കൊച്ചി:ബാങ്ക് ജീവനക്കാരുടെ പണിമുടക്കു മൂലം ദേശീയതലത്തില്‍ 50,000 കോടിയോളം രൂപയുടെ ചെക്ക് ഇടപാടുകളെങ്കിലും തടസ്സപ്പെട്ടതായി കണക്കാക്കുന്നു. കണക്കെടുപ്പു സാധ്യമല്ലെങ്കിലും ഇതു വ്യവസായ, വാണിജ്യ മേഖലയ്ക്കു കനത്ത നഷ്ടമാണുണ്ടാക്കിയത്. പൊതു മേഖലയിലെ ബാങ്കുകളുടെ ലയന നീക്കത്തിനും മറ്റും എതിരെ നടന്ന പണിമുടക്കില്‍ രാജ്യത്തെ 1,25,000 ബാങ്ക് ശാഖകളെങ്കിലും സ്തംഭിച്ചു. പൊതു മേഖലയിലെ ബാങ്കുകള്‍ മുഴുവന്‍ അടഞ്ഞുകിടന്നു.
പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകളും തുറന്നില്ല. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങി സ്വകാര്യ മേഖലയിലെ ”ന്യൂ ജെന്‍’ ബാങ്കുകള്‍ മാത്രമാണു പ്രവര്‍ത്തിച്ചത്. പണിമുടക്കില്‍ 10 ലക്ഷത്തോളം ജീവനക്കാര്‍ പങ്കെടുത്തതായാണ് ഒന്‍പതു യൂണിയനുകളടങ്ങുന്ന യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ അറിയിപ്പ്.
ചെക്ക് ഇടപാടുകള്‍ക്കു പുറമെ നിക്ഷേപം സ്വീകരിക്കുന്നതും പിന്‍വലിക്കുന്നതും ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ മുടങ്ങി. വിദേശനാണ്യ വിനിമയം, ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയ ഇടപാടുകളെയും പണിമുടക്കു ബാധിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ക്കും തടസ്സം നേരിട്ടു. അതേസമയം, ഓഹരി വിപണിക്കും മറ്റും പണിമുടക്കു പ്രശ്‌നമായില്ല.
പുത്തന്‍ തലമുറ ബാങ്കുകളില്‍ പണിമുടക്കില്ലാതിരുന്നതുകൊണ്ടും ഭൂരിപക്ഷം എടിഎമ്മുകളും പ്രവര്‍ത്തിച്ചതുകൊണ്ടും പൊതുജനങ്ങള്‍ക്കു കാര്യമായ പ്രയാസങ്ങളുണ്ടായില്ലെന്നു പറയാം. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതിനാല്‍ അത്യാവശ്യക്കൊരൊക്കെ മുന്‍കരുതലെടുക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ വാണിജ്യ ബാങ്കുകളുടെ ആറായിരത്തോളം ശാഖകളെ പണിമുടക്കു ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here