ന്യൂയോര്‍ക്ക്: ഡ്രൈവറുകളില്ലാത്ത വാഹനവുമായി ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ പരീക്ഷണങ്ങളുമായി മുന്നേറുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ജനറല്‍ മോട്ടോഴ്‌സ് രംഗത്ത്. സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാതെ പുതിയ വാഹനം നിരത്തിലിറക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും തങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് നൂറില്‍ നൂറു മാര്‍ക്കും ലഭിച്ചിരിക്കുന്നുവെന്നുമാണ് അവരുടെ അവകാശവാദം. 

 
 പുതിയ തലമുറയില്‍പ്പെട്ട വാഹനവിപണിയിലേക്ക് ഫുള്‍ ഓട്ടോമേഷന്‍ ടെക്‌നോളജിയുമായാണ് ജനറല്‍ മോട്ടോഴ്‌സ് എത്തുന്നത്. പുതിയ ക്രൂസ് എവി വിഭാഗത്തില്‍പ്പെട്ട ഷെവര്‍ലെ ബോള്‍ട്ട് ഇവി എന്ന വാഹനത്തില്‍ വെറുതെ കയറി ഇരുന്നാല്‍ മതി. ബ്രേക്ക് ഇല്ല, ആക്‌സിലേറ്റര്‍ ഇല്ല, സ്റ്റിയറിങ്ങ് ഇല്ല. വണ്ടി തനിയേ നീങ്ങിക്കൊള്ളും. എവിടേക്ക് പോകണം എന്നതു സംബന്ധിച്ച് വാഹനത്തിനുള്ളിലെ മാപ്പില്‍ രേഖപ്പെടുത്തിയാല്‍ മതി. എത്ര വേഗത്തില്‍ പോകണമെന്നും എത്ര സമയം കൊണ്ട് എത്തണമെന്നും അറിയിച്ചാല്‍ കൃത്യമായി വാഹനം അപകടമേതും കൂടാതെ ലക്ഷ്യസ്ഥാനത്ത് വാഹനത്തിലുള്ളവരെ എത്തിക്കും. 

ഇത്തരത്തില്‍ ലോകത്തില്‍ ആദ്യത്തെ ‘പ്രൊഡക്ഷന്‍ റെഡി’ വാഹനങ്ങളാണ് ജനറല്‍ മോട്ടേഴ്‌സ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച സുരക്ഷാമാനദണ്ഡങ്ങളുമായി മുന്നോട്ടു പോകാനായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിനു ജിഎം കത്തു നല്‍കി. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെയും ഫീനിക്‌സിലെയും തിരക്കേറിയ നഗരത്തില്‍ ഈ ഓട്ടോമേഷന്‍ കാറിന്റെ മാസങ്ങള്‍ നീണ്ട പരീക്ഷണ ഓട്ടം അവസാനിച്ചതിനു പിന്നാലെയാണ് ജനറല്‍ മോട്ടോഴ്‌സ് ഇതു വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. 
 
ലേസര്‍ സെന്‍സര്‍, ക്യാമറ, റഡാര്‍ എന്നിവയെ വാഹനത്തിനുള്ളിലെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കാറിന്റെ ഓട്ടം നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനു വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മാപ്പിങ് ടെക്‌നോളജിയുടെ സഹായത്തോടെയാണ് കാറിന്റെ സഞ്ചാരം. അടുത്ത വര്‍ഷത്തോടെ ഇത്തരത്തില്‍പ്പെട്ട കൂടുതല്‍ കാറുകള്‍ അമേരിക്കന്‍ നിരത്തുകള്‍ കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here