തിരുവനന്തപുരം:എല്‍ഡിഎഫ് വരുമ്പോള്‍ എല്ലാം ശരിയാകുമെന്ന പ്രചാരണത്തില്‍ വിശ്വസിച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനം വെട്ടിലാകന്നുവോ? ഏറ്റവമൊടുവില്‍ ബാറുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കാനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനവും ആത്യന്തികമായി ജനവിരുദ്ധനിലപാട് തന്നെയാണ്. സംസ്ഥാനത്ത് ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി കുറച്ചാണ് മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നത്. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചത്. 2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്. ഇതാണ് പുതിയ ഉത്തരവിലൂടെ പുതുക്കിയത്. പുതുക്കിയ ഉത്തരവിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ്.
ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിറങ്ങിയത്. ചട്ടം ഭേദഗതിക്കുശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരിക. ഫാര്‍ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകള്‍ക്ക് 2011 വരെ 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നാണ് ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റര്‍ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, എസ്എസ്ടി കോളനികള്‍ക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റര്‍ ദൂരപരിധിയില്‍ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടര്‍ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങള്‍ക്കൊപ്പമല്ല മറിച്ച്, വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാര്‍ക്കും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്നത് വളരെ വ്യക്തമാണെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ സുധീരന്‍ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here