ഒറിഗണ്‍: ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയതിന് 18 മാസ തടവ് ശിക്ഷ. പോര്‍ട്ട്‌ലാന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയും മാതാപിതാക്കളും ഡൗണ്‍ ടൗണിലൂടെ മാക്‌സ് ട്രെയ്‌നില്‍ സഞ്ചരിക്കുമ്പോള്‍ ക്ലോപ്പ് എന്ന 35 കാരനാണ് വംശീയാധിക്ഷേപം നടത്തിയത്. 
ആദ്യം ഇവര്‍ ഇതു ഗൗരവമായി കണക്കാക്കിയില്ലെങ്കിലും ആക്രോശം തുടരുകയും വസ്ത്രത്തില്‍ കയറി പിടിക്കുകയും ചെയ്തതായി ഇവര്‍  നല്‍കിയ പരാതിയില്‍ പറയുന്നു.
ട്രെയ്‌നിലുണ്ടായിരുന്ന ആകെയുള്ള മൂന്ന് യാത്രക്കാര്‍ ഇടപെടുകയോ, ഇയ്യാളെ നിയന്ത്രിക്കുകയോ ചെയ്തില്ലെന്നത് വേദനയുണ്ടാക്കിയതായി പേര്‍ വെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത വിദ്യാര്‍ത്ഥിനി പറഞ്ഞു. 
വിദ്യാര്‍ത്ഥിനിയുടെ (മകളുടെ) ഗ്രാജുവേഷന്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയില്‍ നിന്നും എത്തിയതായിരുന്നു മാതാപിതാക്കള്‍. 
കഴിഞ്ഞ മാസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 12 നാണ് ശിക്ഷ വിധിച്ചത്.
മര്‍ട്ടനോമ കൗണ്ടി സര്‍ക്യൂട്ട് ജഡ്ജി ഷെറില്‍ പ്രതിക്ക് 3 വര്‍ഷത്തെ നല്ല നടപ്പ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും മറ്റൊരു കേസില്‍ പ്രൊബേഷന്‍ ശിക്ഷ ലംഘിച്ചതിനും ഉള്‍പ്പെടെ 18 മാസത്തെ ജയില്‍ വാസം വിധിക്കുകയായിരുന്നു. 
ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വംശീയാധിഷേപം പലരും ഗൗരവമായി എടുക്കാത്തതും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്  ഇടയാക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്താല്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുള്ള കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here