മോസ്‌കോ: മേഘപാളികളില്‍ തട്ടി പ്രതിഫലിച്ച സൂര്യകിരണങ്ങള്‍ യുഎസ് മിസൈലെന്നു തെറ്റിധരിച്ച് സോവിയറ്റ് ഉപഗ്രഹങ്ങള്‍ അപായശബ്ദം മുഴക്കിയ ആ പുലര്‍കാല നിമിഷങ്ങളുടെ ഓര്‍മകളുമായി സ്റ്റാനിസ്‌ലാവ് പെട്രോവ് (77) എന്നേക്കുമായി കണ്ണടച്ചു. ശീതയുദ്ധത്തിന്റെ തീവ്രകാലത്ത്, ബുദ്ധിപരമായ ഇടപെടലിലൂടെ ആണവയുദ്ധം ഒഴിവാക്കിയെന്ന വിശേഷണം നേടിയ മുന്‍ സോവിയറ്റ് ലഫ്. കേണലാണു വിടവാങ്ങിയത്.
1983 സെപ്റ്റംബര്‍ 26ന് സോവിയറ്റ് ഉപഗ്രഹം മുഴക്കിയ അപായ ശബ്ദം സാങ്കേതികപ്പിഴവു മൂലമെന്നു തിരിച്ചറിഞ്ഞ പെട്രോവ് തെല്ലും പരിഭ്രമിക്കാതെ, മേലധികാരിക്കു മുന്നറിയിപ്പു നല്‍കേണ്ടെന്ന ധീരമായ തീരുമാനമെടുക്കുകയായിരുന്നു. സോവിയറ്റ് സേനാ കമാന്‍ഡര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കി ഫോണ്‍ വിളി പോയിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കകം തുടങ്ങുമായിരുന്നത് റഷ്യ–യുഎസ് ആണവയുദ്ധം! ജന്മദിനാശംസ നേരാന്‍ രണ്ടാഴ്ച മുന്‍പു പെട്രോവിന്റെ വീട്ടിലേക്കു ഫോണ്‍ ചെയ്ത ജര്‍മന്‍ ചലച്ചിത്ര സംവിധായകന്‍ കാള്‍ ഷുമാക്കറാണ് അദ്ദേഹം മേയ് 19നു നിര്യാതനായ വിവരം മകന്‍ ദിമിത്രിയില്‍നിന്ന് അറിഞ്ഞത്. തുടര്‍ന്ന്, ഷുമാക്കര്‍ തന്ന ഓണ്‍ലൈനില്‍ വാര്‍ത്ത പുറത്തുവിടുകയായിരുന്നു.
1998ല്‍ ജന. യൂറി വോട്ടിന്റ്‌സെവ് പ്രസിദ്ധീകരിച്ച ജീവിതസ്മരണകളിലൂടെയാണ് പെട്രോവിന്റെ ‘സമാധാന ഇടപെടല്‍’ ആദ്യമായി ലോകമറിഞ്ഞത്. ഡ്രെസ്ഡന്‍ സമാധാന പുരസ്‌കാരം ഉള്‍പ്പെടെ ബഹുമതികളുടെ പ്രവാഹമായി പിന്നീട്. ദ് മാന്‍ ഹൂ സേവ്ഡ് ദ് വേള്‍ഡ് എന്ന പേരില്‍ 2013ല്‍ പെട്രോവിനെപ്പറ്റി ഡോക്യുമെന്ററിയും ഇറങ്ങി. ”സൈറന്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ ഏതാനും നിമിഷം തരിച്ചിരുന്നുപോയി. എനിക്കു മുന്നില്‍ ചുവപ്പു പ്രകാശം നിറഞ്ഞ്, ഒരു വലിയ സ്‌ക്രീന്‍. അതിലെഴുതിയിരുന്നത് ‘ലോഞ്ച്’ (തൊടുക്കുക) എന്നായിരുന്നു. കംപ്യൂട്ടര്‍ മുന്നറിയിപ്പു സംവിധാനത്തിന് എന്തോ സാങ്കേതികപ്രശ്‌നമുണ്ടെന്ന കാര്യം മാത്രം ഞാന്‍ മേലധികാരിയോടു റിപ്പോര്‍ട്ടു ചെയ്തു. 23 മിനിറ്റ് കഴിഞ്ഞ്, മിസൈലൊന്നും പതിച്ചിട്ടില്ലെന്ന് ഉറപ്പുവന്നപ്പോഴാണ് സത്യത്തില്‍ എനിക്കു ശ്വാസം നേരേ വീണത്.” – മോസ്‌കോയ്ക്കു സമീപം രഹസ്യ സേനാകേന്ദ്രത്തില്‍ 1983 സെപ്റ്റംബര്‍ 26നു പുലര്‍ച്ചെ മിസൈല്‍ മുന്നറിയിപ്പു മുഴങ്ങിയതിനെപ്പറ്റി പെട്രോവ് പില്‍ക്കാലത്തു സ്മരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here