ന്യൂഡല്‍ഹി: 1000, 500 ആയിരം രൂപകളുടെ നോട്ട് നിരോധിച്ച് 15 മാസം പിന്നിട്ടിട്ടും പഴയ നോട്ടുകളുടെ കണക്ക് തയ്യാറായിട്ടില്ലെന്ന് ആര്‍.ബി.ഐ. തിരിച്ചുവന്ന നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും പരിശുദ്ധി നോക്കുകയാണെന്നുമാണ് ആര്‍.ബി.ഐയുടെ വിശദീകരണം.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ ലേഖകന്‍ സമര്‍പ്പിച്ച വിവരാവകാശ ഹരജിക്ക് മറുപടിയായാണ് ആര്‍.ബി.ഐയുടെ മറുപടി. നോട്ടുകള്‍ എണ്ണിത്തീര്‍ന്ന ഉടനെ വിവരങ്ങള്‍ നല്‍കുമെന്നും മറുപടിയില്‍ പറയുന്നു.

2017 ജൂണ്‍ 30 വരെയായി 15.28 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചുലഭിച്ചെന്നും എണ്ണിക്കഴിയുമ്പോള്‍ ഈ കണക്ക് മാറാന്‍ സാധ്യതയുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്.

എപ്പോഴാണ് എണ്ണിത്തീരുകയെന്ന ചോദ്യത്തിന്, വേഗത്തില്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് നല്‍കിയത്. ഇതിനായി 59 അത്യാധുനിക മെഷീനുകളാണ് ഉപയോഗിക്കുന്നത്. പുറമെ, ബാങ്കുകളില്‍ നിന്ന് എട്ടു മെഷീനുകളും ഏഴു മെഷീനുകള്‍ പാട്ടത്തിനും എടുത്തിട്ടുണ്ട്.

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയത്. കള്ളനോട്ടുകള്‍ കണ്ടെത്താനും കള്ളപ്പണം പിടിക്കാനും വേണ്ടിയാണ് നോട്ട് നിരോധനം എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പിന്നീട് ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാരോ ആര്‍.ബി.ഐയോ നല്‍കിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here