ന്യൂയോര്‍ക്ക്: കുടുംബത്തിലെ മൂന്നു തലമുറയില്‍പ്പെട്ടവരുടെ ജന്മദിനം ഒരേ ദിവസം വരിക. അമ്മയുടെയും അമ്മൂമ്മയുടെയും മകളുടെയും ജന്മദിനം ഒരു ദിവസം ആഘോഷിക്കാന്‍ പറ്റുകയെന്നത് എത്ര യാദൃശ്ചികമായിരിക്കും. ഇതാ പ്രിന്‍സ്റ്റണില്‍ നിന്നുമൊരു വാര്‍ത്ത. തെരേസ ഡണ്ണിന്റെ ജന്മദിനമായിരുന്നു നവംബര്‍ 19. അവളുടെ മാത്രമല്ല, അവളുടെ അമ്മയുടെയും ജന്മദിനം അന്നാണ്. എന്നാല്‍ അന്ന് തെരേസ ഒരു കുട്ടിക്ക് ജന്മം നല്‍കുമെന്ന് ആരും കരുതിയില്ല. പക്ഷേ, അപ്രതീക്ഷിതമെന്നേ പറയേണ്ടൂ, പ്രിന്‍സ്റ്റണിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അവര്‍ മിക്കാ ഡണ്‍ എന്ന കുട്ടിക്കു ജന്മം നല്‍കി. അപ്പോള്‍ ലേബര്‍ റൂമിനു പുറത്ത് മിക്കയുടെ മുത്തശ്ശി സ്വന്തം ജന്മദിനത്തിനു പുറമേ, മകളുടെയും ബര്‍ത്ത്‌ഡേ ആഘോഷിക്കനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് ജന്മദിന സമ്മാനമെന്ന പോലെ കുഞ്ഞു പിറന്നത്. എല്ലാം യാദൃശ്ചികം.

ക്ലാര ഗ്രിഗറി എന്ന സ്ത്രീയുടെ ജന്മദിന ദിവസമാണ് അവര്‍ക്ക് തെരേസ എന്ന മകളുണ്ടായത്. ഇപ്പോള്‍ തെരേസയ്ക്കും അവളുടെ ജന്മദിനം തന്നെ മിക്ക എന്ന മകളുണ്ടായിരിക്കുന്നു. ജന്മദിന സമ്മാനം എന്നൊക്കെ പറയുന്നത് ഇതാണ്… ഡിസംബറിലായിരുന്നു തെരേസയ്ക്ക് ഡോക്ടര്‍മാര്‍ ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി അവരുടെ ബിപിയില്‍ വന്ന മാറ്റമാണ് ഉടനടി കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിതരാക്കിയത്. അതോടെ, മൂന്നു തലമുറയില്‍പ്പെട്ടവരുടെയും ജന്മദിനം ഒരേ ദിവസമായി… ക്ലാരയ്ക്ക് ഇപ്പോള്‍ 67 വയസ്സു കഴിഞ്ഞു, അവരുടെ മകള്‍ തെരേസ്സയ്ക്ക് 31 വയസ്സും. സൗത്ത് കരോളിന സ്വദേശിയായിരുന്ന ക്ലാര ന്യൂജേഴ്‌സിയിലേക്ക് വന്നതു തന്നെ പ്രസവത്തോടനുബന്ധിച്ചായിരുന്നു. ട്രന്റണിലെ സെന്റ് ഫ്രാന്‍സിസ് മെഡിക്കല്‍ സെന്ററിലായിരുന്നു ക്ലാരയുടെ പ്രസവം.

LEAVE A REPLY

Please enter your comment!
Please enter your name here