ന്ധ്യയാവുന്നു. തണൽമരങ്ങളിലെ ഇലകൾക്കിടയിലൂടെ വരുന്ന വെളിച്ചത്തിന്റെ പൊട്ടുകൾ അവിടമാകെ ചിതറിക്കിടന്നു.
ഓരോന്നായി മാഞ്ഞു തുടങ്ങി.. എത്ര നേരം ആ സിമന്റു തറയിൽ ഇരുന്നെന്നോർമയില്ല. പേരറിയാത്ത ഏതോ ഒരു അസ്വസ്ഥതയിൽ പെട്ട് കനം വച്ച നെഞ്ചുമായുള്ള കുത്തിയിരുപ്പുകളിൽ കടന്നു പോവുന്ന ദിവസങ്ങളിലൊന്നായിരുന്നു അതും. ഗേറ്റടയ്ക്കാൻ നേരമായി.. കയ്യിലിരുന്ന പേപ്പറുകളും വാരിപ്പെറുക്കി ധൃതിയിലെഴുന്നേറ്റ് നടന്നു തുടങ്ങിയപ്പോഴാണ് അവരെ കണ്ടത്. വെളുപ്പിൽ നെടുകെയും കുറുകെയും വയലറ്റ് വരകളുള്ള ചുരിദാറിൽ അവരുടെ നിറവയറ് അകലെ നിന്നേ കാണാമായിരുന്നു. കയ്യിൽ തൂങ്ങി ഒരു കുഞ്ഞു പയ്യനുമുണ്ട്. അമ്മയുടെ പിടിവിട്ട് , കൊഴിഞ്ഞ ഇലകൾ വീണു നിറഞ്ഞ വലിയ പറമ്പിലൂടെ ഓടിക്കളിക്കാൻ അവൻ കുതറിക്കൊണ്ടേ ഇരുന്നു.

മഞ്ഞച്ചായം പാതി മുക്കാലും മാഞ്ഞ, അങ്ങിങ്ങ് പായൽ പടർന്ന നീളൻ കെട്ടിടത്തിലെ വരാന്തയ്ക്കഭിമുഖമായി അവരും ആ കുഞ്ഞും നിന്നു. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും വെളിമ്പുറങ്ങളിൽ സദാ മാറി മാറി അലയുന്ന ഏതു രോഗിണിയെക്കാണാനാണ് അവർ വന്നതെന്നോർത്തു.
ഇരുളിലൊളിച്ചു പാർക്കുന്ന മുറികളിലൊന്നിലെ കമ്പിയഴികളിലേക്ക് ചാരി അന്നേരമാണാ മുഖം തെളിഞ്ഞു വന്നത്. മുടി പറ്റെ വെട്ടി, പിരിമുറുക്കങ്ങളുടെ അവശേഷിപ്പുകൾ വീണുറഞ്ഞ കൺതടങ്ങളുമായി, വല്ലാതെ തളർന്നു തൂങ്ങിത്തുടങ്ങിയ പ്രായം ചെന്നൊരു സ്ത്രീ. അവരെ അതിനു മുൻപും കണ്ടിട്ടുണ്ട്. ഉന്മാദമുലയ്ക്കുന്ന നേരങ്ങളിൽ ഉറക്കെ ആരെയോ ചീത്ത വിളിക്കുന്നതൊഴിച്ചാൽ മിണ്ടാൻ ചെന്നപ്പോഴൊക്കെയും മുഖം തിരിക്കയോ മറ്റെങ്ങോട്ടെങ്കിലും നോട്ടം മാറ്റുകയോ അല്ലാതെ അവരൊന്നും പറഞ്ഞിട്ടില്ല. ആർക്കും മുഖം കൊടുത്തിട്ടില്ല.

എന്തോ, നടത്തം നിർത്തി കുറച്ചു ചുവടുകൾക്കിപ്പുറം ഞാനൊന്നു നിന്നു.
എനിക്ക് മുൻപിലായി രണ്ട് പെണ്ണുങ്ങൾ..
വരാന്തയ്ക്കപ്പുറം തണുത്തിരുണ്ട കമ്പിയഴികളിൽ പിടിച്ച് ഒരമ്മ..
ഇപ്പുറം.. വെയിലൊഴിഞ്ഞ മുറ്റത്ത് നിറഞ്ഞ വയറുമായി മറ്റൊരമ്മ. അവർ ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിൽക്കയാണ്.
എന്തുകൊണ്ടോ, തെളിച്ചം മങ്ങിയ ആ വൃദ്ധയുടെ കണ്ണുകളിലേക്ക് അതിനു മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത സ്നേഹത്തിന്റെ വാത്സല്യത്തിന്റെ തിളക്കം വന്നു തിങ്ങുന്നുണ്ടായിരുന്നു.. ഒരിക്കലും നിലയുറയ്ക്കാതിരുന്ന അവരുടെ നോട്ടം ഒരു വേള ഭ്രാന്തെല്ലാമൊഴിഞ്ഞ് മുന്നിൽ നിൽക്കുന്ന മകളിലും പേരക്കുട്ടിയിലും ഒതുങ്ങുന്നതും നിറയുന്നതും കാണാമായിരുന്നു. ഒരു പക്ഷെ സ്വാഭാവികതയുടെ കുറച്ചു നിമിഷങ്ങൾ അവരിലേക്കെങ്ങനെയോ എത്തിപ്പെട്ടതാകാം..
അവരിരുവരും നിശബ്ദം കണ്ണീരിൽ നനയുന്നുണ്ടായിരുന്നു..
അവർക്കിടയിലെ മൗനത്തിലേക്ക് , ചേർത്തണച്ച് തുറന്നു വിടാൻ കഴിയാതെ പോയൊരു പൊട്ടിക്കരച്ചിൽ, നെറുകിലും കവിളിലും ആഞ്ഞാഞ്ഞു പതിയാത്ത ഉമ്മകൾ, അമ്മേയെന്ന് തൊണ്ടക്കുഴിയിൽ നിന്ന് പുറത്തു വരാത്ത ഒരു വിളി.. ഒക്കെയും നിറയുന്നതായി തോന്നി..

എങ്കിലും കണ്ണു തുടച്ച്, കൂടിച്ചേരലിലവർ പതിയെ ചിരിച്ചു തുടങ്ങിയ ആ നിമിഷം, ആ കാഴ്ച, മുന്നിൽ നിശ്ചലമാക്കപ്പെട്ട പോലെ തോന്നി പെട്ടെന്ന്. അതും പേറി അവരെയും കടന്ന് നടന്നു തുടങ്ങുമ്പോഴോർത്തു.
ഒരു നേർത്ത ചിരി… ഒരു കണ്ണു നിറയൽ… പരസ്പരം മൗനത്തിലിരുന്നുള്ള നീണ്ട ഒരു നോട്ടം… ചില ബന്ധങ്ങൾ…
ഒക്കെയും എത്ര സുന്ദരമാണെന്ന്…
നെഞ്ചിലെ കനമൊഴിയുന്നത് ഞാനപ്പോഴറിഞ്ഞു തുടങ്ങിയിരുന്നു…
ജീവിതം നിമിഷങ്ങളാണെന്ന് പറയാതെ പറഞ്ഞു തന്നവർക്ക്..

LEAVE A REPLY

Please enter your comment!
Please enter your name here