ന്യൂജേഴ്‌സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് നടത്തിവരുന്ന ക്രിസ്മസ് കരോൾ ഈ വർഷവും  സോമർസെറ്റ് സെൻറ് തോമസ്‌ സീറോ മലബാര്‍ കാത്തോലിക്  ഫൊറോനാ ദേവാലയം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.

 

 

വാര്‍ഡ്‌ തിരിച്ചു നടത്തിയ ക്രിസ്‌തുമസ്‌ കരോളിംഗിന് വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ചുമലിലെ സഞ്ചിയിൽ സമ്മാനങ്ങളുമായി ക്രിസ്മസ്‌ പാപ്പായും ഗായക സംഘത്തെ അനുഗമിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്‌, ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി ക്രിസ്‌തുമസ്‌ ഗാനാലാപനത്തോടെയാണ്‌ സമാപിച്ചത്‌.

 

വികാരി അച്ചനും  ഇടവകാംഗങ്ങളോടൊപ്പം  കരോളിംഗില്‍ പങ്കെടുത്തു.ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം നാമോരുത്തരിലും നിറയ്‌ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന്‌ വികാരി ഫാ. ലിഗോറി  ജോൺസൻ ഫിലിപ്സ് ആശംസാ സന്ദേശത്തിൽ പറഞ്ഞു.

 

ക്രിസ്‌മസ്‌ പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. കരോൾ സർവീസിന്റെ ഭാഗമായി ഉണ്ണി ഈശോയെ വരവേൽക്കാൻ എല്ലാം വീടുകളിലും  ക്രിസ്മസ് ട്രീയും,  മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു. 

 

എട്ടു വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250 -ല്‍പ്പരം കുടുംബങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകരായ ജോർജ് ചെറിയാൻ, ജോബിൻ  കല്ലാച്ചേരിൽ  എന്നിവര്‍ അറിയിച്ചു.

 

ബിജോ ജോസഫ്  (സെൻറ് അൽഫോൻസാ വാര്‍ഡ്‌), അനീഷ് ജോർജ് (സെൻറ്  ആൻ്റണി വാർഡ്), ജിജി ജോസ് ( സെൻറ്  ജോർജ്  വാർഡ് ), സാബിൻ മാത്യു (സെൻറ്‌ ജോസഫ് വാർഡ്), ചാക്കോ നഞ്ചനാട്ട് (സെൻറ്‌  ജൂഡ് വാർഡ്), രേഖാ ജോൺ (സെൻറ്‌  മേരിസ്  വാർഡ്), സോജിമോൻ ജെയിംസ് (സെൻറ്‌ പോൾ വാർഡ് ), ജസ്റ്റിൻ ജോസഫ് (സെൻറ്‌ തെരേസ ഓഫ് കൽക്കത്ത വാർഡ് ), അനോയ് ആൻ്റണി (സെൻറ്‌  തോമസ് വാർഡ്) എന്നിവരാണ്  വാര്‍ഡ്‌ പ്രതിനിധികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here