറ്റിലും അലോട്ട്‌മെന്റുണ്ടായിരുന്നുവെങ്കിലും ചേര്‍ന്നത് കേവലം ഒമ്പതു പേര്‍ മാത്രമാണ്. ഇലട്രോണിക് ആന്റ് ഇലട്രിക്കല്‍ എഞ്ചിനീയറിങ് കോഴ്‌സിലേക്ക് അഡ്മിഷനെടുത്തത് ഒരു വിദ്യാര്‍ത്ഥി മാത്രമാണ്. 50 സീറ്റുകളാണ് ഇവിടെയുള്ളത്.

നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന എയറോനോട്ടിക്ക് എഞ്ചിനീയറിങില്‍ പോലും വിദ്യാര്‍ത്ഥികള്‍ ചേരാന്‍ തയ്യാറായില്ല. ആകെയുള്ള 50 മെറിറ്റ് സീറ്റില്‍ 28 സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. മുഴുവന്‍ സീറ്റും അലോട്ട് ചെയ്തുവെങ്കിലും 22 പേര്‍ മാത്രമാണ് ചേരാന്‍ തയ്യാറായത്.

കേരളത്തിലെ വളരെ കുറവ് കോളേജില്‍ മാത്രമുള്ള മെക്കട്രോണിക്‌സ് കോഴ്‌സില്‍ പോലും വിദ്യാര്‍ത്ഥികള്‍ അഡ്മിഷനെടുത്തില്ല. കഴിഞ്ഞ വര്‍ഷം ആദ്യഘട്ടത്തില്‍ മുഴുവന്‍ സീറ്റിലും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയ ഈ കോഴ്‌സില്‍ ഇത്തവണ ആകെ പ്രവേശനമെടുത്തത് ആറു പേര്‍ മാത്രമാണ്.

അലോട്ട്‌മെന്റ് നല്‍കുമ്പോള്‍ തന്നെ നെഹ്രു കോളേജിനു കീഴിലുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നില്ല. ആദ്യ ഘട്ട അലോട്ട്്‌മെന്റില്‍ തന്നെ പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇനി രണ്ട് അലോട്ട്‌മെന്റ് കൂടിയാണ് വരാനുള്ളത്. ഇതു കൂടി വരുന്നതോടെ ഇനിയും കുട്ടികള്‍ വേറെ കോളേജിലേക്ക് മാറിപ്പോവും. ഇതോടെ കോളേജിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വരാനാണ് സാധ്യത.

മുഴുവന്‍ സീറ്റിലും അഡ്മിഷന്‍ നടത്തി ജിഷ്ണുവിന്റെ ദുരൂഹമരണത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ ബാധിച്ചിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് വിദ്യാര്‍ത്ഥികളുടെ മുഖംതിരിക്കല്‍.

LEAVE A REPLY

Please enter your comment!
Please enter your name here