“നിങ്ങളോടൊപ്പം” എന്ന പരിപാടിയിലൂടെ അമേരിക്കൻ മലയാളികളുടെയും പ്രിയങ്കരിയായി മാറിക്കഴിഞ്ഞിറിക്കുകയാണ് നമ്മുടെ സ്വന്തം ശ്രേയക്കുട്ടി…

മിനുങ്ങും മിന്നാമിനുങേ എന്ന ഒരു ഗാനത്തിലൂടെ വീണ്ടും മലയാളികളെ വിസ്മയിപ്പിച്ച ശ്രേയക്കുട്ടി അമേരിക്കൻ മലയാളികളുടെ മനസിലാക്കി കഴിഞ്ഞു. സോജി മീഡിയ അവതരിപ്പിക്കുന്ന “നിങ്ങളോടൊപ്പം “എന്ന കലാവിരുന്നിലാണ് ശ്രേയയുടെ വിസ്മയിപ്പിക്കുന്ന സംഗീത പരിപാടിക്ക് ആസ്വാദകർ ഒഴുകിയെത്തുന്നത്. സൂര്യാടിവിയിലെ സൂര്യ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രേയ ശ്രദ്ധേയയാകുന്നത്. ആ റിയാലിറ്റി ഷോയിലെ വിജയിയും ശ്രേയ ആയിരുന്നു. വീപ്പിങ്ങ് ബോയ്, നിർണായകം, അമർ അക്ബർ അന്തോണി ഒപ്പം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രേയ പാടിയിട്ടുണ്ട്. അമർ അക്ബർ അന്തോണിയിലെ എന്നോ ഞാനെന്റെ, ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്നീ ഗാനങ്ങൾ  പ്രേക്ഷക ശ്രദ്ധ നേടി. അതിനു പുറമേ നിരവധി ആൽബങ്ങളിലും ഹൈന്ദവ-ക്രിസ്തീയ ഭക്തിഗാനങ്ങളും ശ്രേയയുടേതായുണ്ട്. എം. ജയചന്ദ്രന്‍ആദ്യമായി സംഗീതസംവിധാനം ചെയ്ത ക്രിസ്തീയ ഭക്തിഗാന ആൽബമായ ഗോഡിലെ മേലെ മാനത്തെ ഈശോയേ എന്നു തുടങ്ങുന്ന പാട്ടാണ് ഏറ്റവും ശ്രദ്ധേയമായത്.

 ചെറിയ പ്രായത്തിനുള്ളില്‍ മലയാളികളുടെ സ്നേഹം സ്വന്തമാക്കാന്‍ ശ്രേയയ്ക്ക് കഴിഞ്ഞു. കളിമണ്ണിലെ ലാലി ലാലി എന്ന തുടങ്ങുന്ന പാട്ട് ശ്രേയ പാടിയപ്പോള്‍ ഏറെയാളുകളാണ് ആസ്വദിച്ചത്. അന്നു പാടിയ പാട്ടുകള്‍ കേട്ടാണ് ശ്രെയയിലെ  ഗായികയെ തേടി പലരും എത്തുന്നത്.

താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്‍റെ കീഴിലാണ് ശ്രേയ സംഗീതം പഠിക്കുന്നത്. നാലാം വയസ് മുതല്‍ സംഗീതം പഠിക്കുന്നുണ്ട്. യുകെജി ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പാട്ട് പാടുന്നുണ്ട്. 2013ലാണ് മലയാള സിനിമാലോകത്തിലേക്കെത്തിയത്. വീപ്പിങ്ങ് ബോയ് എന്ന ചിത്രത്തില്‍ ചെമ്മ ചെമ്മാ, തരാട്ടും പാട്ടുമെന്നീ രണ്ടു പാട്ടുകള്‍ പാടിയാണ് ശ്രേയയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തിന് അനില്‍ പനച്ചൂരാനാണ് വരികളെഴുതിയിരിക്കുന്നത്. ഏറെ സന്തോഷമായിരുന്നു… അപ്രതീക്ഷിതമായാണ് സിനിമാലോകത്തിലേക്ക് അവസരം ലഭിച്ചത് .

പിന്നീട് കുറേയേറെ ആല്‍ബങ്ങള്‍ പാടിയാണ് ശ്രേയ വീണ്ടും സജീവമാകുന്നത്. ഭക്തിഗാനങ്ങളിലൂടെയാണ് ശ്രേയ താരമാകുന്നത്. എം. ജയചന്ദ്രന്‍ ആദ്യമായി സംഗീതസംവിധാനം ചെയ്ത ക്രിസ്തീയ ഭക്തിഗാനമായിരുന്നു ഗോഡ്. മേലേ മാനത്തെ ഈശോയേ.. എന്നു തുടങ്ങുന്ന പാട്ടാണ് ഗോഡില്‍ ശ്രേയ പാടിയത്. സ്പര്‍ശം, ഹിതം, കരുതലിന്‍ കരം തുടങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങളും അയപ്പതിന്തകത്തോം, ശ്രീശബരീശനെ, ശിവരാത്രി നാള്‍ തുടങ്ങിയ കുറേ ഹിന്ദു ഭക്തിഗാനങ്ങളും ശ്രേയ പാടിയിട്ടുണ്ട്. 

അച്ഛന്‍റെയും അമ്മയുടെയും മാത്രമല്ല അധ്യാപകരുടെയും പൂര്‍ണ പിന്തുണയോടു കൂടിയാണ് ശ്രേയ പാടുന്നത്. അക്കൂട്ടത്തിലെ സ്കൂളിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണി കളത്തിങ്കലിന്‍റെ പേരു ഒഴിവാക്കാനാകില്ലെന്നു ശ്രേയ പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ വിജയിച്ചെത്തിയ തനിക്ക് സ്കൂളില്‍ നിന്ന് കീബോര്‍ഡ് സമ്മാനം നല്‍കി. സ്കൂളില്‍ മാത്രമല്ല നാട്ടിലും താരമാണ് ശ്രേയ. കോഴിക്കോട് അശോകപുരം സ്വദേശികളായ ജയദീപിന്‍റെയും പ്രസീദയുടെയും മകളാണ് ശ്രേയ, കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി. 

LEAVE A REPLY

Please enter your comment!
Please enter your name here