കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്‌സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയും ഐ ഫോണ്‍ xഉം പുറത്തിറക്കിയത്. ഇരു വശങ്ങളിലും ഗ്ലാസ് പ്രതലങ്ങളാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് ഫോണുകളുടെ സവിശേഷത. ആറ് കോറുകളുള്ള A11 ബയോണിക് ചിപ്പുകളും 64 ബിറ്റ് ഡിസൈനുമായിരിക്കും ഐഫോണ്‍ 8ലും 8 പ്ലസിലും. പുതിയ ഗോള്‍ഡന്‍ പതിപ്പ് അടക്കം മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും. ഹോം ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണ്‍. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് മറ്റൊരു പ്രത്യേകത. നമ്പര്‍ ലോക്കും പാറ്റേണ്‍ ലോക്കും പഴങ്കഥ. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോണ്‍ എക്‌സില്‍. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്‌വേഡ് എന്ന് ആപ്പിള്‍. ടച്ച് ഐഡിക്കു പകരം മുഖം നോക്കി ലോക്ക് തുറക്കാം.
ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും തരംഗമാകും. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികള്‍ തയാറാക്കും. ഹൈ ഡെഫനിഷന്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ. താഴെനിന്നു മുകളിലേക്ക് സ്വൈപ് ചെയ്താല്‍ ഹോം സ്‌ക്രീന്‍. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെന്‍സറാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല. സ്‌പെയ്‌സ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ കിട്ടും. മുന്‍പിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ക്വാഡ് എല്‍ഇഡി ടു ടണ്‍ ഫ്‌ലാഷ്, എയര്‍പവര്‍, വയര്‍ലസ് ചാര്‍ജിങ് തുടങ്ങി നിരവധി പുതുമകള്‍. ഐഫോണ്‍ ഏഴിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ്. സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം. വില 999 ഡോളര്‍. നവംബര്‍ മൂന്നുമുതല്‍ ലഭ്യമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here