കോട്ടയം:നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു വേണ്ടി പി സി ജോര്‍ജ്ജ് എംഎല്‍എ പരസ്യമായി വീണ്ടും വീണ്ടും രംഗത്തു വരുന്നതിനു പിന്നിലെന്താണെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചുഴിഞ്ഞ് അന്വേഷിക്കുന്നു. തെളിവുകളോടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന് പി സി ജോര്‍ജ്ജിനെ ‘തുറന്നുകാട്ടുക’യാണ് ഉദ്ദേശമെന്നാണ് വിവരം. രഹസ്യമായി നടത്തുന്ന ഈ അന്വേഷണത്തിന്റെ വിവരങ്ങള്‍ മാണി ഗ്രൂപ്പിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്കു മാത്രമേ അറിയാവൂ എന്നാണ് സൂചന.

കെഎം മാണി, ജോസഫ് എം പുതുശേരി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പന്‍ എന്നിവരുമായാണത്രേ ‘അന്വേഷണ സംഘം’ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. പി സി ജോര്‍ജ്ജ് മാണി ഗ്രൂപ്പില്‍ നിന്നു പുറത്തായ ശേഷം മാണിക്കെതിരേ നടത്തിയ പരസ്യ അഭിപ്രായ പ്രകടനങ്ങളും ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ സ്വീകരിച്ച നിലപാടുമാണ് പ്രധാനമായും മാണി ഗ്രൂപ്പിന്റെ ശത്രുതയ്ക്ക് പിന്നില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി ജയിക്കുക കൂടി ചെയ്തതോടെ ജോര്‍ജ്ജിന്റെ മാണിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂടി എന്നാണ് അവരുടെ വിലയിരുത്തല്‍. അതിനിടയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായതോടെ ദിലീപിന് അനുകൂലമായും നടിയെ മോശമാക്കുന്ന തരത്തിലും ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തിലുള്‍പ്പെടെ സംസാരിച്ചത്.

അത്തരമൊരു നിലപാട് പരസ്യമായി സ്വീകരിക്കാനുള്ള കാരണം എന്തായാലും അത് നിസ്സാരമായിരിക്കില്ലെന്നും പുറത്തു കൊണ്ടുവരണമെന്നുമാണത്രേ മാണി ഗ്രൂപ്പിന്റെ തീരുമാനം. ജോര്‍ജ്ജ്, മകന്‍ ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ക്ക് സിനിമാ മേഖലയുമായുള്ള ബന്ധത്തേക്കുറിച്ചും ഷോണും ദിലീപും തമ്മിലുള്ള ബന്ധത്തേക്കുറിച്ചും മറ്റും വിശദാംശങ്ങള്‍ തേടിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് അറിയുന്നു. ഇതിനൊപ്പംതന്നെ, നടിയേക്കുറിച്ച് ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ നിയമസഭയില്‍ സ്പീക്കറെക്കൊണ്ട് പരാമര്‍ശം നടത്തിക്കാന്‍ പരമാവധി ശ്രമവും മാണി ഗ്രൂപ്പ് നടത്തുന്നുണ്ട്. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളേക്കുറിച്ച് സഭയില്‍ പരാമര്‍ശിക്കണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശമുണ്ടായാല്‍ ജോര്‍ജ്ജിനെതിരേ സഭാതലത്തില്‍ നടപടി ആവശ്യപ്പെടാനും മാണി ഗ്രൂപ്പ് തയ്യാറാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here