Home / ഇന്ത്യ / അഹമ്മദ് പട്ടേലിന് ജയം;ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

അഹമ്മദ് പട്ടേലിന് ജയം;ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

ബി.ജെ.പിയുടെ കുതിരക്കച്ചവടം കൊണ്ട് പതിവില്ലാത്തവിധം രാഷ്ട്രീയശ്രദ്ധ പിടിച്ചുപറ്റിയ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. 
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേല്‍ 44 വോട്ടുകളുമായി അപ്രതീക്ഷിത വിജയം നേടി. ബി.ജെ.പിയില്‍നിന്ന് അമിത്ഷായും സ്മൃതി ഇറാനിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 
വിമതരായി വോട്ട് രേഖപ്പെടുത്തിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയതാണ് പട്ടേലിന്റെ വിജയത്തിന് വഴിയൊരുക്കിയത്. 
ബി.ജെ.പി നേതാവ് ബല്‍വന്ത് സിങ് രജ്പുതിനെ പരാജയപ്പെടുത്തിയാണ് പട്ടേല്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 
അതേസമയം ബി.ജെ.പി സഖ്യകക്ഷിയായ ജി.പി.പി എം.എല്‍.എ നളിന്‍ കൊട്ടാഡിയ കോണ്‍ഗ്രസിന് വോട്ടുചെയ്‌തെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അര്‍ധരാത്രി രണ്ടോടെയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 
ഇന്നലെ വൈകിട്ട് അഞ്ചിന് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് 45 മിനുട്ട് വൈകിയാണ് ആരംഭിച്ചത്. തൊട്ടുപിന്നാലെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കുകയുംചെയ്തു. ബി.ജെ.പി അധ്യക്ഷനും ഗുജറാത്തിലെ എം.എല്‍.എയുമായ അമിത്ഷാ മുന്‍പാകെ ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിച്ച പാര്‍ട്ടിയുടെ രണ്ടുവിമത എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും അവരുടെ വോട്ട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതോടെയാണ് ഫലം അനിശ്ചിതത്വത്തിലേക്കു നീണ്ടത്. കോണ്‍ഗ്രസ് ഉന്നയിച്ച പരാതിയില്‍ തീരുമാനമാകാതെ വോട്ടെണ്ണല്‍ തുടങ്ങില്ലെന്ന് പ്രിസൈഡിങ് ഓഫിസര്‍ ഡി.എം പാട്ടില്‍ പറഞ്ഞു. 
ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തു നിന്നുള്ള നിര്‍ദേശമനുസരിച്ചായിരിക്കും അന്തിമതീരുമാനമെടുക്കുകയെന്ന് മുഖ്യ ഇലക്ടറല്‍ ഓഫിസര്‍ ബി.ബി സൈ്വന്‍ പറഞ്ഞു. പിന്നീട് കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയും രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടുകള്‍ റദ്ദാക്കുകയും ചെയ്തു. 
നേരത്തെ സമാന ആരോപണം രാജസ്ഥാനിലും ഹരിയാനയിലും ഉയര്‍ന്നതിനാല്‍ രാജ്യസഭാ വോട്ടെടുപ്പ് റദ്ദാക്കിയ ചരിത്രം കമ്മിഷനു മുന്‍പാകെയുണ്ട്. രാവിലെ 10 മണിക്കു തുടങ്ങിയ വോട്ടെടുപ്പ് രണ്ടുമണിയോടെ അവസാനിച്ചത്. 
കോണ്‍ഗ്രസ്- ബി.ജെ.പി നേതാക്കള്‍ ഒന്നിലധികം തവണയാണ് കമ്മിഷനെ കണ്ടത്. ആനന്ദ് ശര്‍മയുടെയും രണ്‍ധീപ് സുര്‍ജേവാലയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘമാണ് ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി ആദ്യം കമ്മിഷനെ കണ്ടത്. 
വിമതര്‍ ബാലറ്റ് പേപ്പര്‍ പ്രദര്‍ശിപ്പിക്കുന്ന വിഡിയോ ദൃശ്യം തങ്ങളുടെ കൈയിലുണ്ടെന്നും കോണ്‍ഗ്രസ് കമ്മിഷനെ അറിയിച്ചു. ഇതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പിയൂഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയ ആറ് കേന്ദ്രമന്ത്രിമാരടങ്ങിയ ബി.ജെ.പി പ്രതിനിധി സംഘവും കമ്മിഷനെ കണ്ടു. തുടര്‍ന്നും ഇരുപാര്‍ട്ടി പ്രതിനിധികളും കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവാണ് അഹമ്മദ് പട്ടേലിനോട് പരാജയപ്പെട്ട ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ച രജ്പുത്.
182 അംഗ നിയമസഭയില്‍ നിലവില്‍ 176 എം.എല്‍.എമാരാണുള്ളത്. ഇതില്‍ ബി.ജെ.പിക്ക് 122 പേരുടെ അംഗബലമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അമിത്ഷായുടെയും സ്മൃതി ഇറാനിയുടെയും വിജയം ഉറപ്പായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍സിങ് വഗേലയും മറ്റ് ആറ് എം.എല്‍.എമാരും വിമതപക്ഷത്തായതോടെയാണ് അഹമ്മദ് പട്ടേലിന്റെ വിജയകാര്യത്തില്‍ സംശയം ജനിച്ചത്.

Check Also

ശ്രീദേവി അന്തരിച്ചു

ദുബായ്: ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി …

Leave a Reply

Your email address will not be published. Required fields are marked *