മിസ്സിസ്സാഗ: എഴുന്നൂറില്‍പരം ആളുകള്‍ പങ്കെടുത്ത മിസ്സിസ്സാഗ കേരള സംഘടനയുടെ ഈ വര്‍ഷത്തെ വമ്പിച്ച ഓണാഘോഷം സെപ്തംബര് 2 ന് ശനിയാഴ്ച മിസ്സിസ്സാഗയിലെ ചരിത്ര പ്രാധാന്യമുള്ള കനേഡിയന്‍ കോപ്റ്റിക് സെന്റര്‍ ഹാളില്‍ കൊടിയിറങ്ങുമ്പോള്‍ ഇതര മലയാളി സമാജങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങള്‍ക്ക് കാനഡയില്‍ ആവേശകരമായ കൊടിയേറ്റമായി.

സാധാരണ വൈകിട്ട് നടക്കാറുള്ള പരിപാടി പൊതുജനാഭിപ്രായം പരിഗണിച്ചു ഉച്ചയ്ക്ക് 12. 30 നു തുടങ്ങി വൈകിട്ട് 6 ന് അവസാനിച്ചു . ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ നടക്കാറുള്ള സാംസ്കാരിക കേരളത്തിന്റെ വര്‍ണ്ണോജ്വലമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തവണത്തെ ഓണം വ്യത്യസ്തമായത്. മുന്‍ തലമുറകളില്‍ നിന്നും പാരമ്പര്യമായി കൈമാറി കെടാതെ കാത്തു സുക്ഷിക്കുന്ന പൈതൃകങ്ങള്‍ കാനഡയുടെ മണ്ണില്‍ പുനരാവിഷ്കരിക്കാനും പുതിയ തലമുറയിലെ പ്രവാസികള്‍ക്ക് അവ പരിചയപ്പെടുത്താനുമുള്ള എളിയ ശ്രമമായിരുന്നു ഇതെന്നു സംഘടനാ തലവന്‍ പ്രസാദ് നായരും ഖജാന്‍ജി ജോണ്‍ തച്ചിലും അറിയിച്ചു. വിളവെടുപ്പുത്സവത്തിന്റെ കാലമായ ചിങ്ങമാസത്തിലെ വര്‍ണ്ണക്കാഴ്ചകളും അനുബന്ധ ഉത്സവ വിസ്മയങ്ങളായ പുലികളി, തിരുവാതിര, ചെണ്ടമേളം, ഓണപ്പാട്ടുകള്‍, എന്നിവയ്ക്കൊപ്പം ആദ്യ ഫലങ്ങളുടെ ഓണച്ചന്ത, സ്വന്തം പൂന്തോട്ടങ്ങളില്‍ നിന്നും അടര്‍ത്തിയ പുഷ്പങ്ങളുടെ ഓണപ്പൂക്കളം , ഗജവീരന്റെ രൂപം, എന്നിവയും ‘ ഓണക്കാഴ്ച ‘ എന്ന് പേരിട്ട പരിപാടിയില്‍ അണിനിരത്തി. ഓണ സദ്യയ്ക്കുള്ള സാധനങ്ങള്‍ നിറച്ച ‘ കോക്കോനട്ട് ഗ്രൂവ് ഓണക്കിറ്റ് ‘ വില്‍പ്പയ്ക്കുണ്ടായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടര മണിയ്ക്ക് ‘ മാവേലി നാട് വാണീടും കാലം’ എന്ന ശീലിന്റെ ചുവടു വച്ച്, യഥാര്‍ത്ഥ വാഴയിലയില്‍ വിഭവ സമൃദ്ധമായ ഓണ സദ്യയോടെ പരിപാടി ആരംഭിച്ചു . മുരളി കണ്ടംചതയുടെ ചെണ്ടമേളത്തെത്തുടര്‍ന്ന് മുത്തുക്കുടയും ആലവട്ടവും താലപ്പൊലിയുമായി പ്രജകളുടെ ഘോഷയാത്രയോടെ മാവേലിത്തമ്പുരാനെ വരവേറ്റ് സദസ്സിലേക്കാനയിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ ആലപിച്ച ഇന്ത്യ- കാനഡ ദേശീയഗാനങ്ങള്‍ക്കു ശേഷം പ്രശസ്ത നൃത്താധ്യാപിക സുജാത ഗണേഷും സംഘവും അവതരിപ്പിച്ച ‘ പിന്നല്‍ തിരുവാതിര ‘ എന്ന സമ്മിശ്ര നൃത്തരൂപം കാണികളില്‍ കൗതുകം പകര്‍ന്നു.

വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ സാംസ്കാരിക കലാവിരുന്നിന് ആദ്യാവസാനം
നേതൃത്വം നല്‍കിയത് ‘ ഐഡിയ സ്റ്റാര്‍ സിംഗര്‍ ‘ എന്ന മിനി സ്ക്രീന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ യുവ ഗായകന്‍ വിദ്യാശങ്കര്‍ ആയിരുന്നു. പാടിപ്പതിഞ്ഞ ഓണപ്പാട്ടുകളും പഴയതും പുതിയതുമായ ഹിറ്റ് ഗാനങ്ങളും കോര്‍ത്തിണക്കി ആലപിച്ചും ആടിയും സദസ്സിലേക്കിറങ്ങി വന്നു നര്‍മത്തിന്റെ മേമ്പൊടിയോടെ ഓണ വിശേഷങ്ങള്‍ സംവദിച്ചും , കാണികളുടെ ഹൃദയം കവര്‍ന്ന വിദ്യാശങ്കര്‍ കേവലം ഗായകന്‍ എന്നതിലുപരി മികച്ച അവതാരകനും ബഹുമുഖ പ്രതിഭയുമാണെന്നു തെളിയിച്ചു.

ബാഹുബലി 2 എന്ന ചലച്ചിത്രത്തിന്റെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി നൃത്ത പരിശീലകയായ ജിഷ ഭക്തന്‍ സംവിധാനം ചെയ്ത് വേദ് ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തം സദസ്സിലെ കുട്ടികളെ ആകര്‍ഷിച്ചു. മാലാ പിഷാരടി സംവിധാനം ചെയ്ത മാതൃത്വത്തിന്റെ മഹിമകള്‍ വര്‍ണിക്കുന്ന നൃത്ത ശില്‍പം, നൂപുര സ്കൂളിന്റെ ക്ലാസിക്കല്‍ നൃത്തം, നൃത്തകലാ കേന്ദ്രയുടെ ഭാരത നാട്യം, , അബിഗെയ്ലിന്റെ നാടോടി നൃത്തം, അനികയുടെ നാടന്‍ പാട്ട് , ജെറാള്‍ഡിയും ബെന്നിയും പാടിയ യുഗ്മ ഗാനം എന്നിവയുള്‍പ്പെടെ കാനഡയിലെ പേരെടുത്ത കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കണ്ണഞ്ചിപ്പിക്കുന്ന ചടുലമായ പ്രകടനങ്ങള്‍ കൊണ്ട് സാസ്കാരിക വിരുന്നു സമൃദ്ധമായി.
.ബി .എസ് . ഇ ചാനല്‍ അവതാരിക ചിന്നു ജോസും സംഘവും രംഗങ്ങള്‍ തത്സമയം ചിത്രീകരിച്ചു. വൈകിട്ട് സാംസ്കാരിക പരിപാടികള്‍ അവസാനിച്ച ശേഷം നാടന്‍ ലഘുഭക്ഷണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുവാന്‍ ചായക്കടയും സജ്ജീകരിച്ചിരുന്നു.

നാട്ടില്‍ നിന്നും കാനഡയില്‍ വിദ്യാഭ്യാസത്തിനായെത്തിയ ഏതാനും സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സാങ്കേതിക നിയന്ത്രണം കൈകാര്യം ചെയ്ത സമിതി അംഗം അര്‍ജുന്‍ രാജന്‍ അറിയിച്ചു. ആധുനികവല്‍ക്കരണത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു അന്യമാകുന്ന പൈതൃക സംസ്കാരം ഓര്‍മ്മപ്പെടുത്തുവാന്‍ തങ്ങളുടെ പരിപാടി പ്രവാസി മലയാളികളെ സഹായിച്ചുവെന്ന് ‘ ഓണക്കാഴ്ച ‘ യുടെ സവിശേഷതകള്‍ വിശദീകരിച്ചു കൊണ്ടു നിഷഭക്തനും മിഷേലും പറഞ്ഞു.

ഈ വര്‍ഷത്തെ ഓണം പരിപാടിയുടെ മുഖ്യ പ്രായോജകരായ ടി. ഡി ബാങ്കിന് പുറമെ
റിയല്‍റ്റര്‍ മനോജ് കരാത്തയും രുദ്രാക്ഷ രത്‌ന വ്യാപാരി ഗോപിനാഥും പിന്നെ കാനഡയിലെ ബിസിനസ് രംഗത്ത് തിളക്കമാര്‍ന്ന വിജയം കൈവരിച്ച പത്തോളം മറ്റു പ്രായോജകരുടെയും സഹകരണത്തോടെയാണ് മിസ്സിസ്സാഗ കേരളയുടെ സാംസ്കാരിക വിസ്മയം പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത് . കാനഡയുടെ സാമൂഹ്യ രംഗത്ത് സമഗ്ര സംഭാവനകള്‍ ചെയ്തുവരുന്ന പുരാതന സംഘടനയാണ് ഇത്. വൃക്ഷത്തൈ നടീല്‍, രക്ത ദാനം, സാങ്കേതിക സെമിനാര്‍, ബാഡ്മിന്റണ്‍ പരിശീലനം, സംഗീത നൃത്താഭ്യാസം , കുട്ടികളുടെ ചിത്ര രചനാമത്സരം, , ക്രിസ്മസ് എന്നിവയാണ് സംഘടനയുടെ ഈ വര്‍ഷത്തെ മറ്റു പരിപാടികള്‍. സംഘടനയില്‍ സഹകരിക്കുവാനായി വിളിക്കാം :647-295-6474. വെബ് സൈറ്റ് : http://www.mkahub.ca/
( വാര്‍ത്ത തയാറാക്കിയത് : ദേശിന്‍ഗം മള്‍ട്ടിമീഡിയ )

LEAVE A REPLY

Please enter your comment!
Please enter your name here