സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അങ്ങനെ കുറച്ച് പേര്‍ മാത്രമേ ഉണ്ടാകൂ. അത് പോലെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാല്‍ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയില്‍ ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നാണ് ‘ഗോഡ്സ് ഓണ്‍ സിനിമാ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന സംഘടന രൂപം കൊണ്ടത്.

ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ ഉയര്‍ന്ന് വന്ന ഈ സംഘടന വിജയിക്കാന്‍ കാരണം സൊസൈറ്റിയിലെ ഓരോ അംഗങ്ങളുടെയും വിശ്രമമില്ലാത്ത പരിശ്രമവും ലക്‌ഷ്യം നേടിയെടുക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസവുമാണ്.

2016 ല്‍ രൂപീകൃതമായ ഗോഡ്സ് ഓണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ‘മിറാക്കിള്‍’ എന്ന ആദ്യ ഹൃസ്വ ചിത്രത്തിന് ശേഷമുള്ള രണ്ടാമത്തെ സംരംഭം അണിയറയില്‍ ഒരുങ്ങുകയാണ്. സൊസൈറ്റിയിലെ അംഗങ്ങള്‍ തന്നെ കഥയും തിരക്കഥയും, നിര്‍വഹിച്ചിരിക്കുന്ന സിനിമക്ക് ‘മഴക്ക് മുന്നേ’ എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് രഞ്ജിത്ത് പൂമുറ്റം സംവിധാന മേല്‍നോട്ടവും രക്ഷാധികാരി സോണി കല്ലറക്കല്‍ നിര്‍മ്മാണ നിയന്ത്രണവും വഹിക്കുന്ന ‘മഴക്ക് മുന്നെ’യുടെ ഷൂട്ടിംഗ് ധര്‍മ്മടം, ചിറക്കുനി, തലശ്ശേരി മേഖലയില്‍ പൂര്‍ത്തിയായി.

വളരെ ചെറിയ മുതല്‍ മുടക്കില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന സിനിമക്ക് ആവശ്യമായ സാമ്പത്തികം സൊസൈറ്റിയിലെ അംഗങ്ങള്‍ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്ക് ഇനിയും പണം ആവശ്യമായത് കൊണ്ട് അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അംഗങ്ങള്‍. ഇതിനായി പല സ്പോണ്സറെയും സമീപിച്ചിട്ടുണ്ടെന്ന് രക്ഷാധികാരി സോണി കല്ലറയ്ക്കല്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാനും സാങ്കേതികമായി പ്രവര്‍ത്തിക്കാനും താല്‍പര്യമുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ സ്വപ്നങ്ങള്‍ തങ്ങളുടേതാക്കി മാറ്റി ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് അംഗങ്ങള്‍ ഒരു പോലെ പറയുന്നു. ‘മഴക്ക് മുന്നേ’ ഹൃസ്വ ചിത്രത്തിന് ശേഷം ചെറിയ മുതല്‍മുടക്കില്‍ ഒരു സിനിമ പിടിക്കാന്‍ ഒരുങ്ങുകയാണെന്നും അതിനുള്ള തിരക്കഥകള്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും രക്ഷാധികാരി അഭിപ്രയാപ്പെട്ടു.

20 മിനുട്ടോളം ദൈർഘ്യമുള്ള ‘മഴക്ക് മുന്നേ’ സമകാലിക സംഭവത്തിന്റെ ദൃശ്യാവിഷ്കാരവും സാമൂഹിക സന്ദേശമുണർത്തുന്ന വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്.

‘മിറാക്കില്‍’ പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് രണ്ടാമത്തെ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ നിര്‍മിച്ചു എന്നതിനാല്‍ ‘മിറാക്കിള്‍’ നേരത്തെ തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ : Mob: 9496226485, 7907253875.

1 COMMENT

Leave a Reply to Susan Cancel reply

Please enter your comment!
Please enter your name here