വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ വിഷയത്തില്‍ റഷ്യയെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യാന്തര ഉപരോധങ്ങള്‍ മറികടക്കാന്‍ ഉത്തരകൊറിയയെ സഹായിക്കുന്നത് റഷ്യയാണെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക് കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തന്റെ സൗഹൃദരാഷ്ട്രമായ റഷ്യയോടുള്ള നീരസം വ്യക്തമാക്കുന്നതായിരുന്നു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്റെ പ്രതികരണം. ചൈനയുടെ പാത പിന്തുടരുകയാണ് റഷ്യ. ചൈന പിന്‍വാങ്ങുന്ന സ്ഥലത്തൊക്കെ സഹായവുമായി റഷ്യ എത്തുകയാണ്. ഇത് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കടക്കം കരുത്തുപകരും. ട്രംപിനു മുന്നിലുള്ള വലിയ വെല്ലുവിളിയായി ഉത്തരകൊറിയ നില്‍ക്കുന്ന സാഹചര്യത്തില്‍ കിം ജോങ് ഉന്നുമായുള്ള ചര്‍ച്ചകള്‍ ഫലം കാണുമോയെന്ന് ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. പ്രശ്‌നം തീര്‍ക്കാന്‍ ചര്‍ച്ചകള്‍ക്ക് തയാറാണെങ്കിലും ഉടന്‍ സമവായമുണ്ടാകുമെന്ന് പ്രതീക്ഷയില്ല.
ഇക്കാര്യത്തില്‍ ബറാക്ക് ഒബാമയും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റണും അടക്കമുള്ള തന്റെ മുന്‍ഗാമികളുടെ ശ്രമങ്ങളും പരാജയമായിരുന്നു. ഉത്തരകൊറിയയ്ക്കുള്ള എണ്ണ, കല്‍ക്കരി വിതരണത്തില്‍ നിയന്ത്രണം വരുത്തിയതിന് ചൈനയെ ട്രംപ് അഭിനന്ദിച്ചു. എന്നിരുന്നാലും ചൈനയ്ക്ക് ഇക്കാര്യത്തില്‍ ഇനിയും കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. ശീതകാല ഒളിംപ്കിസിനു മുന്നോടിയായി ഇരു കൊറിയകളും നടത്തുന്ന ചര്‍ച്ചകളെ ട്രംപ് സ്വാഗതം ചെയ്തു. പ്രശ്‌നപരിഹാരത്തിനുളള ആദ്യഘട്ടമെന്ന നിലയില്‍ ഇത് വളരെ സഹായകരമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പുതിയ ഉപരോധങ്ങളില്‍ ചൈനയും റഷ്യയും ഒപ്പു വച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയോട് അമേരിക്കയിലെ റഷ്യന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here