ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ സകല വിശുദ്ധരുടേയും ദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു. മതബോധന സ്കൂളിലെ ക്ലാസുകളില്‍ വിശുദ്ധരുടെ ജീവിതത്തെപ്പറ്റി നടത്തിയ പഠനങ്ങള്‍ക്കുശേഷം ദേവാലയത്തിലേക്ക് നടത്തിയ പരേഡില്‍ മതബോധന സ്കൂളിലെ 550 കുട്ടികളും അധ്യാപകരും പങ്കുചേര്‍ന്നു.

ദേവാലയത്തില്‍ ഗായക സംഘത്തിന്റെ ലുത്തിനയയ്ക്കുശേഷം സിസ്റ്റര്‍ ജോവാന്‍ ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥന കുട്ടികള്‍ ഏറ്റുചൊല്ലി. കുട്ടികളുടെ പ്രതിനിധി ജയിംസ് കുന്നേശേരി വിശുദ്ധനെപ്പറ്റി സംസാരിച്ചു. ദേവാലയത്തിലെ ചടങ്ങുകളിലും വിശുദ്ധ കുര്‍ബാനയിലും വികാരി ഫാ. തോമസ് മുളവനാലും, അസിസ്റ്റന്റ് വികാരി ഫാ. ബോബന്‍ വട്ടംപുറത്തും കാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധരുടെ വേഷം അണിഞ്ഞെത്തിയ കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുകയും, മിഠായി വിതരണം നടത്തുകയും ചെയ്തു. തുടര്‍ന്നു വിശുദ്ധരെ സൂചിപ്പിക്കുന്ന ബലൂണുകള്‍ ആകാശത്തേക്ക് പറത്തി. ത്യാഗത്തിലൂടെയും, സഹനത്തിലൂടെയും സേവനത്തിലൂടെയും വളര്‍ന്ന വിശുദ്ധരുടെ ജീവിത മാതൃക പിന്തുടര്‍ന്നുകൊള്ളാമെന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വിശുദ്ധ ദിനാചരണത്തില്‍ പങ്കെടുത്ത കുട്ടികളെ വികാരിമാര്‍ അഭിനന്ദിച്ചു.

ചടങ്ങുകള്‍ക്ക് സ്കൂള്‍ ഡയറക്ടര്‍മാരായ സജി പുതൃക്കയില്‍, മനീഷ് കൈമൂലയില്‍, അധ്യാപകര്‍, ചര്‍ച്ച് എക്‌സിക്യൂട്ടീവ്, പേരന്റ് വാളണ്ടിയേഴ്‌സ്, സിസ്റ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here