സാമുവൽ കൂടൽ

ഓർത്തോഡോക്സ് – യാക്കോബായക്കാരെ നോക്ക്. രണ്ടുപേരും നേരിൽ കണ്ടാൽ അപ്പൊ കെട്ടിപ്പിടിച്ചു ഉമ്മവയ്ക്കും. അത്ര സ്നേഹമാണ്. ഒരു കൂട്ടരെ സിറിയൻ ഓർത്തഡോക്സ് എന്നും മറ്റേ കൂട്ടരെ ഓർത്തഡോസ് സിറിയൻ എന്നും വിളിക്കുമെങ്കിലും രണ്ടു കൂട്ടരെയും പൊതുവെ യാക്കോബായക്കാർ എന്നാണ് അറിയപ്പെടുന്നത്. യാക്കോബായക്കാരൻ പരുമല പോയി മാമോദീസാ മുക്കും കുർബ്ബാന അനുഭവിക്കും. ഓർത്തഡോസുകാർ മഞ്ഞനിക്കരയും മണർകാടും പോയി മാമോദീസ മുക്കും കുർബ്ബാന അനുഭവിക്കും. ഒരു കൂട്ടര് പരുമലയ്ക്ക് വെയിലും കൊണ്ട് നടക്കുമ്പോ മറ്റേ കൂട്ടർ മഞ്ഞനിക്കരയിലോട്ട് വച്ചുപിടിക്കും. ഇവർ രണ്ടും മലയാറ്റൂർ പോകും പക്ഷെ സുറിയാനി കത്തോലിക്കക്കാരെ കണ്ടാൽ മിണ്ടുകയില്ല.

യാക്കോബായ സഭയിൽ നിന്നും പിരിഞ്ഞു പോയ മാർതോമാക്കാരുടെ മാരാമൺ ഉൾപ്പെടെയുള്ള വേദി പങ്കിടാനും ക്രിസോസ്റ്റം തിരുമേനിയെ വിളിച്ച് പള്ളിയിൽ പ്രസംഗിപ്പിക്കാനും മടിയില്ല.

മാർതോമായിൽ നിന്ന് ചാടിപ്പോയ കെ.പി.യോഹന്നാൻ മാരാമൺ വന്നു മെത്രാപ്പോലീത്താമാരോടൊപ്പം വേദിയിൽ ഇരിക്കുന്നതിനും കെ.പി.യോഹന്നാൻ വിവാഹിതനായ സ്വന്തം മകനെ മെത്രാപ്പോലീത്താ ആക്കിയപ്പോഴും മാർതോമാ മെത്രാപ്പോലീത്താ പോയതിനും ആർക്കും എതിരില്ല.

മാരാമൺ കൺവൻഷൻ പാട്ടുകൾ എഴുതി ട്യൂണിടുന്നത് വിൽസൻ ചേന്നനാട്ടിലിനെപ്പോലുള്ള പെന്തക്കോസുകാരാണ്. പന്തലിൽ ഓർക്കസ്ട്രാ വായിക്കുന്നവരിൽ ചിലരും പെന്തക്കോസ്കാരാണ്. വലിയ പ്രസംഗങ്ങൾ പലതും വിദേശികളായ പെന്തക്കോസ്കാരാണ് മാരാമണ്ണിൽ പ്രസംഗിക്കുന്നത്.

ഈ സഭക്കാരെല്ലാരും കൂടി ഒന്നിച്ചു ലത്തീൻ പള്ളിയായ വേളാങ്കണ്ണിയിൽ ചെല്ലും. പക്ഷെ പൗരസ്ത്യർ എന്ന് അഭിമാനിച്ചു നിന്നു ലത്തീൻകാരെ കണ്ടാൽ ഓടിക്കും. എന്നാൽ ഈ ലത്തീൻകാരുൾപ്പെടെ ഇവരെല്ലാരും കൂടെ പെന്തകൊസ്തുകാരെ മടല് വെട്ടിയടിക്കും. എന്താണെന്നൊ കാരണം. ഈ പെന്തകൊസ്തുകാര് ഒരു മണികൂർ പ്രാർത്ഥനാ യോഗം ഉണ്ടെങ്കിൽ അതിൽ മുക്കാൽ മണിക്കൂർ സമയവും ചെലവാക്കുന്നത് ഈ മേൽപ്പറഞ്ഞ കക്ഷികളെ എല്ലാം ട്രോളി കളിയാക്കി വശം കെടുത്താനാണ്.

ഇനി ക്നാനായക്കാരാണെങ്കിലോ അവർ ഇസ്രായേൽ രക്തശുദ്ധി നഷ്ടപ്പെടും എന്നും പറഞ്ഞു അവരുടെ ഗ്രൂപ്പിലെ അല്ലാതെ ഏതു കൊലകൊമ്പനായാലും യാതൊരു സഹകരണവും കാണിക്കില്ല. യാക്കോബായക്കാരുടാണ് സഹകരണം. എന്നിട്ടോ എല്ലാവരും നെഞ്ചത്തടിച്ചു നിലവിളിച്ചു പ്രാർഥിക്കുന്നതോ കർത്താവേ! ചിതറിക്കിടക്കുന്ന നിന്റെ സഭയെ ഒന്നിപ്പിക്കണമേ. ഒരു ഇടയനും ഒരു തൊഴുത്തും ആക്കണമേ എന്ന്.

ആരാധിക്കുന്നതോ സ്നേഹം, ത്യാഗം, സേവനം, സഹനം എന്നിവ പ്രഘോഷിച്ച ക്രിസ്തുവിനെപ്പറ്റിയും.
വല്ലാത്ത കോമഡി തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here