ഹൂസ്റ്റന്‍: പാസഡീന മലയാളി അസോസിയേഷന്റെ(PMA) 26-മത് വാര്‍ഷികയോഗം വിപുലമായ പരിപാടികളോടെ നടത്തി. നവംബര്‍ നാലാം തീയതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സെന്റ് ഫ്രാന്‍സിസ് ഹാളില്‍ ആരംഭിച്ച ആഘോഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പാസഡീന സിറ്റി മേയര്‍ ജഫ് വാഗ്നറെ സമ്മേളനത്തിലേക്ക് ആനയിച്ചു. പ്രസിഡന്റ് ജോണ്‍ ജോസഫ്(ബാബു കൂടത്തിനാല്‍) അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ജേക്കബ് ഫിലിപ്പിന്റെ സഹോദരന്റെ വേര്‍പാടില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് യോഗം ആരംഭിച്ചു. സുജാ രാജന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ മേയറും 2017 കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി. പ്രസിഡന്റ് ജോണ്‍ ജോസഫ് സ്വാഗത പ്രസംഗത്തോടൊപ്പം 26 വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചു. ഇത്ര ചെറിയ ഒരു സംഘടന കേരളത്തിലെ 100 ല്‍ പരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ സഹകരിച്ചവര്‍ക്ക് നന്ദി അറിയിച്ചു.

മേയറുടെ ഉദ്ഘാടന പ്രസംഗത്തില്‍ പിഎംഎ യുടെ പ്രവര്‍ത്തനങ്ങളേയും, ജോണ്‍ ജോസഫിന്റെ നേതൃത്വത്തെയും ടീം അംഗങ്ങളുടെ സഹകരണത്തേയും പ്രത്യേകം ശ്ലാഘിച്ചു. പാസഡീനയില്‍ പിഎംഎ ഇതര സംഘടനകള്‍ക്കും മാതൃകയായി തീരുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പയസ് തോട്ടുകണ്ടത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും പ്രസിഡന്റ് കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കു സമ്മാനദാനവും നടത്തി. കോര്‍ഡിനേറ്റര്‍ റോബിന്‍ ഫെറിയുടെ നേതൃത്വത്തില്‍ ഒരുക്കിയ കോമഡി സ്‌കിറ്റില്‍ ബാബു കൂടത്തിനാലില്‍, അജയന്‍, ആന്റണി, ജോഷി, ജോമോന്‍, ജേക്കബ്, റോബിന്‍ ഫെറി, അരുണ്‍ കണിയാലില്‍, ജോമോന്‍ ജോസഫ്, ആന്റണി ജോസഫ്, സലീം അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നിനൊന്നു മെച്ചപ്പെട്ടതും വ്യത്യസ്തവുമായ കോമഡി ഷോ സദസിനെ കോരിത്തരിപ്പിച്ചു.

ശ്രുതിമധുരമായ ഗാനങ്ങള്‍ പാടി ലിസ തോട്ടുകണ്ടത്തില്‍, അമാന്‍ഡാ ആന്റണി, റോബി ജേക്കബ്, അന്‍സിയ അറയ്ക്കല്‍ എന്നിവര്‍ ആഘോഷത്തെ മികവുറ്റതാക്കി. ഈ വര്‍ഷം 2 കുടുംബങ്ങളെ സഹായിച്ചതൊപ്പം, ഹാര്‍വി ദുരിതാശ്വാസ നിധിയിലേക്ക് 5000 ഡോളര്‍ സംഭാവനയും ചെയ്തു. കൊച്ചു കുട്ടികളായ അലോന, അമാന്‍ഡാ, അനബെല്‍, ഗ്‌ളോറിയ, റിയ, ആല്‍ഫിന്‍, ഷേബ, അസ്‌ന, ഐറിന്‍, ലിയ, ദിയ, ക്രിസ്ലിന്‍, അന്‍സിയ, അബിയ, അലീന എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തങ്ങള്‍ നിറഞ്ഞ കയ്യടി നേടി. സലീം അറയ്ക്കല്‍ അവതരിപ്പിച്ച മാജിക്ക് ഷോ, ആഘോഷത്തിന്റെ മാറ്റു കൂട്ടി. ജോഷി വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു. അബിയാ ആന്റണി, അന്‍സിയാ അറയ്ക്കല്‍ എന്നിവരായിരുന്നു എംസിമാര്‍, വിക്ടേഴ്‌സ് ഇന്‍ഡ്യന്‍ കിച്ചന്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here