മിസ്സിസാഗാ: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ വൈദീക/അത്മായ നേതൃസംഘം പ്രസിഡന്റ് ഫാ. ബ്ലെസ്സന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ മിസ്സിസാഗാ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. ഫെല്ലോഷിപ്പ് രക്ഷാധികാരിയും സീറോ മലബാര്‍ കത്തോലിക്കാ സഭ കാനഡ രൂപതാധ്യക്ഷനുമായ മാര്‍ ജോസ് കല്ലുവേലിലാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

മിസ്സിസാഗാ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ പെരുന്നാളിനോടനുബന്ധിച്ച് കാനഡയിലെത്തിയ മാര്‍ ആലഞ്ചേരി പിതാവിന് എക്യൂമെനിക്കല്‍ നേതൃസംഘം എല്ലാവിധ ആശംസകളും അര്‍പ്പിച്ചു. കാനഡയിലെ ക്രിസ്തീയ വിശ്വാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും, അവസരങ്ങളും പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ദീര്‍ഘകാല കുടിയേറ്റക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, യുവജനങ്ങള്‍, കുട്ടികള്‍, പുതു കുടിയേറ്റക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ സ്‌നേഹത്തിന്റേയും, സേവനത്തിന്റേയും, ഒത്തൊരുമയുടേയും ഭാഷയില്‍ എങ്ങനെ കൂട്ടിയിണക്കണമെന്ന് വിവിധ സഭകള്‍ ഓരോന്നും, എക്യൂമെനിക്കല്‍ പ്രസ്ഥാനം കൂട്ടായും ചിന്തിക്കണമെന്നു മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.

മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ഫാ. ഷിബു സാമുവേല്‍, ഫാ. ജേക്കബ് ആന്റണി, ഫാ. ജോര്‍ജ് ജേക്കബ്, ഫാ. ടെന്‍സണ്‍, ഫാ. ജേക്കബ് എടക്കളത്തൂര്‍, തോമസ് തോമസ്, ജോസഫ് പുന്നശേരി, സാക്ക് സന്തോഷ് കോശി, മാറ്റ് മാത്യൂസ്, സൈമണ്‍ പ്ലാത്തോട്ടം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ടൊറന്റോയിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഫെല്ലോഷിപ്പ് ഒറ്റക്കെട്ടായി വളരുന്നതും, സഹവര്‍ത്തിത്വത്തോടെ പെരുമാറുന്നതും മറ്റു എക്യൂമെനിക്കല്‍ കൂട്ടായ്മകള്‍ക്ക് ഒരു മാതൃകയാകട്ടെ എന്നു മാര്‍ ആലഞ്ചേരി ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here