കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അന്വേഷണ ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുകേശനും യോഗത്തില്‍ പങ്കെടുക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം. കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമോ എന്നതില്‍ ഇന്ന് തീരുമാനമാകും. ബി സന്ധ്യ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം.നടന്‍ ദിലീപിനെതിരെ പരമാവധി തെളിവുകള്‍ നിരത്തി ഗൂഢാലോചന തെളിയിക്കാന്‍ പോന്ന കുറ്റപത്രം തയ്യാറാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ബി സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേരുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാര്‍ രക്ഷപ്പെടാന്‍ വഴിവെക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം തയ്യാറാക്കാനുള്ള നീക്കം. കുറ്റപത്രം എന്ന് കോടതിയില്‍ സമര്‍പ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും. കേസിലെ നിര്‍ണ്ണായക തൊണ്ടിമുതലായ മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളും അതിന്റെ നിയമ വശങ്ങളും ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here