ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ാം തീയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ക്നാനായ സെന്‍ററില്‍ വച്ച് പേത്രത്ത 2018 ഉം, ക്നാനായ സമുദായത്തില്‍നിന്ന് മണ്‍മറഞ്ഞുപോയ അഭിവന്ദ്യ പിതാക്കന്മാരുടെ ഓര്‍മ്മാചരണവും സംയുക്തമായി ആചരിച്ചു. കോട്ടയം അതിരൂപതയില്‍നിന്നും മണ്‍മറഞ്ഞുപോയ ദൈവദാസന്‍ മാര്‍ മാത്യു മാക്കിയില്‍, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നീ പിതാക്കന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും റവ. ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ബോബന്‍ വട്ടംപുറം എന്നിവര്‍ നേതൃത്വം നല്‍കുകയുണ്ടായി. തുടര്‍ന്ന് കെ.സി.എസ്. പ്രസിഡന്‍റ് ബിനു പൂത്തുറയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് പേത്രത്ത 2018 ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പേത്രത്ത ആഘോഷങ്ങളോടുകൂടി വലിയനോമ്പിലേക്ക് പ്രവേശിക്കുന്ന ചിക്കാഗോയിലെ ക്നാനായ മക്കള്‍ക്ക് നോമ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ച് റവ. ഫാ. ബോബന്‍ വട്ടംപുറം ക്ലാസ്സെടുത്തു. കത്തോലിക്കരായ നമ്മള്‍ നോമ്പുകാലത്ത് പ്രത്യേക തരത്തിലുള്ള ജീവിതചര്യകള്‍ കാത്തുസൂക്ഷിക്കണമെന്ന് ബോബന്‍ വട്ടംപുറം ക്നാനായ ജനതയെ ഉത്ബോധിപ്പിച്ചു. വ്യത്യസ്തമായ ചിന്തകളാലും, പരിപാടികളാലും ശ്രദ്ധേയമായ ചിക്കാഗോ കെ.സി.എസിന്‍റെ നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കുകയും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയുമുണ്ടായി. ക്നാനായ സമുദായത്തിന്‍റെ പുരാതന ഭക്ഷണമായ പിടിയും കോഴിയും ഉള്‍പ്പെട്ട സ്നേഹവിരുന്ന് എല്ലാവരിലും സന്തോഷം പരത്തി. ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, പേത്രത്താ കണ്‍വീനര്‍ സന്‍ജു പുളിക്കത്തൊട്ടിയില്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ക്രമീകരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here