തിരുവനന്തപുരം: ബാര്‍കോഴക്കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സിന്റെ തീരുമാനം പുതിയ രാഷ്ട്രീയനീക്കങ്ങള്‍ക്ക് വഴിതെളിക്കും. കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള സി.പി.എമ്മിന്റെ നീക്കത്തിന് ഇതോടെ ഊര്‍ജം ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.ഐയുടെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത്.

കെ.എം.മാണിയെ ഇടതുമുന്നണിയിലേക്ക് എത്തിക്കുന്നതിനുള്ള സി.പി.എമ്മിന്റെ ആഗ്രഹത്തിന് തടസം ബാര്‍കോഴകേസ് ആയിരുന്നു. തെളിവില്ലാത്ത കേസ് അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചതോടെ ഈ തടസം നീങ്ങുകയാണ്. ഇനി കോടതിയുടെ അന്തിമതീരുമാനം കൂടിവന്നാല്‍ രാഷ്ട്രീയനീക്കങ്ങള്‍ക്ക് വേഗമേറും. അതിനാല്‍ ഈഘട്ടത്തില്‍ ഒരു പ്രതികരണത്തിനും കെ.എം.മാണി തയ്യാറല്ല.

ജെ.ഡി.യുവിന് പിന്നാലെ മാണിയും എത്തുന്നതോടെ ഇടതുമുന്നണി ശക്തമാകും എന്നാണ് സി.പി.എം നിലപാട്. എന്നാല്‍ മാണിയെകൂടി എത്തിച്ച് മധ്യകേരളത്തില്‍ സ്വാധീനമുറപ്പിക്കാമെന്ന സി.പി.എം വാദത്തെ സി.പി.ഐ അനുകൂലിക്കുന്നില്ല. കേസ് അവസാനിച്ചാലും കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് മാണിക്കെതിരെ നടത്തിയ സമരങ്ങള്‍ പെട്ടന്ന് മറക്കാന്‍ സാധിക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. ബാര്‍ കോഴകേസില്‍ കോടതി തീരുമാനം വന്നതിനുശേഷം പ്രതികരിക്കാമെന്നാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

ഇതേസമയം മാണിക്കനുകൂലമായി സ്വീകരിച്ച നിലപാടിനുള്ള അംഗീകാരമായിട്ടാണ് കോണ്‍ഗ്രസ് വിജിലന്‍സ് റിപ്പോര്‍ട്ടിനെ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here