കാലത്തിന്‍റെ ഈടു വെയ്പില്‍ ഒരു സംവത്സരം കൂടി ഇതള്‍ കൊഴിച്ചു. പുതിയൊരെണ്ണത്തിന് നാമ്പു മുളയ്ക്കുന്നു. ഹിമകണങ്ങള്‍ വകഞ്ഞുമാറ്റി, കുളിരണിഞ്ഞു കടന്നുവരുന്ന പുതുവര്‍ഷം സമസ്ത മാനവരാശിക്കും നന്മയുടേയും വിജയത്തിന്‍റേയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റേതുമായിരിക്കട്ടേയെന്ന് ആശംസിക്കുന്നു.
ആധുനിക മാനവരാശിയുടെ വളര്‍ച്ച റോക്കറ്റിനെ വെല്ലുന്നതാണ്. മുന്നിലുള്ള പ്രതിബന്ധങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറാനുള്ള വ്യഗ്രതയില്‍ മാനവിക മൂല്യങ്ങള്‍ക്കു വില കല്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് 2018-ന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ ന്യൂനത. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും അംഗീകരിക്കാനും മടിക്കുന്ന നാം, എല്ലാവരേയും എല്ലാത്തിനേയും സംശയത്തിന്‍റെ കണ്ണിലൂടെ മാത്രമാണ് നോക്കിക്കാണുന്നത്. സ്നേഹവും കാരുണ്യവും പകയ്ക്കും വിദ്വേഷത്തിനും വഴി മാറുന്നു. ജീവിതത്തേക്കാള്‍ മരണത്തിനു പ്രാമുഖ്യം ലഭിക്കുന്നു. സൃഷ്ടിക്കപ്പെടുന്നതിനേക്കാള്‍ തകര്‍ക്കപ്പെടുന്നതിനു മുന്‍തൂക്കം ലഭിക്കുന്നു. കലുഷിതമായ ഈ അന്തരീക്ഷം മാനവരാശിയുടെ വളര്‍ച്ചയുടേതു തന്നെയോ എന്നു ശാന്തമായി ചിന്തിക്കണം.
പോയ വര്‍ഷം ലോകത്ത് ശാന്തിയേക്കാളധികം പുലര്‍ന്നത് അശാന്തിയായിരുന്നു. സമാധാനത്തേക്കാള്‍ മുന്നിട്ടു നിന്നത് സംഘര്‍ഷങ്ങളായിരുന്നു. നിരപരാധികളായ ലക്ഷോപലക്ഷം അമ്മമാരും കുഞ്ഞുങ്ങളും വൃദ്ധരും ആയോധനമത്സരത്തിന്‍റെ ബലിയാടുകളായി. വിശ്വാസത്തിന്‍റെ പേരില്‍ കൂട്ടക്കുരുതികളും ഭീകരാക്രമണങ്ങളും ലോകത്ത് പെരുകി. യുദ്ധക്കെടുതികളുടെ കണക്കെടുപ്പ് ഒരിക്കലും പൂര്‍ത്തിയാവുന്നില്ല. ഐഎസ് എന്ന പേരില്‍ ലോകജനതയ്ക്ക് ഭീഷണിയായി വളര്‍ന്ന ഭീകര സംഘടനയെ ഉന്മൂലനം ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങളടക്കം ലോകത്തെ ഒട്ടെല്ലാ രാജ്യങ്ങളും ഒരുമിച്ച് നിന്ന് പോരാടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അറിഞ്ഞും അറിയാതെയും അതില്‍ പെട്ടുപോയ ഹതഭാഗ്യരായ ചെറുപ്പക്കാരുടെ ദുരന്തങ്ങളും ദുരനുഭവങ്ങളും നാമെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞു. കൊല്ലാനും മരിക്കാനും മാത്രം അതിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന ഞെട്ടിക്കുന്ന സത്യവും നാമറിഞ്ഞു. 
ആയുധത്തിന്‍റേയും അഹന്തയുടേയും കണക്കെടുക്കുന്നവര്‍ കാണാതെ പോകുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ലോകത്താകമാനമുള്ള 7.3 ബില്യണ്‍ ജനസംഖ്യയില്‍ 795 ദശലക്ഷം ആളുകള്‍ അല്ലെങ്കില്‍ ഒന്‍പതു പേരില്‍ ഒരാള്‍ സ്ഥിരമായി പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. അതില്‍ 780 ദശലക്ഷം പേര്‍ വികസ്വര രാജ്യങ്ങളില്‍ ജീവിക്കുന്നവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത് 12.9 ശതമാനം, അല്ലെങ്കില്‍ എട്ടു പേരില്‍ ഒരാള്‍. ആഗോളതലത്തില്‍ 2.6 ദശലക്ഷം കുട്ടികള്‍ 2016-ലെ ആദ്യ മാസത്തില്‍ മരണമടഞ്ഞു. ദിവസത്തില്‍ ഏകദേശം 7000 നവജാതശിശുക്കള്‍ മരിക്കുന്നു. ഇതില്‍ 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ 46 ശതമാനമാണിത്. 
ഇങ്ങനെ ആഹാരം കിട്ടാതെയും പോഷകാഹാരക്കുറവുമൂലവും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോഴാണ് സമ്പത്തും അഹന്തയും ആയുധത്തിന്‍റെ രൂപത്തിലെത്തി നിരപരാധികളുടെ ചോര കുടിച്ചു മദിക്കുന്നത്.
വിദ്വേഷത്തിന്‍റെ വിഷബീജങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ബാധ്യത മാനവകുലത്തിനു മൊത്തത്തിലുള്ളതാണ്. സ്വയം വിദ്വേഷത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും മറ്റുള്ളവരെ അകറ്റി നിര്‍ത്തുകയും ചെയ്യുകയാണ് ലോക സമാധാനത്തിനുള്ള ഏക വഴി. സഹോദരന്‍റെ ചോരയില്‍ കണ്ണു വെയ്ക്കുന്നതിനു പകരം അവന്‍റെ വിശപ്പിന്‍റെ ആഴം കുറയ്ക്കാന്‍ ആവുന്നതു ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാന്‍ ഈ പുതുവര്‍ഷപ്പുലരിയില്‍ നമുക്ക് കഴിഞ്ഞെങ്കില്‍. ലോകത്തിന് ആര്‍ഷഭാരതത്തിന്‍റെ എക്കാലത്തേയും മഹത്തായ സംഭാവനയായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാഗാന്ധിയുടെ വീക്ഷണത്തിന് ഓരോ പുതുവര്‍ഷപ്പുലരിയിലും പ്രസക്തിയുണ്ട്. സമാധാനത്തോടും സഹവര്‍ത്തിത്തത്തോടും പരസ്പരം പങ്കുവെയ്ക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലുള്ള എല്ലാവരേയും തീറ്റിപ്പോറ്റാനുള്ള വക ചെറുതെങ്കിലും നമ്മുടെ ഭൂമിയിലുണ്ട്. പക്ഷെ, നമുക്കില്ലാതെ പോകുന്നത് സമാധാനവും സഹവര്‍ത്തിത്തവുമാണ്. അതുതന്നെയാണ് ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധവും.
ദൈവത്തിന്‍റെ സ്വന്തം നാടെന്നു പുകള്‍പെറ്റ നമ്മുടെ കൊച്ചു കേരളം എക്കാലവും ശാന്തിയുടേയും സമാധാനത്തിന്‍റേയും സന്ദേശവാഹകയാണ്. എന്നാല്‍, ആ പുണ്യഭൂമിയിലും അശാന്തിയുടെ ലാഞ്ഛനകളുണ്ടാകുന്നു എന്ന ആശങ്ക സമീപകാലത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കേരളത്തിന്‍റെ മണ്ണില്‍ തീവ്രവാദം വളര്‍ത്താന്‍ വിദേശത്തുള്ള ഭീകര സംഘടനകളില്‍ ചേരാന്‍ പോയത് അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളാണെന്ന ഞെട്ടിക്കുന്ന സത്യം അശാന്തിയുടേയും അസമാധാനത്തിന്‍റേയും പാത പിന്തുടരാനുള്ള യുവാക്കളുടെ ത്വരയേയാണ് സൂചിപ്പിക്കുന്നത്. അവരെ തിരുത്തി നേര്‍വഴിക്ക് നടത്തേണ്ടത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. ആരെങ്കിലും അറിവില്ലായ്മകൊണ്ട് അത്തരം ബന്ധങ്ങളില്‍ ചെന്നു ചാടുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണ്. അവരെ കണ്ടെത്തി നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരേണ്ടതും, പുനരധിവാസത്തിലൂടെ പൊതുസമൂഹത്തിന്‍റെ ഭാഗമാക്കേണ്ടതും സര്‍ക്കാരിന്‍റെ ചുമതലയുമാണ്. ഇത്തരമൊരു ചിന്തയ്ക്കുപോലും ഇടമില്ലെന്ന് പ്രതിജ്ഞയെടുക്കാനും, സമൂഹത്തെ ബോധ്യപ്പെടുത്താനുമുള്ള അവസരം കൂടിയാണ് മലയാളികളുടെ പുതുവര്‍ഷം. 
സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും കാരുണ്യത്തിന്‍റേയും സനാതനമായ മാനവിക മൂല്യങ്ങളുടെയും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാമെന്ന് ഈ പുതുവര്‍ഷപ്പുലരിയില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. നമ്മുടെ മനസ്സുകളില്‍ പകയ്ക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് ഉറപ്പാക്കാം.
എല്ലാവര്‍ക്കും നന്മകള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here