കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ആദ്യ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്ന് ദിലീപ് പരാതിപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്നാണ് ദിലീപിന്റെ പുതിയ വാദം. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും പൊലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിനു വിപരീതമാണ്. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദത്തെപ്പറ്റിയും ദിലീപ് പരാതിപ്പെടുന്നു. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചില സമയങ്ങളില്‍ ഈ സ്ത്രീശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ചില നിര്‍ദേശങ്ങളാണ് സ്ത്രീ നല്‍കുന്നത്.

ഈ കുറ്റപത്രം നിരസിക്കണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നത്. ഇതു പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു.തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിന്റെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ട് പോലും മറച്ചുവെച്ചതായും ദിലീപ് ആരോപിക്കുന്നു.കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി കോടതി ഇന്നു വിധി പറഞ്ഞേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here