കൊച്ചി:ക്രിസ്മസിന് കേരളത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്‌റേജസ് കോര്‍പ്പറേഷന്‍ വഴി കേരളം വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു കോടി രൂപയുടെ മദ്യവും ക്രിസ്മസ് ദിവസം 11.34 കോടി രൂപയുടെ മദ്യവും കേരളം അധികമായി വിറ്റു.

കേരളത്തിലെ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ക്രിസ്മസായിരുന്നു ഇത്. ബാറുകളില്‍ വിറ്റ കണക്കുകള്‍ കൂട്ടാതെ ബെവ്‌റേജസ് കോര്‍പ്പറേഷനില്‍നിന്ന് മാത്രമുള്ള കണക്കുകളാണിത്. കഴിഞ്ഞ വര്‍ഷം 76.13 കോടി രൂപയായിരുന്ന മദ്യ വില്‍പ്പനയാണ് ഇത്തവണ 87 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുന്നത്.
കേരളത്തിലെ ബെവ്‌റേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ഏറ്റവും അധികം മദ്യം വിറ്റത് തിരുവല്ലയിലെ വളഞ്ഞവട്ടം ഔട്ട്‌ലെറ്റിലാണ്. 52.03 ലക്ഷം രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലൈറ്റില്‍നിന്ന് ഒറ്റദിവസം കൊണ്ടു വിറ്റു തീര്‍ത്തത്. ക്രിസ്മസിന് മുന്‍പുള്ള മൂന്ന് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 313.63 കോടി രൂപയുടെ മദ്യമാണ് വിറ്റതെന്ന് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here