ചിക്കാഗോ:  ഫോമ    ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാനേയും കമ്മീഷണര്‍മാരെയും നാഷണല്‍ കമ്മറ്റി നിയമിച്ചു.  

 
ഫോമായുടെ പ്രഥമ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജാണ് ചെയര്‍മാന്‍. 2012-14 കാലഘട്ടത്തില്‍ സെക്രട്ടറിയായിരുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസും, 2014-16 വര്‍ഷങ്ങളില്‍ സെക്രട്ടറിയായിരുന്ന ഷാജി എഡ്വേര്‍ഡും കമ്മീഷണര്‍മാരായിരിക്കുമെന്ന് ഫോമാ  പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതാദ്യമായാണ് ഫോമാ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി മുന്‍ സെക്രട്ടറിമാരെ ഇലക്ഷന്‍ ചെയര്‍മാനും കമ്മീഷണര്‍മാരുമായി നിയോഗിച്ചത്. ഇതിന്റെ കാരണം ഫോമാ എന്ന ബൃഹദ്‌സംഘടനയുടെ ഭരണഘടനാപരമായ കാര്യങ്ങളില്‍ പൂര്‍ണബോധവും ഉത്തരവാദിത്വവും അവര്‍ക്ക് ഉള്ളതുകൊണ്ടാണ്. സംഘടനയെ പറ്റിയും കണ്‍വന്‍ഷനുകളെ സംബന്ധിച്ചും അതിന്റെ വരും ഭാരവാഹികളെ അറിഞ്ഞും തീരുമാനമെടുക്കുവാന്‍ ജനാധിപത്യ രീതിയില്‍ ഇലക്ഷന്‍ നടത്തുവാനും ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കുവാനും അറിയുന്നവരായതു കൊണ്ടാണ് മുന്‍കാല സെക്രട്ടറിമാരെ ഈ സുപ്രധാന ഉദ്യമത്തിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. 

ഫോമായുടെ നാഷണല്‍ കണ്‍വന്‍ഷന്‍ 2018ല്‍ ചിക്കാഗോയില്‍ അരങ്ങേറുകയാണ്. 2018 ജൂണ്‍ 21 വ്യാഴാഴ്ച വൈകുന്നേരം ഉദ്ഘാടന സമ്മേളനം നടക്കും. തുടര്‍ന്ന്, അന്നുതന്നെ ജനറല്‍ ബോഡി മീറ്റിംഗിനോടനുബന്ധിച്ച് മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയാണ്. 

വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ 12 മണിവരെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍.
ഫോമാ ഒരു ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ആയി മാറ്റാതിരിക്കുവാന്‍ ആണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാലാകാലങ്ങളിലെ കണ്‍വന്‍ഷനുകള്‍ ഇലക്ഷന്‍ കണ്‍വന്‍ഷന്‍ ആണ് എന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
 
 അതൊഴിവാക്കുവാനാണ് സുതാര്യമായ, ജനാധിപത്യ വ്യവസ്ഥിതിയില്‍ അടിയുറച്ച ഒരു തിരഞ്ഞെടുപ്പ് നടത്തുവാന്‍ അമേരിക്കയിലെ ഈ ജനാധിപത്യ സംഘടന പുതു പരിഷ്‌കാരം ആവിഷ്‌കരിച്ചിരിക്കുന്നത്. 

ഇതിന്റെ ഭാഗമായി കണ്‍വന്‍ഷന്‍ സെന്ററില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട പാനലുകളുടെ ബാനറോ ഫ്‌ളെയറോ അനുവദിക്കുന്നതല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ ഫോമായുടെ ലോഗോ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഓരോ റീജിയണലുകളിലെ നാഷണല്‍ കമ്മറ്റിയിലേക്കും റീജിയണല്‍ വൈസ്പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം റീജിയനുകളിലെ അംഗസംഘടനകളുടെ ഡെലിഗേറ്റുകള്‍ക്കു മാത്രമേ വോട്ടവകാശമുള്ളു. 
 
ബൂത്തിന്റെ സമീപ സ്ഥലങ്ങളില്‍ പ്രചാരണ പരിപാടികളും അനുവദനീയമല്ല. വോട്ടെണ്ണല്‍ അതാതു സമയം അറിയിക്കുന്നതിനു വേണ്ടി ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടി.വി ഉണ്ടായിരിക്കും.

ഫോമായുടെ ഓരോ അംഗസംഘടനകള്‍ക്കും ഏഴ് ഡെലിഗേറ്റുകള്‍ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ അഞ്ച് ഡെലിഗേറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇക്കുറി ഏഴ് ഡെലിഗേറ്റുകള്‍ ഉണ്ട് എന്നുള്ളത് ഫോമാ എന്ന അമേരിക്കന്‍ മലയാളി കൂട്ടായ്മയുടെ വളര്‍ച്ചയുടെയും അംഗീകാരപ്പെരുമയുടെയും ഉദാഹരണമാണെന്ന് ബെന്നി വാച്ചാച്ചിറ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here