ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കിയുള്ള പ്രത്യേക നിയമഭേദഗതിക്കൊരുങ്ങുകയാണ് സ്വിറ്റസര്‍ലന്‍ഡ്. നിയഭേദഗതി സ്വിസ് പാര്‍ലമെന്റിന്റെ അധോസഭയുടെ അനുമതിക്ക് സമര്‍പ്പിച്ചു. ഈ മാസം 27ന് ചേരുന്ന പാര്‍ലമെന്റ് യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

ഇന്ത്യയില്‍ നിന്നുള്ളവര്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ സുരക്ഷിതസ്ഥലമായി കരുതുന്നത് സ്വിസ് ബാങ്കിനെയാണ്. പുതിയ നിയഭേദഗതിക്ക് സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ കള്ളപ്പണനിക്ഷേപകരെ പിടികൂടാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നിലവില്‍ നിരവധി നിയമനൂലാമാലകളിലൂടെ കടന്നുപോയാല്‍പോലും സ്വിസ് ബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാവാനുള്ള സാഹചര്യമില്ല.

തീരുമാനം അനുകൂലമായാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തുന്ന സമയത്തുതന്നെ അതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ. നിക്ഷേപം നടത്തുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പര്‍, പേര്, മേല്‍വിലാസം, ജനനത്തീയതി, നിക്ഷേപവിവരങ്ങള്‍ തുടങ്ങിയവയെല്ലാം അപ്പോള്‍ത്തന്നെ ഇന്ത്യക്ക് നല്‍കും. ഇന്ത്യക്ക് പുറമേ മറ്റു ചില രാജ്യങ്ങള്‍ക്കും സ്വമേധയാ വിവരങ്ങള്‍ കൈമാറാനുള്ള ധാരണയാണ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യങ്ങള്‍ക്ക് മാത്രമേ വിവരങ്ങള്‍ കൈമാറാവൂ എന്നും സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതല്ല എന്നുമുള്ള വ്യവസ്ഥ ഭേഗദതിയിലുണ്ട്.

നിയമഭേദഗതി പാര്‍ലമെന്റില്‍ പാസായാല്‍ 2019 ജനുവരി മുതല്‍ത്തന്നെ സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here