ഐ.വി.ശശി…! ചെറുപ്പകാലം  മുതൽ.ആവേശം കൊള്ളിച്ച പേര്.  മലയാള സിനിമയെ നെഞ്ചോട് ചേർക്കാൻ ഒരു കാരണമായിരുന്ന, ആ മാസ്റ്റർ ഡയറക്ടർ ഇനി ഇല്ല. 1980 കളിൽ വലിയ ജനക്കൂട്ടത്തെയും താരങ്ങളേയും ഉൾപ്പെടുത്തി, കലയും കച്ചവടവും സമ്മേളിച്ച് പ്രേക്ഷകരെ ആവേശം കൊള്ളിച്ച് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മാസ്റ്റർ ഡയറക്ടർ ഇനി ഓർമ്മ…!!!! അങ്ങാടി, കരിമ്പന, ആവനാഴി, ഇടനിലങ്ങൾ, വാർത്ത, 1921, കരിമ്പിൻപൂവിനക്കരെ, നാൽക്കവല, ആൾക്കൂട്ടത്തിൽ  തനിയെ, അനുബന്ധം, അതിരാത്രം, ദേവാസുരം, അങ്ങനെ നിരവധി മനസ്സിൽ നിന്ന് മായാത്ത ചിത്രങ്ങൾ സമ്മാനിച്ച ഒരു വലിയ ചിത്രകാരൻ കൂടിയായിരുന്ന മലയാളസിനിമയുടെ എക്കാലത്തേയും വലിയ സംവിധായകൻ ആയിരുന്നു ഐ വി ശശി.

ഉത്സവം എന്ന ചിത്രത്തിലൂടെയായിരുന്നു ആ മാസ് എൻട്രി ഉത്സവത്തിന്റെ പൊലിമുയുള്ളവയായിരുന്നു പിന്നീട് ഐ വി ശശിയുടെ സംവിധാനത്തിൽ പിറന്ന ചിത്രങ്ങൾ. മലയാളത്തിനു പുറമേ ഹിന്ദിയും തമിഴും ഐ വി ശശിയെന്ന സംവിധായകനെ അറിഞ്ഞു വാഴ്ത്തി. മിനുസമാർന്ന ജീവിതപരിസരങ്ങളെക്കാൾ പരുക്കൻ പശ്ചാത്തലങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകൾ അധികവും കൈകാര്യം ചെയ്തത്. ജീവിക്കാൻ പടപൊരുതുന്നവരും അധോലോക ജീവിതങ്ങളും രാഷ്ട്രീയവും സിനിമകൾക്കു പ്രമേയമായി.

1968-ൽ ബംഗാളിൽ വസന്തത്തിന്റെ ഇടിമുഴക്കമുണ്ടായപ്പോൾ കോഴിക്കോട് വെസ്റ്റ്ഹില്ലിൽ നിന്ന് മദിരാശിയിലേക്ക് കലാസംവിധായകനാകാൻ നാടുവിട്ട ഇരുപ്പം വീട് ശശിധരൻ എന്ന ചിത്രകാരൻ ഏഴുവർഷത്തോളമാണ് അന്നത്തെ മലയാളസിനിമയുടെ തറവാടായ കോടമ്പാക്കത്ത് വാക്കിന്റെയും സമയത്തിന്റെയും സിനിമയുടെയും കലയും വിലയും അറിയുവാൻ ചെലവഴിച്ചത്. 

രാജ്യം അടിയന്തരാവസ്ഥയിലേക്ക് പിച്ചവെക്കുന്ന കാലം പ്രേം നസീറും മധുവുമൊക്കെ കത്തിനിൽക്കുകയാണ്. താരതീയതികൾ അന്നും പ്രശ്നം തന്നെയാണ് അവിടെയാണ് കാറ്റുവിതച്ചവനും കവിതയുമെഴുതിയ, സത്യനെവെച്ച് കളിപ്പാവ എഴുതി ഹിറ്റാക്കിയ ആലപ്പി ഷെരീഫ് എന്ന എഴുത്തുകാരൻ ഒരു വഴികാട്ടിയായി ഉത്സവത്തിന്റെ രൂപത്തിൽ ഐ.വി.ശശി എന്ന സംവിധായകന് മലയാള സിനിമയുടെ ഗതി തിരിച്ചുവിടുന്നൊരു കൂട്ടുകെട്ടിന് തുടക്കമിട്ടുകൊടുക്കുന്നത്.

ഭാവിയുടെ പ്രമേയം കാലത്തിനുമുമ്പേ അവതരിപ്പിച്ച ചിത്രമായിരുന്നു ഉത്സവം. കുടിവെള്ളത്തിനുവേണ്ടിയുള്ള രണ്ടു കരക്കാരുടെ പോരാട്ടങ്ങൾക്കിടയിൽ ഒരു ദേശത്തിന്റെ കഥ പറയുകയായിരുന്നു ശശിയും ഷെറീഫും. ഉമ്മർ നായകനായി രാഘവനും വിൻസന്റും ശ്രീവിദ്യയും റാണിചന്ദ്രയുമൊക്കെ ഉത്സവത്തിൽ അണിനിരന്നു. പ്രേംനസീർകാല സിനിമകളുടെ ചേരുവകളൊന്നുമില്ലാതെ കറുപ്പിലും വെളുപ്പിലും കഥ പറഞ്ഞ ഉത്സവം എഴുപതുകളിലെ ന്യൂജനറേഷൻ തരംഗത്തിന് തുടക്കമിടുകയായിരുന്നു. ആ പരിണാമത്തിന്റെ തുടർച്ചയായിട്ടാണ് പിന്നീടൊരിക്കലും ആവർത്തിക്കാനാവാത്ത അവളുടെ രാവുകൾ ഐ.വി.ശശിയും ഷെരീഫുംകൂടി സൃഷ്ടിച്ചത്. 

1977-അവളുടെരാവുകൾ പിറക്കുന്നതിനും മുമ്പ് രാജ്യം അടിയന്തരാവസ്ഥ വിട്ടൊഴിയുകയാണ് പകയുടെ വന്യമായ സൗന്ദര്യവും രതിയുടെ ആക്രമണോത്സുകവുമായ കെട്ടഴിച്ചുവിടലുംകൊണ്ട് മലയാള സിനിമയെ പിടിച്ചുകുലുക്കിയുണർത്തി ഇതാ ഇവിടെവരെയുമായി ഐ.വി.ശശി പുതിയ തരംഗത്തിന് തുടക്കമിട്ടു. പ്രയാണത്തിലൂടെ മധ്യവർത്തി സിനിമയുടെ സൗന്ദര്യമായി മാറിയ പത്മരാജൻ എന്ന എഴുത്തുകാരനെ മുഖ്യധാരയുടെ നെറുകയിലെത്തിച്ച ചിത്രമായിരുന്നു അത്.

സത്യന്റെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട എം.ജി.സോമന്റെ പരുക്കൻ താരോദയവും മധുവിന്റെ അന്നുവരെ കാണാത്ത ഭാവപ്പകർച്ചയും മലയാള സിനിമ കണ്ടു. 

ദേശത്തിന്റെയും നഗരത്തിന്റെയും ഉള്ളറകൾ തുറന്ന് വ്യക്തിബന്ധങ്ങളുടെ സൂക്ഷമതലങ്ങൾ വെള്ളിത്തിരയിലെഴുതിയ സിനിമകളിൽനിന്നും ഈ നാടിന്റെ ചരിത്രമെഴുതുന്നതിലേക്ക് ഐ.വി.ശശിയുടെ സിനിമ ചുവടുമാറുന്നത് കോഴിക്കോട്ടങ്ങാടിയുടെ കഥ പറഞ്ഞ അങ്ങാടിയിലൂടെയാണ് ജയന്റെ താരോദയം അവിടെ കണ്ടു എന്നാൽ മലയാളസിനിമ രാഷ്ട്രീയം സംസാരിക്കാൻ പ്രായപൂർത്തി നേടുന്നത് ഈ നാടിലൂടെയാണ്.  ആറാട്ടിൽ തുടങ്ങി തുഷാരം, അഹിംസ എന്നീ സിനിമകളിലൂടെ വളർന്ന ഐ.വി.ശശി-ടി.ദാമോദരൻ കൂട്ടുകെട്ട് രാഷ്ട്രീയ പക്വത നേടിയത് അതിലൂടെയായിരുന്നു. ഇന്നല്ലെങ്കിൽ നാളെ, ഇനിയെങ്കിലും ആവനാഴി, വാർത്ത, അടിമകൾ ഉടമകൾ തുടങ്ങി 100 ദിവസം പിന്നിട്ട 32-ഓളം സിനിമകൾ അങ്ങനെ പുതിയ ചരിത്രമെഴുതി. 1921-ൽ ആ കൂട്ടുകെട്ട് ചരിത്രത്തെ വെള്ളിത്തിരയുടെ ചലനബിംബമാക്കിമാറ്റി. എൺപതുകളുടെ ഈ രാഷ്ട്രീയതരംഗം പിൽക്കാല രാഷ്ട്രീയ സിനിമകൾക്ക് ആവർത്തിക്കാനായില്ല. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്ക് പിറകിലെ ചരിത്രം ചികഞ്ഞുകൊണ്ടിരിക്കുമ്പോഴും ഒറ്റപ്പെട്ടു മേയുന്നവരുടെ ഉൾക്കാമ്പ് പുറത്തെടുക്കുന്ന വിദ്യ ഐ.വി.ശശി മറന്നതേയില്ല. അത് പുതിയ ദിശയിലേക്ക് വളരുന്നത് എം.ടി.വാസുദേവൻനായരുമായുള്ള കൂട്ടുകെട്ടിലൂടെയാണ്. 1981-ൽ തൃഷ്ണയിലൂടെ തുടക്കമിട്ട ഈ ധാര ആരൂഢം, ഉയരങ്ങളിൽ എന്നീ സിനിമകൾക്കുശേഷം 1984-ൽ ആൾക്കൂട്ടത്തിൽ തനിയെയിലെത്തിയപ്പോൾ അത് മുഖ്യധാരയ്ക്ക് വേറിട്ട അനുഭവമായി മാറുകയായിരുന്നു. മരണം കാത്തിരിക്കുന്നതിന്റെ തീക്ഷ്ണതകളും വ്യക്തിബന്ധങ്ങളിലെ ശൈഥില്യവുമൊക്കെ അതാവിഷ്കരിച്ചു. വലിയ തറവാടുകളുടെ അന്തഃഛിദ്രങ്ങളുടെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ വേദനകളിലൂടെ ഐ.വി.ശശി-എം.ടി കൂട്ടുകെട്ട് മുഖ്യധാരയുടെ ഭാവുകത്വം പുതുക്കിപ്പണിതു.ഐ വി -ശശി – മോഹൻലാൽ കൂട്ടുകെട്ട് മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കൂട്ടുകെട്ടാണ്. ഒട്ടനവധി ചിത്രങ്ങൾ ഇരുവരും ചേർന്ന് നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട് എങ്കിലും അതിൽ മലയാളികൾക്ക് ഏറ്റവും പ്രീയപെട്ടതു ദേവാസുരം ആയിരിക്കുമെന്നതിൽ സംശയമൊന്നുമില്ല. ഒരുപക്ഷെ ഐ വി ശശി എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമായിരിക്കും ദേവാസുരം. മലയാള സിനിമയിലെ ഓൾ ടൈം ക്ലാസ്സിക്കുകളിൽ ഒന്നായാണ് ഈ ചിത്രം പരിഗണിക്കപ്പെടുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരേറെ.മമ്മുട്ടിക്ക് പരുക്കൻ കഥാപാത്രങ്ങൾ നൽകി മെഗാസ്റ്റാർ പടിവിയിലേക്കു പിടിച്ചുയർത്തിയതും ഐ വി ശശി ആണ്.വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് കാരക്ടർ റോളിലേക്കുള്ള മാറ്റത്തിന് സുരേഷ്‌ഗോപിക്ക് മാറാൻ സാധിച്ചതും ഐ വി ശശിയുടെ അക്ഷരത്തെറ്റിലൂടെ ആയിരുന്നു.

കഴിഞ്ഞ 45 വർഷമായി ഒരു ഐ.വി. ശശി സിനിമയോ ആ സിനിമയിലെ ഒരു പാട്ടോ കാണുകയോ കേൾക്കുകയോ മൂളുകയോ ചെയ്യാത്ത ഒരു ദിവസവും മലയാളത്തിൽ പുലർന്നുകാണില്ല. വലിയ പുരസ്കാരങ്ങൾ ആ മനുഷ്യനെ ഇന്നുവരെ തേടിയെത്തിയിരുന്നില്ല എന്നാൽ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. പുരസ്‍കാരം സ്വീകരിച്ചു രണ്ടു മാസങ്ങൾ പൂർത്തിയാകുന്നതിനു മുൻപേ അദ്ദേഹത്തിന്റെ സിനിമകളെയും, മലയാളികളെയും തനിച്ചാക്കി കാലയവനികയ്ക്കുള്ളിലേക്കു മറയുന്നു ആ പ്രതിഭാധനൻ.

LEAVE A REPLY

Please enter your comment!
Please enter your name here