കൊച്ചി: ഇന്ന് ഉത്രാടം. തിരുവോണപ്പുലരിയിലെത്താന്‍ ഒരു പകലിന്റെ ദൈര്‍ഘ്യം മാത്രം. നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. ഓരോ മലയാളിയും മാവേലി മന്നനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലും.
ഓണക്കോടിയെടുക്കല്‍ ഒരുക്കങ്ങളില്‍ പ്രധാനം. വഴിയോരക്കച്ചവടക്കാരെ തെരയുന്നത് വിലക്കുറവ് കണക്കിലെടുത്താണ്. നഗരങ്ങളിലെ പ്രധാന പാതകള്‍ വസ്ത്രവിപണിയുടെ തിരക്കിലായിക്കഴിഞ്ഞു. വിലക്കിഴിവും സൗജന്യവുമെല്ലാം മനസിലാക്കി മലയാളി കോടിമുണ്ടും പുടവയുമെല്ലാം ശേഖരിക്കുകയാണ്.
തിരുവോണത്തലേന്ന് വിശ്രമിക്കാന്‍ മലയാളിക്ക് നേരമില്ല. സാധനങ്ങള്‍ പരമാവധി വിലപേശി സ്വന്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഓരോരുത്തരും.
പച്ചക്കറിക്ക് നേരിയ വിലവര്‍ധനയുണ്ട്. എങ്കിലും തൂശനിലയില്‍ വിഭവങ്ങളൊരുക്കാന്‍ പച്ചമുളകില്‍ തുടങ്ങി കറിവേപ്പില വരെ വേണം. വാങ്ങാതിരിക്കാനാകില്ല. അവശ്യസാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിനാല്‍ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈക്കോ വിപണിയെയാണ് പലചരക്കിനായി കൂടുതലാളുകളും ആശ്രയിക്കുന്നത്. മാവേലി മന്നനെ സ്വാഗതം ചെയ്യാന്‍ തിരുവോണനാളില്‍ മുറ്റത്ത് പൂക്കളം വേണം. ജമന്തിയും,പിച്ചിയും, വാടാമുല്ലയുമെല്ലാം വിപണിയിലെ പ്രമാണിമാരാണ്. ഉത്രാടപ്പാച്ചിലിന്റെ അനുഭവമറിഞ്ഞില്ലെങ്കില്‍ ഓണത്തിന്റെ ഒരുക്കം പൂര്‍ണമാകില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here