Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

കൊച്ചി:സോളര്‍ കൂട്ട നടപടികളോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന മാനഭംഗക്കേസില്‍ തിരക്കിട്ട് അറസ്റ്റിനുള്ള സാധ്യത കുറവ്. അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെങ്കിലും അതിനുള്ള രാഷ്ട്രീയാനുമതി ഈ ഘട്ടത്തിലുണ്ടാകില്ലെന്ന സൂചനയാണു സിപിഎം നേതാക്കളും ഭരണകേന്ദ്രങ്ങളും നല്‍കുന്നത്.
സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പത്തു നേതാക്കള്‍ക്കെതിരേ മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കു പുറമെ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, എ.പി. അബ്ദുള്ളക്കുട്ടി, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസ് കെ. മാണി, മോന്‍സ് ജോസഫ് എന്നിവരാണു പ്രതികളാവുക.
ജ്യൂഡീഷ്യല്‍ കമ്മിഷന്‍ വിചാരണയ്ക്കും തെളിവെടുപ്പിനും ശേഷമാണു മാനഭംഗം നടന്നുവെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന ന്യായത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസിനു കഴിയില്ല. കമ്മിഷന്റെ കണ്ടെത്തലുകള്‍ വിചാരണകളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേരുന്ന ജുഡീഷ്യല്‍ ഫൈന്‍ഡിങ്‌സ് തന്നെയാണ്. ശിക്ഷിക്കാന്‍ അധികാരമില്ല എന്നതു മാത്രമാണു കമ്മിഷനെയും കോടതിയെയും വ്യത്യസ്തമാക്കുന്നതെന്നു നിയമവിദഗ്ധന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
സോളാര്‍ കേസില്‍ സംഭവിച്ചിരിക്കുന്ന കാര്യങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍ അപൂര്‍വമായി സംഭവിക്കുന്നതാണെന്നു നിയമജ്ഞര്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകള്‍ കോടതികള്‍ നേരിട്ടു തെളിവായി സ്വീകരിക്കില്ല. അവ സര്‍ക്കാരുകളുടെ പരിഗണനയ്ക്കാണു വിടുന്നത്. വേണമെങ്കില്‍ തള്ളിക്കളയാം, അല്ലെങ്കില്‍ സ്വീകരിക്കാം. റിപ്പോര്‍ട്ടിലെ നിഗമനങ്ങളില്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മന്ത്രിസഭ തീരുമാനമെടുത്തതിനെ നിയമപ്രകാരം തെറ്റെന്നു പറയാനാവില്ല.
എന്നാല്‍, കമ്മിഷന്റെ കണ്ടെത്തലുകള്‍ അതേപടി കോടതികള്‍ സ്വീകരിക്കില്ല. രാജന്‍ കേസിന്റെ കാര്യത്തില്‍ ഇത് മുന്‍ അനുഭവമാണ്. പക്ഷേ, അന്വേഷണ സംഘത്തിന് ഈ കണ്ടെത്തലുകളെ തിരസ്‌കരിക്കാനാവില്ല.
പുതുതായി രൂപീകരിക്കപ്പെടുന്ന അന്വേഷണ സംഘം സോളാര്‍ അഴിമതിയും സോളാര്‍ മാനഭംഗവും രണ്ടു കേസുകളായി രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചാല്‍ സുപ്രീം കോടതി വരെ നീളുന്ന നിയമയുദ്ധമാകും ഉണ്ടാവുക. സ്ത്രീപീഡനങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കിയതും നേതാക്കള്‍ക്കു വിനയാകും.
എന്തായാലും കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു വൈകാതെ അന്വേഷണം ആരംഭിക്കും. ജാമ്യമില്ലാത്ത 376–ാം വകുപ്പ് പ്രകാരമായതിനാല്‍ വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. വൈദ്യപരിശോധന ആവശ്യമായതിനാല്‍ അറസ്റ്റ് വേണ്ടിവരികയും ചെയ്യാം. എന്നാല്‍ മാനഭംഗത്തിനിരയാകുന്ന സ്ത്രീയുടെ പരാതിയിന്മേല്‍ സ്വീകരിക്കുന്ന ഈ നടപടിക്രമം ഇപ്പോഴത്തെ കേസില്‍ പാലിക്കാനാകുമോയെന്ന സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. അതുകൂടി കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ തീരുമാനമെടുക്കാനുള്ള സാധ്യതയാണു ഭരണകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here