കുമ്പനാട്: മനുഷ്യൻ ദൈവത്തിലേക്ക് നോക്കുന്നത് എഴുത്തുകളിലൂടെയാണെന്നും ദൈവത്തെക്കുറിച്ച് എഴുതുന്നതാണ് എഴുത്തുകാരന്റെ ദൗത്യമെന്നും ഡോ.ഡി. ബാബുപോൾ. 

ജനുവരി 19ന് കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ ഗ്ലോബൽ മീറ്റിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എഴുത്തു പോലെ തന്നെ എഴുത്തുകാരനും പ്രാധാന്യമുണ്ട്. എഴുത്തുകാരന്റെ ജീവിതവും വായിക്കപ്പെടുന്നുണ്ട്. മൺചിരാതുകളിൽ സ്വച്ഛജഡമാംസം നൽകുന്നവനാണ് ദൈവം. എഴുത്തുകാരന്റെയും ദൗത്യം ഇതുതന്നെയാവണം.

മലയാള ഭാഷയ്ക്ക് ക്രൈസ്തവ മിഷണറിമാരുടെ സംഭാവന ആർക്കും നിഷേധിക്കാനാവില്ല. വില്യം കേറി, ഹെർമൻ ഗുണ്ടർട്ട്, അർണോസ് പാതിരി എന്നിവർ ഇന്ത്യൻ ഭാഷകൾക്കു വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവെച്ചവരാണ്.

ക്രൈസ്തവ സമൂഹം സാഹിത്യത്തിന് വലിയ പ്രാധാന്യം നൽകാതിരിക്കുന്നത് ഒരു പ്രശ്നമാണെന്ന് സഭകൾക്ക് ബോധ്യമുണ്ടാവണം.ഈയവസരത്തിൽ ഇന്ത്യൻ പെന്തെക്കോസ്തു സഭ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബൽ മീറ്റ് സംഘടിപ്പിച്ചത് എഴുത്തുകാരെ വളർത്തുന്നതിലെ ക്രൈസ്തവ  സഭാ ദൗത്യത്തിന്റെ ഭാഗമാണ്.എഴുത്തുകാരൻ ദൈവത്തിന് വേണ്ടി എഴുതണം.ഗദ്യത്തിന് നല്ല ഭാഷയുണ്ടാകണം.ഭാഷയ്ക്ക് മാറ്റം വന്നെങ്കിലും ബൈബിളിന് മാറ്റമില്ല.ജീവിതത്തെ  ക്രമീകരിക്കുന്നതും കൂടിയാണ് എഴുത്ത്.അദ്ദേഹം പറഞ്ഞു.ഗ്ലോബൽ മീറ്റിന്റെ ചെയർമാൻ സി.വി.മാത്യു അദ്ധ്യക്ഷനായിരുന്നു.

ഐ.പി.സി.ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു.നല്ലതും ചീത്തയുമായ വാർത്തകൾ ലേഖകന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ആമുഖ പ്രഭാഷണം നടത്തി.ദീർഘകാലത്തെ മികച്ച മാധ്യമ പ്രവർത്തനം നടത്തിയ ഐ.പി.സിയിലെ സീനിയർ എഴുത്തുകാർക്കുള്ള പുരസ്കാരവും പ്രശസ്തിപത്രവും ഡോ.കെ.സി.ജോൺ, ബ്രദർ ജോർജ് മത്തായി സി.പി.എ എന്നിവർക്കു ഡോ.ഡി. ബാബുപോൾ നല്കി. 

പുരസ്കാരം നേടിയവരെ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ പരിചയപ്പെടുത്തി.പാസ്റ്റർ ഷിബു നെടുവേലിൽ ആശംസാ പ്രസംഗം നടത്തി.പാസ്റ്റർമാരായ കെ.സി.തോമസ്, രാജു പൂവക്കാല, സി.സി.ഏബ്രഹാം, വിൽസൺ ജോസഫ്, ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവരും പങ്കെടുത്തു.ഫിന്നി പി മാത്യു സ്വാഗതവും സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here